ADVERTISEMENT

എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ ഉറങ്ങിയെന്നു വരാം. പനി തന്നെ ഉദാഹരണം. എന്നാൽ കൗമാരപ്രായക്കാരായ കുട്ടികളിൽ ഉറക്കക്കൂടുതൽ മടിയുടെ ഭാഗമാണോയെന്നറിയണം. ചില കുട്ടികളെക്കുറിച്ച് അച്ഛനമ്മമാർ പരാതിപ്പെടുന്നതു കേട്ടിട്ടില്ലേ! പുസ്തകം കയ്യിലെടുത്താലുടൻ അവന് ഉറക്കം വരും. പാതിരായാകുന്നവരെ ടിവി കണ്ടിരിക്കാൻ ഒരു കുഴപ്പവുമില്ല! മടിയോടൊപ്പം രാത്രി വൈകിയുറങ്ങുന്നതും ഉറക്കശീലങ്ങൾ ഇടയ്ക്കിടെ മാറുന്നതുമൊക്കെ പകൽസമയത്ത് കുട്ടികൾ ഉറക്കം തൂങ്ങാൻ കാരണമാകാം. 

 

Causes of Excessive Sleepiness - Dr B. Padmakumar Explains
Representative Image. Photo Credit : Shyamalamuralinath/ Shutterstock.com

പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ സമ്മർദം സമ്മാനിക്കുന്ന ശരീരക്ഷീണം, ശരീരത്തിൽ അയൺ കുറയുന്നതു മൂലമുണ്ടാകുന്ന വിളർച്ച. ടി.ബി പോലെയുള്ള രോഗാണുബാധ എന്നിവയൊക്കെ ഉറക്കക്കൂടുതലിനുള്ള മറ്റു കാരണങ്ങളാണ്. അപൂർവമായി നാർക്കോലെപ്സി എന്നു വിളിക്കുന്ന ഉറക്കവൈകല്യവും കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഉറക്കമുണ്ടാക്കാറുണ്ട്. ഏതായാലും തുടർച്ചയായി കുട്ടിയിൽ ഉറക്കക്കൂടുതലും പകൽ മയക്കവുമൊക്കെ കാണുന്നുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തി കാരണം കണ്ടുപിടിക്കണം. 

 

കിടക്ക നനയ്ക്കൽ

 

കൊച്ചു കുട്ടികൾ ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിച്ചെന്നു വരാം. എന്നാൽ അഞ്ചു വയസ്സിനുശേഷവും ഈ ശീലം തുടരു കയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 

Causes of Excessive Sleepiness - Dr B. Padmakumar Explains
Representative Image. Photo Credit : New Africa / Shutterstock.com

 

ഉറക്കത്തിൽ പല്ലിറുമ്മൽ

 

കുഞ്ഞിന് വിരയുടെ മരുന്ന് കൊടുക്കണം, പല്ലിറുമ്മുന്നത് കണ്ടില്ലേ കാരണവന്മാർ ഇങ്ങനെ പറയാറുണ്ട്. എന്നാൽ ഇതിന് ശാസ്ത്രിയാടിസ്ഥാനമില്ല. മാനസിക പിരിമുറുക്കവും സമ്മർദങ്ങളുമൊക്കെ കുട്ടികളിൽ ഈ ശീലത്തിനു കാരണമായേക്കാം. ഇതിന് പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. പ്രായമാകുന്തോറും ഈ ശീലം തനിയെ മാറിക്കൊളളും.     

 

ഉറക്കത്തിൽ നടക്കല്‍

 

വല്ലപ്പോഴുമൊക്കെ കുട്ടികൾ ഉറക്കത്തിൽ കിടക്കയിൽ എഴുന്നേറ്റ് ഇരിക്കുകയോ അൽപദൂരം നടക്കുകയോ ചെയ്തെന്നു വരാം. എന്നാൽ ഇതു പതിവായി മാറുകയാണെങ്കിൽ കുട്ടിക്ക് നടത്തയ്ക്കിടയിൽ തട്ടിവീണു പരുക്കുപറ്റാനും മറ്റും സാധ്യതയുണ്ട്. മുതിരുമ്പോൾ ഈ ശീലവും അപ്രത്യക്ഷമാകാറാണു പതിവ്. 

 

Causes of Excessive Sleepiness - Dr B. Padmakumar Explains
Representative Image. Photo Credit : P K Studio / Shutterstock.com

അത്ര സുന്ദരമല്ലാത്ത ചില സ്വപ്നങ്ങൾ

 

പരീക്ഷാക്കാലമാണ്. ഹോസ്റ്റലിൽ കുട്ടികൾ രാത്രി ഏറെ വൈകുംവരെ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നുണ്ട്. ശരത്തും ലിജുവും കംബൈൻ സ്റ്റഡി കഴിഞ്ഞ് കിടന്നതേയുള്ളൂ. രാത്രി എപ്പോഴാണെന്നറിയില്ല ശരത്തിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ലിജു ഞെട്ടിയുണർന്നത്. നോക്കുമ്പോൾ കട്ടിലിൽ പേടിച്ചരണ്ടിരിക്കുകയാണ് ശരത്. ദേഹമാസകലം വിയർത്തു കുളിച്ചിരിക്കുന്നു. നെഞ്ച് പടപടായെന്ന് ഇടിക്കുന്നുമുണ്ട്. കുലുക്കിവിളിച്ചപ്പോഴാണ് ശരത്തിന് പരിസരബോധമുണ്ടായത്. അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചെന്നാണ് ഇടറിയ ശബ്ദത്തിൽ പറയുന്നത്. 

