ലക്ഷ്യം സ്വർണം, പ്രായം ഒന്നിനും തടസ്സമല്ല; 82–ാം വയസ്സിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ് പറയുന്നു
Mail This Article
പ്രായം തടസ്സമേയല്ല. മനസ്സാണു മുന്നോട്ടു നയിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കാനായാൽ ജീവിതത്തിൽ പകുതി നേട്ടമായി. ശരീരം ഒപ്പമെത്തും’’. 82–ാം വയസ്സിൽ ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ രണ്ടു മെഡൽ നേടിയ പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബ് നേട്ടങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. സ്പോർട്സിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഇനങ്ങളിലൊന്നായ ഹർഡിൽസിലാണു ജേക്കബ് മത്സരിക്കുന്നത്. അടുത്ത മീറ്റിൽ സ്വർണമാണു ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. മെച്ചപ്പെട്ട സമയം തേടി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
സ്കൂൾ പഠനകാലത്തു തന്നെ കായിക ഇനങ്ങളിൽ മെഡൽ ജേതാവായിരുന്നു എം.ജെ .ജേക്കബ്. 1959 ൽ ആലുവ യുസി കോളജിൽ വിദ്യാർഥിയായിരിക്കെ സ്ഥാപിച്ച ഹർഡിൽസ് റെക്കോർഡ് വർഷങ്ങൾക്കു ശേഷമാണു തിരുത്തപ്പെട്ടത്. ബിരുദാനന്തരബിരുദ പഠനകാലത്തെ പരുക്കാണു സ്പോർട്സിൽ നിന്നു താൽക്കാലികമായി അകറ്റിയത്. കുടുംബം വക കാളവണ്ടി മറിഞ്ഞു കാലിനു പരുക്കേറ്റിരുന്നു.
പിന്നീടു ഫാക്ടിൽ മാനേജരായി. ജന്മനാടായ തിരുമാറാടി ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി. 3 ടേമുകളിലായി 15 വർഷം. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പദവി തിരുമാറാടിക്കു രണ്ടു വട്ടം ലഭിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ, കാക്കൂർ സഹകരണബാങ്ക് പ്രസിഡന്റ്, ഖാദി ചെയർമാൻ തുടങ്ങിയ ചുമതലകളിലും മികവു തെളിയിച്ചു. ഫാക്ടിലെ ജോലി സമയത്തു വാങ്ങിയ 1974 മോഡൽ ബുള്ളറ്റ് ബൈക്ക് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ന്യൂജെൻ ബൈക്കുകളോടു മത്സരിച്ച് ആ ചുവന്ന ബുള്ളറ്റ് ഇപ്പോഴും നിരത്തിലുണ്ട്.
എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2006 ൽ കളമശേരിയിൽ മാസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതാണു കായികരംഗത്തേക്കുള്ള രണ്ടാം ഇന്നിങ്സിനു വഴി തുറന്നത്. ഉദ്ഘാടനത്തിനു ശേഷം മത്സരാർഥികൾക്കൊപ്പം ഓടിയെങ്കിലും ഇടയ്ക്കു തട്ടി വീണു. പക്ഷേ, വിട്ടുകൊടുക്കില്ല എന്നു തീരുമാനിച്ചാണു മൈതാനം വിട്ടതെന്ന് എംജെ പറയുന്നു. പിന്നീടു നാലു വട്ടം മാസ്റ്റേഴ്സ് ഏഷ്യൻ ചാംപ്യൻഷിപ്പിലും നാലു വട്ടം ലോക മീറ്റിലും പങ്കെടുത്തു. കഴിഞ്ഞ ലോക മീറ്റിൽ ഇന്ത്യയ്ക്കു ലഭിച്ച 5 മെഡലുകളിൽ 2 എണ്ണവും ജേക്കബിന്റെ സംഭാവനയായിരുന്നു. മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ 15 വർഷത്തിനിടെ 8 രാജ്യങ്ങളിലേക്കു യാത്ര ചെയ്തു.
ആരോഗ്യം കൊണ്ടുവരും ദിനചര്യ
ചിട്ടയായ വ്യായാമവും മിതമായ ഭക്ഷണവും. അതിനാൽ ജീവിതശൈലീരോഗങ്ങളൊന്നുമില്ല. വൈകി ഉറങ്ങിയാലും പുലർച്ചെ നാലിന് ഉണരും. മഴയില്ലെങ്കിൽ അര മണിക്കൂറിനുള്ളിൽ നടക്കാനിറങ്ങും 2 മണിക്കൂറിനു ശേഷം തിരികെ എത്തുമ്പോഴേക്കും ശരീരവും മനസ്സും ഉന്മേഷത്തിലായിരിക്കും. വീടിനു പുറത്തെവിടെയെങ്കിലുമാണെങ്കിൽ യോഗ ചെയ്യും. സൈക്കിളും ചവിട്ടും. ഭാര്യ റിട്ട. അധ്യാപിക തങ്കമ്മ. മക്കൾ: സുജിത്, സുനിത.
Content Summary: Health secret of Ex MLA M.J. Jacob