ADVERTISEMENT

ഒരറ്റത്ത് ജീവിതം അവസാനിച്ചെന്ന് കരുതുമ്പോൾ പ്രതീക്ഷയുടെ ഒരു തിരിനാളം എവിടെയെങ്കിലും തെളിഞ്ഞു വരും. അതാണ് തൃശൂർ സ്വദേശിയായ ലളിത എന്ന വീട്ടമ്മയുടെ ജീവിതത്തിലും സംഭവിച്ചത്. 57– ാം വയസ്സിൽ 22 വയസ്സുള്ള ഏകമകനെ നഷ്ടപ്പെട്ട് ആ വേദനയിൽ മുന്നോട്ടുള്ള ജീവിതയാത്രതന്നെ അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് ഭൂമിയിലെ മാലാഖയുടെ രൂപത്തിൽ ഒരു വഴിത്തിരിവായി ആ നഴ്സ് വീട്ടിലെത്തുന്നത്. പിന്നീട് ലളിതയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരിക്കലും സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു. ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച ഇരട്ടക്കുട്ടികളുടെ കളിചിരികൾ കണ്ട് സന്തോഷിച്ചിരിക്കുമ്പോൾ ലളിത പറയുന്നു മാതൃത്വത്തിന് പ്രായമില്ലെന്ന്. തന്റെ പുതിയ ജീവിതത്തെക്കുറിച്ചും ആ അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചുമെല്ലാം മനസ്സു തുറക്കുകയാണ് ലളിത 

 

lalitha4

കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിപ്പോയ ദിനങ്ങൾ

 

അച്ഛനും അമ്മയും ഏക മകനും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഷ്ടപ്പാടുകളുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഇരുവരും പണിയെടുത്ത് മകനെ പഠിപ്പിച്ചു. ഭർത്താവ് ഒാട്ടോറിക്ഷ ഡ്രൈവറാണ്. ഞാൻ ഹോട്ടലിൽ പണിക്ക് പോകുമായിരുന്നു. ആ സമയത്ത് എനിക്ക് ആകെ അവശതയായി. പണിക്കു പോകാൻ കഴിയാത്ത അവസ്ഥ. അന്ന് മകന് 22 വയസ്സാണ് പ്രായം. എന്റെ അവശതകണ്ട് മകനാണ് പറഞ്ഞത് അമ്മ ഇനി കഷ്ടപ്പെടേണ്ട, ഞാൻ പണിക്ക് പൊയ്ക്കോളാം എന്ന്. അതോടെ അവൻ പഠനവും നിർത്തി. എന്റെ ശരീരത്തിൽ ഒരു മുഴ ഉണ്ടായിരുന്നു. അത് ശസ്ത്രകിയ ചെയ്യാനുള്ള പണവുംതന്ന് ഡോക്ടറെ കാണാൻ വിട്ടതാണ് അവൻ. പിന്നെ ഞാൻ കേൾക്കുന്നത് മകന് ഒരപകടം പറ്റിയെന്ന വാർത്തയാണ്. എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയി. ബൈക്കപകടമായിരുന്നു. പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടന്നു. എല്ലാ സമ്പാദ്യവും ചെലവഴിച്ചെങ്കിലും അവൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപോയി. ഏകപ്രതീക്ഷയായിരുന്ന മകന്റെ അകാല വിയോഗം ഞങ്ങളിരുവരെയും ഒരുപോലെ തളർത്തി. മുന്നോട്ടു ജീവിക്കാനുള്ള എല്ലാ ആശയും നശിച്ചു.  എപ്പോഴും അവന്റെ ഓർമകൾ മാത്രം.  പണിക്ക് പോയി തിരിച്ചുവന്നാലും അവന്റെ ഫോട്ടോ കെട്ടിപ്പിടിച്ചിരുന്നു കരയും. കാത്തിരിക്കാൻ ആരുമില്ലാതെ, ആർക്കു വേണ്ടി ജീവിക്കണമെന്നറിയാതെ രണ്ടു വർഷം മുന്നോട്ടു പോയി.

lalitha3

 

ശരിക്കും മാലാഖയായി എത്തിയ ആ നഴ്സ്

 

