ADVERTISEMENT

ഈ വർഷത്തെ ലോക ഫിസിയോതെറപ്പി ദിനത്തിന്റെ ഫോക്കസ് വിഷയം തേയ്മാന സന്ധിവാതമാണ് (ഓസ്റ്റിയോആര്‍ത്രൈറ്റിസ്). ലോകത്ത് 520 ലക്ഷം ജനങ്ങള്‍ തേയ്മാന സന്ധിവാതം മൂലം ക്ലേശിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗത്തിനും കാല്‍മുട്ടിനെയാണ് ഇതു ബാധിച്ചിരിക്കുന്നത്. മാത്രമല്ല, തേയ്മാന സന്ധിവാതം വരാനുള്ള സാധ്യത ഇന്ന് 48% കൂടിയിരിക്കുന്നു. ശാരീരിക വൈകല്യം ഉണ്ടാക്കുന്ന അസുഖങ്ങളില്‍ ഇടുപ്പ്, കാല്‍മുട്ട് തേയ്മാന സന്ധിവാതത്തിന് 11 -ാം സ്ഥാനമാണ്. ഇതില്‍ 60% ഉം കാല്‍മുട്ടിനെയാണ് ബാധിക്കുന്നത്. 

 

ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ വേദന, നീര്, സന്ധികളില്‍ പിടുത്തം, ദൈനംദിന ജോലികള്‍ ചെയ്യാന്‍ പറ്റാതെ വരുക, സന്ധിക്കുള്ളില്‍നിന്നു ശബ്ദം, പേശികളുടെ ബലം കുറയുക എന്നിവയാണ്. ഇവ മൂലം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ വരും. ചിലർ‌ക്കു ശരീരഭാരം കൂടാനും സാധ്യതയുണ്ട്. തേയ്മാന സന്ധിവാതം ഉള്ളവർ പെട്ടെന്നു വീഴാനുള്ള സാധ്യത 30% കൂടുതല്‍ ആണ്. എല്ലുകള്‍ ഒടിയാന്‍ ഉള്ള സാധ്യത മറ്റുള്ളളരെ അപേക്ഷിച്ച് 20% കൂടുതലുമാണ്. പേശികളുടെ ബലക്കുറവും ബാലന്‍സ് പ്രശ്നവും ആണ് ഇതിന് കാരണം. തേയ്മാന സന്ധിവാതം കാര്‍ട്ടിലോജിനെ മാത്രമല്ല, മുഴുവന്‍ സന്ധിയെയും ബാധിക്കുന്നതാണ്. അത് സ്ത്രീകളെയാണ് കൂടുതലായും ബാധിക്കുന്നത്. 

 

പ്രായമായാൽ ഇത് എല്ലാവര്‍ക്കും വരുമെന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. അതു തെറ്റാണ്. തേയ്മാന സന്ധിവാതം രണ്ടുതരത്തിലുണ്ട്. പ്രായാധിക്യം കൊണ്ടുണ്ടാകുന്നതും രോഗങ്ങളോ പൊണ്ണത്തടിയോ മൂലം ഉണ്ടാകുന്നതും. നമ്മുടെ അശ്രദ്ധ കൊണ്ടോ ജനിതക കാരണങ്ങൾ കൊണ്ടോ തേയ്മാന സന്ധിവാതം വരാം. വ്യായാമമില്ലായ്മ, പൊണ്ണത്തടി, തെറ്റായ ജീവിതശൈലി, പോഷക കുറവ്, പുകവലി തുടങ്ങി നമ്മുടെ അശ്രദ്ധയോ ശീലങ്ങളോ മൂലം വരുന്നത് ഒഴിവാക്കാനാവുന്നവയാണ്. എന്നാല്‍, ജനിതകപരമായ കാരണങ്ങൾ, ജെന്‍ഡര്‍ പ്രായം ഇവ കൊണ്ട് ഉണ്ടാകുന്നതിനെ തടയാനാവില്ല. പക്ഷേ അതിനും കൃത്യമായ ചികിത്സ ഇന്ന് ഫിസിയോ തെറാപ്പിയില്‍ ലഭ്യമാണ്.

