ADVERTISEMENT

രക്തത്തിലെ ഷുഗർ നിരക്ക് അമിതമായി ഉയർന്നു നിൽക്കുന്നതാണു പ്രമേഹം. പ്രമേഹരോഗികളില്‍ ഭക്ഷണനിയന്ത്രണത്തിനു വലിയ പ്രാധാന്യമുണ്ട്. 

 

ഭക്ഷണത്തിലെ ശ്രദ്ധ

കയ്പ്, ചവർപ്പ്, രുചികളിലുള്ള ആഹാരം പ്രമേഹം കുറയ്ക്കും. അരിയും ഗോതമ്പും തവിടുള്ളവ ഉപയോഗിക്കണം. ചോറിന്റെ അളവു കുറച്ച് കറികളുടെ അളവു കൂട്ടി ഉപയോഗിക്കുക. കഞ്ഞിവെന്ത വെള്ളം ഊറ്റിക്കളഞ്ഞു പകരം ചൂടുവെള്ളം ചേർത്താൽ കഞ്ഞിയും മിതമായി ഉപയോഗിക്കാം. സൂചിഗോതമ്പ്, തിന, യവം, മുളയരി, കൂവരക്, ചാമയരി, ചോളം എന്നിവ കൊണ്ടു പലതരം വിഭവങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാം. 

 

അസ്ഥികൾക്കും പല്ലിനും ബലക്കുറവുള്ള പ്രമേഹരോഗികൾക്ക് കറുത്ത എള്ള്, ചണമ്പയർ അഥവാ ഫ്ലാക്സ് സീഡ് നല്ലതാണ്. ശരിയായ പോഷണത്തിനും പൊണ്ണത്തടിയും, ദുർമേസ്സും കുറയ്ക്കുന്നതിനും പഴമുതിര, ചെറുപയർ, തുവരപ്പയർ, ചണമ്പയർ എന്നിവ വേവിച്ച് ഊറ്റിയെടുത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്. മലര്‍ അഥവാ പൊരി വറുത്തത് ഓട്സ് പോലെ കുറുക്കി കഴിക്കുന്നതാണു നല്ലത്. ഓട്സ് അത്ര നല്ലതല്ല. 

 

പ്രമേഹ രോഗികൾ ഉപ്പ് കുറച്ച് ഉപയോഗിക്കുന്നതാണു നല്ലത്. പ്രമേഹത്തിന്റെ സെക്കൻഡറി കോംപ്ലിക്കേഷൻ ആയോ അല്ലാതെയോ കിഡ്നി സംബന്ധമായ എന്തെങ്കിലും രോഗങ്ങളുള്ളവർ ഇന്തുപ്പിന്റെ ഉപയോഗം ഒഴിവാക്കണം. 

 

അത്തിപ്പഴം, വാഴക്കൂമ്പ്, താമരക്കിഴങ്ങ്, തെങ്ങിന്റേയും, കരിമ്പനയുടേയും മണ്ട എന്നിവ പ്രമേഹശമനത്തിന് നല്ലതു തന്നെ. ഞാവൽ മരത്തിന്റെ തൊലി, ഇല, പഴം, കുരു എന്നിവയുടെ പലവിധത്തിലുള്ള ഉപയോഗങ്ങൾ പ്രമേഹരോഗികളിൽ പഥ്യമാണ്. 

 

മോര് ഉപയോഗിക്കുന്നതു നല്ലത്. മോരാണെങ്കിലും പുളിയോ, ഉപ്പോ, എരിവോ ചേർത്ത് ഉപയോഗിക്കുന്നത് പ്രമേഹം വർധിപ്പിക്കും. മോര് പച്ചയ്ക്കും കറിയാക്കിയും ഉപയോഗിക്കാം. അൽപം മാത്രം ഉപ്പു ചേർത്ത് പച്ചമോരിൽ ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്ത് ഉപയോഗിക്കാം. അതു ദാഹത്തിന് അത്യുത്തമം. വെളിച്ചെണ്ണ മിതമായി മതി. 

 

മധുരം കുറവുള്ള കരിങ്കദളി, പടറ്റി, മൊന്തൻ പഴം ഇവ ഉപയോഗിക്കാം. പച്ച വാഴയ്ക്ക നല്ലത്. മുരിങ്ങ, പാവയ്ക്ക, കയ്പ്പൻ പടവലം, കുരുട്ടു പാവൽ, വഴുതനങ്ങ, കത്തിരിക്ക എന്നിവയും ഉപയോഗിക്കണം. പാവയ്ക്ക കറി വച്ച് ഉപയോഗിക്കാം. ജ്യൂസ് കുടിക്കുന്നതു നല്ലതല്ല. പടവലം ഹൃദയത്തെയും കൂടി സംരക്ഷിക്കും. ചുവന്നുള്ളി, വെളുത്തുള്ളി, സവാള എന്നിവ നല്ലതു തന്നെ. പല രീതിയിൽ ഇവ ഉപയോഗിക്കണം. 

 

മുയൽ, കാട, നാടൻകോഴി എന്നിവയുടെ മാംസമാണു മറ്റുള്ളവയേക്കാൾ നല്ലത്. മഞ്ഞൾ, നെല്ലിക്ക, കുരുമുളക് എന്നിവയുടെ ഒരുമിച്ചുള്ള ഉപയോഗം പ്രമേഹത്തെ കുറയ്ക്കും. 

 

പുളിപ്പിച്ചുള്ള ഭക്ഷണം കുറയ്ക്കാം

ഉഴുന്ന്, വറുത്ത മല്‍സ്യം, എള്ളെണ്ണ, പാൽ, ചുരയ്ക്ക, കരിമ്പ് കരിമ്പനത്തേങ്ങ എന്നിവ നല്ലതല്ല. പഞ്ചസാര, ശർക്കര, കരിപ്പെട്ടി എന്നിങ്ങനെ മധുരമുള്ളവ ഉപയോഗിക്കരുത്. പഴക്കംചെന്ന ചെറുതേൻ അല്ലാതെ മറ്റുള്ള േതനുകളും സുരക്ഷിതമല്ല. അരി അരച്ചും പുളിപ്പിച്ചുമുള്ള വിഭവങ്ങൾ കുറയ്ക്കണം. തൈര് നല്ലതല്ല.

Content Summary: Diabetes Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com