lalitha4

എപ്പോഴും മകന്റെ കാര്യം പറഞ്ഞ് കരഞ്ഞിരിക്കുന്ന എന്നെക്കണ്ടതോടെ തൃശൂരിലുള്ള കൃഷ്ണൻകുട്ടി ഡോക്റുടെ ആശുപത്രിയിലെ ഒരു നഴ്സാണ് എന്നോട് ഡോക്ടറെ ഒന്നു വന്ന് കാണാൻ പറഞ്ഞത്. അപ്പോൾ പ്രായം 60 ആകാറായി. എനിക്ക് മുന്നോട്ട് ജീവിക്കണമെങ്കിൽ ഒരു കുഞ്ഞ് ആവശ്യമായിരുന്നു. ഇല്ലെങ്കിൽ ഞാൻ തകർന്നു പോയേനേ. അങ്ങനെയാണ് ആ നഴ്സിന്റെ വാക്കുകൾ വിശ്വസിച്ച് ഡോക്ടറെ കാണാനെത്തിയത്. പിന്നെ സംഭവിച്ചതെല്ലാം ഏതോ മായാലോകത്തു നടക്കുന്ന സംഭവങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ കാര്യങ്ങളെല്ലാം ഡോക്ടറോടു പറഞ്ഞപ്പോൾ ‘ഒന്നുകൊണ്ടും വിഷമിക്കേണ്ട, എല്ലാം ശരിയാക്കാം’ എന്ന ഡോക്ടറുടെ വാക്കുകളായിരുന്നു പിന്നീട് എനിക്ക് പ്രചോദനമായത്. 

lalitha2

 

പണമൊന്നും വാങ്ങാതെയാണ് ഡോക്ടർ ചികിത്സിച്ചത്. ആദ്യം  മാസമുറ വരാനുള്ള മരുന്ന് തന്നു. പിന്നെ മൂന്ന് മാസം കഴിഞ്ഞപ്പോൾ ഐവിഎഫ് ചെയ്തു. മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. നാല് മാസം കഴിഞ്ഞപ്പോൾ ഒരാൾക്ക് ഹാർട്ട്ബീറ്റില്ലെന്ന് കണ്ടെത്തി. മറ്റ് രണ്ട് കുട്ടികളുടെ രക്ഷയ്ക്കായി ആ കുട്ടിയെ അബോർട്ട് ചെയ്യേണ്ടി വന്നു. സ്വകാര്യ ആശുപത്രിയിൽ ഇത് ചെയ്യാൻ മുക്കാൽ ലക്ഷം രൂപവേണം. ഒടുവിൽ ഡോക്ടർ തന്നെ പണമടച്ച് സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി. പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പ്രസവം വരെ അവിടെയായിരുന്നു ചികിത്സ. അപ്പോഴേക്കും 60 വയസ് കഴിഞ്ഞിരുന്നു. ഇപ്പോൾ എനിക്ക് 62 വയസ്സായി. മക്കളായ ആരവ് കൃഷ്ണയ്ക്കും ആദവ് കൃഷ്ണയ്ക്കും രണ്ട് വയസ്സും. ഒരുപാട് വിഷമങ്ങളുണ്ടെങ്കിലും മക്കളുടെ കളിചിരികൾക്കിടയിൽ ഞാനതെല്ലാം മറന്നുപോകുന്നു. ഇപ്പോൾ എന്റെ മോനുണ്ടായിരുന്നെങ്കിൽ അവന്റെ കുട്ടിയെ കളിപ്പിച്ച് ഞാനിരിക്കേണ്ട സമയമാണ്. ഒരുപക്ഷേ ദൈവം ഇതെല്ലാം മുൻകൂട്ടികണ്ട് എന്നെ അനുഗ്രഹിച്ചതാകും. കാരണം ഈ പ്രായത്തിൽ ആദ്യ അവസരത്തിൽ ഐവിഎഫ് വിജയകരമാകാൻ സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എനിക്ക് ആദ്യംതന്നെ വിജയിക്കുകയും കൂട്ടിന് ഒരു കുട്ടിയെ ആഗ്രഹിച്ചപ്പോൾ അരുമകളായ  രണ്ടുപേരെ ദൈവം നൽകുകയും ചെയ്തു.

lalitha6

 

ചെറുപ്പക്കാരികൾക്കിടയിൽ  വേറിട്ടുനിന്ന ഒരമ്മ 

 

മെഡിക്കൽ കോളജിൽ ലളിതയ്ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൂടെനിന്ന ഹെഡ്നഴ്സായ ലീന ആ ദിവസങ്ങളെ ഓർത്തെടുക്കുകയാണ്. ‘ഒരു ദിവസം ഒപിയിൽ 20–25 വയസ്സുള്ള ഗർഭിണികളായ പെൺകുട്ടികൾ ഇരിക്കുന്നതിനിടയിൽ ക്ഷീണിതയായ അമ്മ ഇരിക്കുന്നത് കണ്ടാണ് ആദ്യം ഞാൻ ശ്രദ്ധിച്ചത്. ഇവരെന്താ ഇവിടെ എന്ന് കരുതി കാര്യം അന്വേഷിച്ചപ്പോഴാണ് വിവരങ്ങളെല്ലാം ആ അമ്മ പറയുന്നത്. തീരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. കാലിൽ നല്ല നീരുമുണ്ട്. 