 

ഓട്ടം തേയ്മാന സന്ധിവാതം ഉണ്ടാക്കുമെന്ന ഒരു മിഥ്യാധാരണ കൂടിയുണ്ട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ നിരവധി പഠനങ്ങള്‍ പറയുന്നത് ശരിയായ രീതിയില്‍ ഉള്ള ഓട്ടം, നടത്തം എന്നിവ തേയ്മാന സന്ധിവാത സാധ്യത കുറയ്ക്കും എന്നാണ്. അതുപോലെ ദീര്‍ഘകാലമായി ഓടുന്നവരെയും ഓടാത്തവരെയും പറ്റി പഠനം നടത്തി കണ്ടെത്തിയത്, ദീര്‍ഘകാലമായി ഓടുന്നവരില്‍ കാല്‍മുട്ട് തേയ്മാന സന്ധിവാതം കുറവാണെന്നാണ്.

 

ഓടുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

∙ 20 മിനിറ്റ് വരെ തുടര്‍ച്ചയായി ഓടാം.

maneesh
മനീഷ്. എസ്

∙ ഓടുന്നതിന് മുന്‍പ് വ്യായാമങ്ങള്‍ പ്രധാനമാണ്. അതു ശരിയായ രീതിയിൽ വേണം ചെയ്യാന്‍. വാം അപ് വ്യായാമങ്ങൾക്കു ശേഷമേ വ്യായാമം തുടങ്ങാവൂ. വ്യായാമത്തിനു ശേഷം പേശികൾക്ക് അയവു നൽകുന്ന ലഘുവ്യായാമങ്ങൾ ചെയത് അവസാനിപ്പിക്കാം.

∙ഓടാന്‍ നമ്മളെ സഹായിക്കുന്ന പേശികള്‍ക്കെല്ലാം നല്ല ബലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ അത് സന്ധികള്‍ക്ക് ദോഷം ചെയ്യും.

∙ ഓടാന്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്നത് കൃത്യമായിരിക്കണം. ഇത് പ്രധാന ഘടകം ആണ്.

∙ ഓടുന്ന പ്രതലവും പ്രധാനപ്പെട്ടതാണ്.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച് ഓടുകയാണെങ്കില്‍ അത് ശരിയായ വ്യായാമമാണ്.

 

പ്രതിരോധത്തിനും ചികിത്സയ്ക്കും ഫിസിയോതെറാപ്പി 

 

തേയ്മാന സന്ധിവാതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറാപ്പി ചികില്‍സ വളരെ പ്രാധാന്യം ഉള്ളതാണ്. തേയ്മാന സന്ധിവാതത്തിന്‍റെ പ്രതിരോധത്തിലും ചികിത്സയിലും ഫിസിയോതെറാപ്പിക്കു മുഖ്യ പങ്കാണ് ഉളളത്. എര്‍ഗനോമിക് തത്വങ്ങളില്‍ അധിഷ്ഠിതമായ പ്രതിരോധമാര്‍ഗങ്ങൾക്കും തേയ്മാന സന്ധിവാത പ്രതിരോധത്തില്‍ മുഖ്യ പങ്കാണ് ഉള്ളത്.

മരുന്നു ചികില്‍സയോടൊപ്പം ഫിസിയോതെറാപ്പി വഴി നീരും വേദനയും കുറയ്ക്കാനും പേശികളെ ബലപ്പെടുത്തി സന്ധിയുടെ സ്വാഭാവിക പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനുമുള്ള മാർഗങ്ങൾ ഫിസിയോതെറാപ്പിയില്‍ ഉണ്ട്.

 

കൃത്രിമ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മുന്‍പും അതിന് ശേഷവും ഉള്ള ഫിസിയോതെറാപ്പി ആ ശസ്ത്രക്രിയയുടെ വിജയത്തിന്‍റെ അവിഭാജ്യഘടകമാണ്. മരുന്ന് ചികില്‍സയിലും കൃത്രിമ സന്ധി മാറ്റിവയ്ക്കല്‍ ചികിത്സയിലും സന്ധിയുടെ പ്രവര്‍ത്തനമികവ് വിദഗ്ധമായ ഫിസിയോതെറാപ്പിയെ ആശ്രയിച്ചാണിരിക്കുന്നത്.

