ഹൃദയാരോഗ്യം: ഈ അഞ്ച് സംഖ്യകള്‍ പ്രധാനം
Mail This Article
‘ഞാനൊരു ലോലഹൃദയനാണെന്നൊക്കെ’ സിനിമയിലെ ചില കഥാപാത്രങ്ങള്‍ പറയുന്നത് കേട്ടിട്ടില്ലേ. അവരത് വെറുതേ പറയുന്നതല്ല. നമ്മുടെ ശരീരത്തിലെ അതിലോലമായ അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയത്തെ പറ്റി കഥയിലും കവിതയിലും സിനിമയിലും വാതോരാതെ സംസാരിക്കുമെങ്കിലും പലപ്പോഴും ഈ അവയവത്തിന് നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണ് ഇനി പറയുന്ന ചില സംഖ്യകള്‍.
രക്തസമ്മര്‍ദം
രക്തം അതിനെ വഹിച്ച് കൊണ്ടു പോകുന്ന ധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. സിസ്റ്റോളിക്, ഡയസ്റ്റോളിക് എന്നിങ്ങനെ രണ്ട് സംഖ്യങ്ങളാണ് രക്തസമ്മര്‍ദത്തെ നിര്‍ണയിക്കുക. സിസ്റ്റോളിക് സമ്മര്‍ദത്തിന്‍റെ സാധാരണ തോത് 120 ഉം ഡയസ്റ്റോളിക് സമ്മര്‍ദത്തിന്‍റെ സാധാരണ തോത് 80 ഉം ആണ്.
120/80 റേഞ്ചിന് മുകളിലേക്ക് രക്തസമ്മര്‍ദം പോയാല്‍ അതിനെ ഹൈപ്പര്‍ടെന്‍ഷനെന്ന് വിളിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തില്‍ സുപ്രധാനമാണ്.
ബോഡി മാസ് ഇന്‍ഡെക്സ്
ഒരാളുടെ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും അവരുടെ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 25ന് മുകളില്‍ ബോഡി മാസ്ക് ഇന്‍ഡെക്സ് വന്നാല്‍ അത് അമിതഭാരമായി കണക്കാക്കുന്നു.
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും സാധാരണ തോതില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് രക്തധമനികള്‍ക്കും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന നാഡീവ്യൂഹത്തിനും ക്ഷതമുണ്ടാക്കും.
ഉയര്‍ന്ന പഞ്ചസാരയുടെ തോത് രക്തസമ്മര്‍ദവും ഉയര്‍ത്താറുണ്ട്. 140 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററാണ് പഞ്ചസാരയുടെ സാധാരണ മൂല്യം. അതിലും കൂടുന്നത് അപകടകരമാണ്.
കൊളസ്ട്രോള്‍ തോത്
രക്തത്തിലെ കൊളസ്ട്രോള്‍ തോത് ഉയരുന്നത് രക്തസമ്മര്‍ദം ഉയരാനും ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനും കാരണമാകും. കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നത് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കും.
20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 200 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍ വരെയൊക്കെയാണ് കൊളസ്ട്രോളിന്‍റെ സാധാരണ തോത്.
ഉറങ്ങുന്ന സമയം
നല്ല ഉറക്കം ഹൃദയാരോഗ്യത്തിലും നിര്‍ണായകമാണ്. മുതിര്‍ന്ന ഒരാള്‍ പ്രതിദിനം എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
ഉറക്കത്തിന്‍റെ നിലവാരം കുറയുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Content Summary: These 5 numbers determine your heart health