തലമുടി കഴുകുമ്പോൾ ഈ നാലു തെറ്റുകള്‍ ഒഴിവാക്കണം
Mail This Article
നനഞ്ഞിരിക്കുമ്പോൾ പൊട്ടിപ്പോകാന്‍ നല്ല സാധ്യതയുള്ള ഒന്നാണ് നമ്മുടെ തലമുടി. ഇതിനു പുറമേ നാം വരുത്തുന്ന ചില തെറ്റുകള്‍ മുടിയുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കും. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തെ അത് ബാധിക്കാം. മുടി നന്നായി പരിപാലിക്കാന്‍ അത് കഴുകുന്ന സമയത്ത് ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കാം
1. അടിക്കടി ഷാംപൂ ഉപയോഗിക്കരുത്
മുടിയുടെ അഴുക്കുകള്‍ മാറ്റാനും വൃത്തിയാക്കാനും ഷാംപൂ സഹായിക്കുമെന്നത് ശരിതന്നെ. എന്നാല്‍ നിരന്തരമുള്ള ഷാംപൂ ഉപയോഗം പ്രകൃതിദത്തമായ എണ്ണയെയും ഈര്‍പ്പത്തെയും ശിരോചർമത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. മുടി സ്ഥിരം കഴുകുന്നവരും ഷാംപൂ സ്ഥിരം ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒന്നില്‍ കൂടുതലൊന്നും ഷാംപൂ ഉപയോഗിക്കേണ്ടതില്ലെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നു.
2. ചൂടു വെള്ളത്തില്‍ മുടി കഴുകരുത്
മുടി കഴുകാന്‍ ചൂടു വെള്ളം ഉപയോഗിക്കുന്നത് ശിരോചര്‍മത്തെയും തലമുടിയെയും വരണ്ടതാക്കും. മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്താനും ഇതിടയാക്കും. ആദ്യം ചെറുചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുടി കഴുകുന്നതാണ് ഉത്തമം. ഇത് ഹെയര്‍ കണ്ടീഷണറും മറ്റും ശിരോചര്‍മത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.
3. ടവല്‍ ഉപയോഗിച്ച് മുടി ശക്തമായി തോര്‍ത്തരുത്
കുളി കഴിഞ്ഞയുടനെ ടവലുമായി തലയില്‍ മല്‍പിടുത്തം നടത്തുന്ന രീതിയും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പരുക്കനായ ടവലുകള്‍ ഇതിനായി ഉപയോഗിക്കുന്നതും മുടിയെ പ്രതികൂലമായി ബാധിക്കും. മുടിയെ കാറ്റില്‍ ഉണങ്ങാന്‍ വിടുന്നതോ മാര്‍ദവമുള്ള ടവല്‍ ഉപയോഗിച്ച് ചെറുതായി ഒപ്പുന്നതോ ആണ് നല്ലത്.
4. തലമുടിയില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ അടിക്കടി മാറ്റരുത്
പലതരം ഉത്പന്നങ്ങള്‍ക്കും പലതരം രാസ ഫോര്‍മുലകളാണ് ഉള്ളത്. മുടി ഇതില്‍ ഒരെണ്ണവുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അത് മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കുന്നത് നല്ലതല്ല. മികച്ച നിലവാരമുള്ള ഏതെങ്കിലുമൊരു ഷാംപൂവോ ഹെയര്‍ കണ്ടീഷണറോ തിരഞ്ഞെടുത്ത് പറ്റുമെങ്കില്‍ അതുതന്നെ സ്ഥിരമായി ഉപയോഗിക്കുക.
Content Summary: 4 Mistakes You Should Avoid While Washing Your Hair