 

വ്യായാമങ്ങള്‍

 

∙ സന്ധികളുടെ ചലനം കൂടാനുള്ള വ്യായാമങ്ങള്‍ (ചലനവ്യായാമങ്ങള്‍)

∙ സന്ധികളുടെ വഴക്കം കൂട്ടാനുള്ള വ്യായാമങ്ങള്‍

∙ പേശികളുടെ ബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങള്‍

∙ എയ്റോബിക് വ്യായാമങ്ങള്‍

∙ മാനുവല്‍ തെറാപ്പി (മൊബിലൈസേഷനും മാനിപുലേഷനും സന്ധികളില്‍).

∙ സന്ധിയുടെ ചടുലത കൂട്ടാനുള്ള വ്യായാമങ്ങള്‍

∙ ബാലന്‍സ് കൂട്ടാനുള്ള വ്യായാമങ്ങള്‍

∙ ഫ്ളക്സിബിലിറ്റി വ്യായാമങ്ങള്‍- പേശികളെ അയച്ചു സന്ധിക്കുള്ളിലെ ചലനശേഷി കൂട്ടുന്ന വ്യായാമങ്ങള്‍ ആണിവ. ഇതു രണ്ടു രീതിയില്‍ ചെയ്യാം. രോഗി തനിയെ ചെയ്യുന്നതും ഫിസിയോതെറാപ്പിസ്റ്റിന്‍റെ സഹായത്തോടെ ചെയ്യുന്നതും. തേയ്മാന സന്ധിവാതം ഉള്ളവരെ, ആ സന്ധി ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് കൃത്യമായി പഠിപ്പിക്കുന്നു. ആവശ്യമെങ്കില്‍ സഹായ ഉപകരണങ്ങളഉം നിര്‍ദ്ദേശിക്കുന്നു.

∙ തേയ്മാന സന്ധിവാതം വന്നവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്‍ഡിയോ വ്യായാമങ്ങളും ഉള്‍പ്പെടുത്തണം.

 

ചലന സഹായ ഉപകരണങ്ങളും വേദന കുറയ്ക്കാന്‍ ഐഎഫ്ടി, ടിഇ, എന്‍എസ്, ലേസര്‍, വാക്സ് തെറാപ്പി എന്നിവയും ഉപയോഗിക്കുന്നുണ്ട്. 

 

ഫിസിയോതെറാപ്പിയുടെ പ്രാധാന്യം

 

സെപ്റ്റംബര്‍ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുമ്പോൾ, ആധുനിക ചികില്‍സാ രംഗത്ത് ഫിസിയോതെറാപ്പിയുടെ പ്രാധാന്യം എല്ലാവര്‍ക്കും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. 

 

NCAHPA 2021 (National commission for Allied and health care profession Act) പ്രകാരം ഫിസിയോതെറാപ്പി ഒരു സ്വതന്ത്ര ചികില്‍സാ ശാഖയാണ്. 

തികച്ചും മരുന്നുരഹിത ചികില്‍സ. യാതൊരു പാര്‍ശ്വഫലവും ഇല്ലാതെ രോഗികളുടെ ദൈനംദിന ജീവിതത്തില്‍ ശരീരപ്രവര്‍ത്തനങ്ങളുടെ തടസ്സങ്ങള്‍ നീക്കുന്നതിനും പേശികളും ശരീരവും ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അതുവഴി ഒരാളുടെ ശരീരത്തിന്‍റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാനും സാധിക്കുന്നു.

 

രോഗിയെ പരിശോധിച്ച് ആവശ്യമെങ്കില്‍ മറ്റ് രോഗനിര്‍ണയ പരിശോധനകള്‍ നടത്തി ചികില്‍സ നൽകുവാന്‍ സാധിക്കുന്നതാണ്.