 

ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്നു നിലവിളിക്കുന്ന നിദ്രാ വൈകല്യം പ്രധാനമായും കുട്ടികളിലാണ് കാണുന്നത്. സാധാരണ നാലിനും പന്ത്രണ്ടിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. കൗമാരപ്രായ മാവുമ്പോഴേയ്ക്കും ഈ ശീലം തനിയെ അപ്രത്യക്ഷമാകാറാണു പതിവ്. അത്ര അപൂർവമല്ല ഈ നിദ്രാവൈകല്യം. മൂന്നു ശതമാനത്തോളം കുട്ടികൾക്കും ഉറക്കത്തിൽ പേടിച്ചു ഞെട്ടി യുണരുന്ന സ്വഭാവമുണ്ട്. ആൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്. 

 

പ്രായമായവരിൽ ഒരു ശതമാനത്തിൽ താഴെയാളുകൾക്കു മാത്രമേ ഉറക്കത്തിൽ ഞെട്ടിയുണരുന്ന പ്രശ്നം കാണാറുള്ളൂ. പ്രായമായവരുടെ കൂട്ടത്തിൽതന്നെ ഇരുപതിനും മുപ്പതിനുമിടയ്ക്കു പ്രായമുള്ള ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതൽ. പാരമ്പര്യഘടകങ്ങളുടെ സ്വാധീനവും ഈ നിദ്രാവൈകല്യ ത്തിനു പിറകിലുണ്ട്. 

 

കുട്ടിക്കാലത്ത് ജ്വരബാധിതനായി തളർന്നുറങ്ങിയ രാത്രിയിൽ ഞെട്ടിയുണർന്ന് നിലവിളിച്ചത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. പനി കൂടാതെ ഉറക്കക്കുറവും ഉറക്കഗുളികകളുടെ അമിത ഉപയോഗവുമെല്ലാം ഈ നിദ്രാവൈകല്യത്തിനു കാരണമായേക്കാം. 

 

ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ട് ചിലർ ഞെട്ടി ഉണരാറുണ്ട്. എന്നാൽ പേടിപ്പിക്കുന്ന സ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരുന്ന വർക്ക് കണ്ട സ്വപനത്തെപ്പറ്റി വ്യക്തമായ ഓർമ കാണും. തന്നെയുമല്ല പേടിച്ച് ഞെട്ടിയുണരുന്ന വ്യക്തിയെപ്പോലെ പരിസരബോധമില്ലാതെ പുലമ്പുകയോ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയോ ഒന്നും ഇവർ ചെയ്യുകയില്ല. പേടിച്ച്  ഞെട്ടി യുണരുന്നവർ ഉറക്കത്തിന്റെ തുടക്കത്തിൽ തന്നെ ഞെട്ടി ഉണർന്നെന്നു വരാം. എന്നാൽ ദുഃസ്വപ്നങ്ങൾ ഉറക്കത്തിന്റെ അവസാന ഘട്ടങ്ങളിലായിരിക്കും ഉണ്ടാകുന്നത്. 

 

അയ്യോ, യക്ഷി, യക്ഷി....പ്രേതം

 

സ്വപ്നത്തിൽ അമ്മൂമ്മ പറഞ്ഞുതന്ന യക്ഷിക്കഥയിലെ യക്ഷിയെയും സ്കൂളിലേക്കുള്ള വഴിയിൽ കണ്ട ഭ്രാന്തനെയുമൊക്കെ യോർത്ത് ഞെട്ടിയുണർന്നത് പലരും ഓർക്കുന്നുണ്ടാകും. കുട്ടിക്കാലത്ത് ദുഃസ്വപ്നങ്ങൾ കാണുന്നത് സാധാരണയാണ്. മൂന്നിനും ആറിനുമിടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ദുഃസ്വപ്നങ്ങൾ കൂടുതലായി അലട്ടുന്നത്. എന്നാൽ അപൂർവ മായി പ്രായമായവരെയും ദുഃസ്വപ്നങ്ങൾ കാണുന്ന ശീലം പിന്തുടർന്നെന്നു വരാം. 

 

നേത്രദ്രുതചലനനിദ്രയുടെ ഘട്ടത്തിലാണ് സാധാരണയായി ദുഃസ്വപ്നങ്ങൾ കാണാറുള്ളത്. വ്യക്തിവൈകല്യമുള്ളവരിലും മാനസികപ്രശ്നമുള്ളവരിലും ദുഃസ്വപ്നങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണ്. ദുഃസ്വപ്നങ്ങൾ കാണുന്ന കുട്ടികൾ ഉറക്കത്തിൽ നിന്നു ഞെട്ടിയുണരുമെങ്കിലും പൂർ‌ണബോധമുള്ളവരായിരിക്കും. ഇവർക്ക് ആശയക്കുഴപ്പമോ സ്ഥലകാല വിഭ്രാന്തിയോ ഉണ്ടായെന്നുവരികയില്ല. കണ്ട സ്വപ്നത്തെപ്പറ്റി വ്യക്തമായ ഓർമയും ബോധവുമുണ്ടായിരിക്കും. 

 

Content Summary : Causes of Excessive Sleepiness - Dr B. Padmakumar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com