ADVERTISEMENT

 

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 26 വയസ്സുള്ള അവിവാഹിതയാണ്. ശരീരത്തിലെ അമിത രോമ വളർച്ചയാണ് എന്നെ അലട്ടുന്ന പ്രശ്നം. എന്തായിരിക്കാം ഇതിനു കാരണം? ഇത് ചികിത്സ തേടേണ്ട പ്രശ്നമാണോ? വിശദമായി പറഞ്ഞു തരാമോ?

 

ഉത്തരം : ശരീരത്തിൽ അമിതമായി രോമവളർച്ചയുണ്ടാകുന്നതിനെ ഹിർസ്യൂട്ടിസം എന്നാണു പറയുന്നത്. സ്ത്രീകളിൽ പതിനഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ഈ അവസ്ഥ ഉണ്ട്. സ്ത്രീ ശരീരത്തിൽ പലതരം ഹോർമോണുകൾക്കൊപ്പം ചെറിയ തോതിൽ പുരുഷ ഹോർമോണും ഉണ്ട്. നമ്മുടെ ശരീരം കൂടുതൽ ആൻഡ്രജൻ ഹോർമോൺ ഉൽപാദിപ്പിക്കുകയോ ശരീരത്തിൽ ഉള്ള ആൻഡ്രജനോട് കൂടുതലായി പ്രതികരിക്കുകയോ ചെയ്യുമ്പോഴാണ് ഹിർസ്യൂട്ടിസം ഉണ്ടാകുന്നത്. ചിലരിൽ ഇതിന്റെ അടുത്ത പടിയായി ശബ്ദത്തിൽ വ്യത്യാസം പോലുള്ള മാറ്റങ്ങൾ കാണാം. ഇതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് കുടുംബപരമാണ്. മറ്റൊന്ന് അമിതവണ്ണം , പിസിഒഡി, ആർത്തവ വിരാമം, അണ്ഡാശത്തിലെയും അഡ്രിനൽ ഗ്രന്ഥിയിലെയും ട്യൂമർ എന്നിവയും ഹിർസ്യൂട്ടിസത്തിനു കാരണമാകാറുണ്ട്. ചിലരിൽ സാധാരണ കാണുന്നതിനെക്കാൾ കുറച്ചു കൂടിയ അളവിലായിരിക്കാം രോമവളർച്ച. എന്നാൽ, മറ്റു ചിലരിൽ പുരുഷന്മാരിലേതെന്ന പോലെ താടി, മീശ, കൃതാവ്, നെഞ്ച്, വയറു പോലെ പല ഇടങ്ങളിൽ രോമവളർച്ച ഉണ്ടായേക്കാം. ആൻഡ്രജൻ ഉൽപാദനം കൂടുന്നതുകൊണ്ടാണിത്. അതേസമയം, തലയോട്ടിയിലെ മുടി കുറയും. ചിലരിൽ മസിൽ കൂടുക, വന്ധ്യത, ആർത്തവം ക്രമരഹിതമാകുക എന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 

 

അടുത്തുള്ള ഗൈനക്കോളജിസ്റ്റിനെ കാണുക. ലക്ഷണങ്ങൾ പരിശോധിച്ചതിനുശേഷം ശാരീരിക പരിശോധനകളും രക്ത പരിശോധനകളും സ്കാനിങ്ങും നടത്തുക. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചികിത്സ. ഒരു ചികിത്സാവിധി ഗുളികകളാണ്. ഗുളിക കഴിച്ച് ആൻഡ്രജന്റെ അളവു കുറയ്ക്കാം. വളരെ പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യമെങ്കിൽ ഒരു ചര്‍മരോഗവിദഗ്ധനെ കണ്ട് ലേസർ ചികിത്സ, ഇലക്ട്രോളിസിസ് പോലെ ശരീരത്തിലെ രോമം കളയാനുള്ള മാർഗങ്ങൾ സ്വീകരിക്കാം. അമിതവണ്ണവും പിസിഒഡിയുമുണ്ടെങ്കിൽ വ്യായാമം ശീലമാക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക.

 

Content Summary : Hirsutism - Symptoms and causes - Dr. M.S. Sathi Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com