 

ചലനക്കുറവ്, ചലന വൈകല്യങ്ങള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള വേദനകള്‍, നാഡീവ്യൂഹസംബന്ധമായ രോഗങ്ങള്‍, തേയ്മാന സന്ധിവാത രോഗങ്ങള്‍ എന്നിങ്ങനെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക വ്യായാമങ്ങള്‍, മാനുവല്‍ തെറാപ്പി, ട്രാക്‌ഷന്‍, കൗണ്‍സിലിങ്, ഭൗതിക ഊര്‍ജസ്രോതസ്സുകളായ ചൂട്, തണുപ്പ്, വൈദ്യുതി, ശബ്ദ തരംഗങ്ങള്‍, വികിരണം തുടങ്ങിയവ കൊണ്ടു ചികില്‍സ നൽകുന്ന ശാഖയാണ് ഫിസിയോതെറാപ്പി. രോഗകാരണങ്ങള്‍ ഒഴിവാക്കിയോ രോഗം പരിഹരിച്ചോ രോഗിയുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് ഫിസിയോതെറാപ്പിയിലൂടെ.

 

കോവിഡ് മഹാമാരിയുടെ സമയത്ത് ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ലോകമെങ്ങും ചെസ്റ്റ് ഫിസിയോതെറാപ്പിയിലൂടെ കോടികണക്കിന് രോഗികള്‍ക്ക് രോഗമുക്തിയും ശരീരക്ഷമതയും നേടാന്‍ സാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനങ്ങളെ നന്ദിയോടെ പ്രശംസിച്ചത് നമ്മള്‍ കണ്ടതാണ്. 

 

ഫിസിയോതെറാപ്പി ലോകമെമ്പാടും വിവിധ രീതിയിലാണ് സമൂഹവുമായി ഇടപെടുന്നത്. സ്വകാര്യ ക്ലിനിക്കുകള്‍, ഔട്ട് പേഷ്യന്‍റ് ക്ലിനിക്കുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍, ശസ്ത്രക്രിയാ വാര്‍ഡുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, പൊള്ളല്‍ പുനരധിവാസ ചികില്‍സാ കേന്ദ്രങ്ങള്‍, കിടപ്പു രോഗികളെ അവരൂടെ ഭവനങ്ങളില്‍ എത്തി ചികിത്സിക്കുക, പാലിയേറ്റീവ് ചികിത്സാ കേന്ദ്രങ്ങള്‍, ഭിന്നശേഷി വിദ്യാർ‌ഥികള്‍ക്കുള്ള സ്കൂളുകള്‍, തൊഴില്‍ സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കാന്‍ (എര്‍ഗോണമിക്) ഫിറ്റ്നസ് കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രങ്ങള്‍, ഫിസിയോതെറാപ്പി വിദഗ്ധരെന്ന നിലയില്‍ മെഡിക്കല്‍-നിയമമേഖലയില്‍ സേവനം എന്നിങ്ങനെയാണ് എല്ലാ മേഖലകളിലും ഫിസിയോ തെറാപ്പിസ്റ്റിന്‍റെ സേവനം ലഭ്യമാണ്. 

 

ഫിസിയോതെറാപ്പി എന്നത് ആധുനിക ചികിത്സ മേഖലയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ശാഖയായി മാറിക്കഴിഞ്ഞു. 4 വര്‍ഷത്തെ ബിരുദ പഠനവും അതുകഴിഞ്ഞ് 2 വര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനവുമാണ് ഇതിനുള്ളത്. സ്പോര്‍ട്സ്, ന്യൂറോളി, ജെറിയാട്രിക്സ്, കാര്‍ഡിയോ പള്‍മണറി, ഓര്‍ത്തോപീഡിക്സ്, വുമണ്‍സ് ഹെല്‍ത്ത്, പീഡിയാട്രിക്സ്, സിബിആര്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളുണ്ട് ബിരുദാനന്തരബിരുദപഠനത്തിന്. അതിനു ശേഷം പിഎച്ഡി പഠനവും സാധ്യമാണ്.

 

(കോട്ടയം എസ്എച്ച് മെ‍ഡിക്കൽ സെന്ററിലെ ഫിസിയോ തെറാപ്പി വിഭാഗം മേധാവിയാണ് ലേഖകൻ)

Content Summary: Why is physiotherapy so important? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com