 

അതിനുശേഷം ഞാൻ അമ്മയുടെ കാര്യം സ്വന്തം പോലെ ഏറ്റെടുക്കുകയായിരുന്നു. അഞ്ചാം മാസം മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. വയറ്റിൽ മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. ഒരാളെ അബോർട്ട് ചെയ്ത് കളഞ്ഞിരുന്നു. എങ്ങനെയും കുട്ടികൾ വേണമെന്ന ആ അമ്മയുടെ ദൃഢ നിശ്ചയത്തിനു പിന്നിൽ എന്തു സഹായവും ചെയ്തു കൊടുക്കാൻ ഞങ്ങൾ തയാറായിപ്പോയി എന്നതാണ് വാസ്തവം.  ഏത് വിധേനയും ഇൗ അമ്മയ്ക്ക് കുഞ്ഞുങ്ങളെ ജീവനോടെ നൽകണമെന്ന് ഞങ്ങളും തീരുമാനിച്ചു. 

 

പ്രോട്ടീന്റെ കുറവ് നല്ലവണ്ണം ഉണ്ടായിരുന്നു. ഗർഭിണികൾ എല്ലാവർക്കും ഒരുഗ്ലാസ് പാലിനുള്ള അനുമതിയേ ഉള്ളൂ. എന്നാൽ, ഞ​ാൻ ഇവർക്ക് രണ്ട് ഗ്ലാസ് പാൽ എഴുതി. കാരണം അത്രയും ക്ഷീണിതയായിരുന്നു. ആദ്യമൊക്കെ കശുവണ്ടിയും പഴങ്ങളുമെല്ലാം നൽകുമായിരുന്നു. പിന്നീട് ഒരു കിലോ പച്ചക്കപ്പലണ്ടി വീതം നൽകി. കുട്ടികൾക്ക് ആരോഗ്യം വയ്ക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ അത് കഴിച്ചു തീർക്കാൻ പറയും. എല്ലാം അനുസരിക്കും. രാവിലെ ചെക്കപ്പിന് ഡോക്ടർ വരുമ്പോഴേക്ക് കുളിച്ച് റെഡിയയായി ലളിത ഇരിക്കും. മറ്റുള്ള പെൺകുട്ടികൾക്കെല്ലാം മടിയാണെെങ്കിലും ലളിത വെളുപ്പിന്  മുന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച് തയാറെടുക്കും. 

 

രക്തസമ്മർദം കൂടിയതിനാൽ നേരത്തെ ശസ്ത്രക്രിയ ചെയ്ത് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഇളയകുട്ടിക്ക് 650 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ. നാല് മാസത്തോളം എൻഐസിയുവിൽ ആയിരുന്നു. കുട്ടികൾ ആരോഗ്യവാൻമാരായ ശേഷം ആശുപത്രിയിൽ വച്ച് നൂല് കെട്ട് ചടങ്ങു വരെ നടത്തിയാണ് ഞങ്ങൾ അവരെ വീട്ടിലേക്കു വിട്ടത്.  

 

കയറിക്കിടക്കാൻ നല്ലൊരു വീടുപോലും ഉണ്ടായിരുന്നില്ല. ഫ്ലക്സ് മറച്ചുകെട്ടിയ കുടിലായിരുന്നു താമസം. കുട്ടികളെ അണുബാധ ഏൽക്കാതെ സൂക്ഷിക്കണം. ഇത്രയേറെ പ്രയാസപ്പെട്ട് കിട്ടിയ കുട്ടികളെ വീട്ടിലേക്ക് ഈ അവസ്ഥയിൽ കൊണ്ടുപോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രി ജീവനക്കാർ ചേർന്ന് ആളെ വിട്ട് വീട് വൃത്തിയാക്കി കട്ടിലും വാങ്ങി നൽകി. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ താൽക്കാലികമായി ഒരുക്കിയ ശേഷമാണ് വീട്ടിലെത്തിച്ചത്. പിന്നീട് ഇവരുടെ അവസ്ഥ അറിഞ്ഞ് ജോസ് വെള്ളൂരും രാജീവ് ഗാന്ധി പഠന കേന്ദ്രത്തിലെ കുട്ടികളും ചേർന്ന് വീട് വച്ച് കൊടുക്കുകയായിരുന്നു.  ഇപ്പോൾ ആ വീട്ടിലാണ് ലളിതചേച്ചിയും ചേട്ടനും പൊന്നോമനകളോടൊത്ത് താമനസിക്കുന്നത്. 

 

ആസ്മ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ലളിതചേച്ചിക്ക് ഉണ്ട്. എങ്കിലും മക്കളുടെ കളിചിരികൾക്കിടയിൽ ആ അമ്മ വേദനകളെല്ലാം മറക്കുകയാണ്. സ്വർഗത്തിലേക്കു പോയ ഒരു മകനു പകരം ദൈവം നൽകിയ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ് അവർ. 

Content Summary: Lalitha gave birth to twins at the age of sixty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com