പ്രമേഹം കാഴ്ച കവർന്നു; പകൽ വെളിച്ചത്തിൽ ടോർച്ചടിച്ച് പ്രകാശം നിറയ്ക്കുന്ന തോമാച്ചൻ
Mail This Article
പുലർച്ചെ ആറുമണി. സ്ഥലം വാഴൂർ റോഡിൽ ചങ്ങനാശേരി മടുക്കുംമൂട്. വെളിച്ചമുള്ള വഴിയിലൂടെ ടോർച്ച് തെളിച്ച് ഒരാൾ നടന്നു നീങ്ങുന്നു. റോഡരികിലെ വെള്ള വരയിലൂടെ ഒരാൾ ടോർച്ച് തെളിച്ചു നടക്കുന്നത് ആദ്യമായി കാണുന്നവർക്ക് അദ്ഭുതം തോന്നാം! നാട്ടുകാർക്ക് ഇതു പുതിയ കാഴ്ചയല്ല. അഞ്ചു വർഷമായി ഈ കാഴ്ച കാണുന്നു. പുറത്തു വെളിച്ചമാണെങ്കിലും കണ്ണിൽ നിറയെ ഇരുട്ടുമായിട്ടാണ് ഇദ്ദേഹം നടന്നു നീങ്ങുന്നത്. റോഡരികിലെ വെള്ള വര തെളിഞ്ഞു കാണാനാണ് പകലും ടോർച്ചടിക്കുന്നത്. മടുക്കുംമൂട്ടിൽ 30 വർഷമായി പഴം, പച്ചക്കറി കച്ചവടം നടത്തുകയാണ് കെ.പി.തോമസ് എന്ന തോമാച്ചൻ (62).
ചെറുപ്പത്തിലേ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു വർഷം മുൻപ് ഇടതു കണ്ണിന്റെയും കാഴ്ച പോയി. പ്രമേഹമായിരുന്നു കാരണം. ഇതുകൊണ്ട് ഇരുട്ടിലൊളിക്കാൻ തോമസ് തയാറായില്ല. ഇരുട്ടിനെ വെളിച്ചമാക്കി തോമസ് കട തുറന്നു.
കടയിൽ സാധനങ്ങൾ തൂക്കുമ്പോൾ ത്രാസിൽ വാങ്ങുന്നവരുടെ തട്ട് എപ്പോഴും താഴ്ന്നേ ഇരിക്കൂ. വാങ്ങുന്നവർക്ക് കുറവുണ്ടാകരുത് എന്നാണ് ഇൗ കച്ചവടക്കാരന്റെ നിർബന്ധം.
നോട്ട് മാറ്റിക്കൊടുത്തു പറ്റിക്കാമെന്നും വിചാരിക്കേണ്ട. കറൻസി നോട്ടിന്റെ നീളവും വീതിയും ഒക്കെ നോക്കി തിരിച്ചറിയും. രാവിലെ ആറിനു തുറക്കുന്ന കട രാത്രി ഒൻപതിന് അടയ്ക്കുമ്പോൾ മടക്കയാത്രയിൽ ഭാര്യ ലീലാമ്മയും ഒപ്പമുണ്ടാകും.
പുലർച്ചെ നാലിന് എഴുന്നേൽക്കുന്ന തോമാച്ചൻ ഇരുൾ മാറും മുൻപ് കടയിലേയ്ക്കു പോകാതിരിക്കാൻ ലീലാമ്മ ഒരു വിദ്യ കണ്ടെത്തി. ക്ലോക്കിലെ സമയം പിന്നോട്ടാക്കി വച്ചു.
പക്ഷേ പുറത്തെ ഇരുട്ടിനെ നീക്കാൻ പറ്റിയാലും അകത്തെ ഇരുട്ട് നീക്കാൻ പറ്റില്ലല്ലോ എന്ന് ലീലാമ്മ.. അതിന് ആരുടെ ഉള്ളിലാ ഇരുട്ട്, dതന്റെ ഉള്ളിൽ മുഴുവൻ വെളിച്ചമാണന്ന് തോമസ്.
എത്ര ഇരുൾ മൂടിയാലും പൂനിലാവു പോലെ ചിരിച്ച് തോമാച്ചൻ ഹാപ്പിയാണ്, കാണുന്നവരും ഹാപ്പിയാണ്.
Content Summary: World Sight Day special