ADVERTISEMENT

ചോദ്യം: 29 വയസ്സുള്ള എന്നെ രാത്രി നടന്നു പോകുമ്പോൾ ഒരു പാമ്പു കടിക്കാനിടയായി. കാലിലാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ ചികിത്സയിലൂടെ ഞാൻ അപകടനില തരണം ചെയ്തു. പാമ്പുകടി എപ്പോഴും മാരകമാകുമോ? ഇതിനു പെട്ടെന്നുള്ള പ്രഥമശുശ്രൂഷകൾ എന്തൊക്കെയാണ്?

ഉത്തരം: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പാമ്പുകടിയേറ്റ് വർഷത്തിൽ ഒന്നരലക്ഷത്തോളം ആളുകൾ മരിക്കുന്നതായിട്ടാണ് കാണുന്നത്. അതിൽ മൂന്നിലൊരു മരണവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. തൊണ്ണൂറു ശതമാനം പാമ്പുകടി മരണവും മുന്‍കരുതലുകൾ എടുക്കുന്നതിൽക്കൂടി തടയാവുന്നതാണ്. ശരിയായ പ്രഥമശുശ്രൂഷയും തുടർന്ന് ആശുപത്രി ചികിത്സയും ലഭ്യമാക്കിയാൽ മിക്ക പാമ്പുകടി മരണവും തടയാൻ കഴിയും. വിവിധയിനത്തിൽപ്പെടുന്ന പാമ്പുകളെ കേരളത്തിൽ കാണുന്നുണ്ടെങ്കിലും ഇതിൽ തൊണ്ണൂറു ശതമാനവും വിഷമില്ലാത്തവയാണ്. 

പാമ്പിനെ ചവിട്ടുന്ന അവസരത്തിലാണ് മിക്കപ്പോഴും കടിയേൽക്കുന്നത്. ഇര വിഴുങ്ങിയ ഉടനാണ് പാമ്പുകടിക്കുന്നതെങ്കിൽ താരതമ്യേന കുറച്ചു വിഷം മാത്രമേ കടിയേൽക്കുന്ന ആളിന്റെ ശരീരത്തിൽ കയറുകയുള്ളൂ. ഇത് നാഡീവ്യൂഹത്തെയോ രക്തപരിചരണ വ്യവസ്ഥയെയോ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. കഴിയുന്നത്ര വേഗത്തിൽ മറു വിഷം (ആന്റിവെനം) ഉപയോഗിച്ച് നിർവീര്യമാക്കുവാൻ സാധിക്കുകയാണെങ്കിൽ മരണവും മറ്റ് ഗൗരവാവസ്ഥകളും കുറയ്ക്കുവാൻ സാധിക്കും. 

ഒറ്റമൂലികൾക്കും അശാസ്ത്രീയ ചികിത്സാരീതികൾക്കും പിറകേ പോകുന്നത് പലപ്പോഴും മരണത്തിൽ കലാശിക്കുന്നു. രോഗിയെ നടക്കാൻ അനുവദിക്കരുത്. പച്ച മരുന്നുകൾ മുറിവിൽ തേച്ചു പിടിപ്പിക്കരുത്. രോഗിക്ക് ഈ സമയം ഭക്ഷണം നൽകുകയുമരുത്. മുറിവിനു മുകളിൽ കുറുകെ കെട്ടി വയ്ക്കണം. എന്നാൽ, താഴെ ഭാഗത്തേക്കു രക്തസഞ്ചാരം നിലച്ചു പോകുന്ന രീതിയിൽ ശക്തമായി മുറുക്കിക്കെട്ടരുത്. ഈ സമയം രോഗിക്കു ധൈര്യം പകർന്നു കൊടുക്കുവാൻ ശ്രദ്ധിക്കണം. പലപ്പോഴും മരണഭയം അപകടത്തിലേക്കു നയിക്കാം. കടിയേറ്റ ഭാഗം കഴിയുന്നത്ര ഇളകാതെ നോക്കണം. മുറിവിൽ മണ്ണോ ചെളിയോ പുരണ്ടിട്ടുണ്ടെങ്കിൽ വെള്ളം ഉപയോഗിച്ച് നല്ല പോലെ വൃത്തിയായി കഴുകണം.

Content Summary : Venomous Snake Bites : Symptoms and First Aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com