അശരീരി കേൾക്കുന്ന കുട്ടികൾ: ശ്രദ്ധിച്ചില്ലെങ്കിൽ കളി കാര്യമാകാം
Mail This Article
ചോദ്യം : സ്കീസോഫ്രീനിയ രോഗം കുട്ടികളിൽ ഉണ്ടാകാറുണ്ടോ? ഇത് ചികിത്സിച്ചു മാറ്റാൻ കഴിയുമോ?
ഉത്തരം : സ്കീസോഫ്രീനിയ (Schizophrenia) എന്നത് വളരെ ഗൗരവമുള്ള ഒരു മനോദൗർബല്യമാണ്. സൈക്കോസിസ് എന്ന വിഭാഗത്തിൽ പെടുന്ന മനോദൗർബല്യങ്ങളിൽ ഒന്നാണിത്. സ്കീസോഫ്രീനിയ രോഗം 15 വയസ്സിനു താഴെയുള്ള കുട്ടികളിൽ അത്ര സാധാരണമല്ല. പൊതുവേ കൗമാരത്തിന്റെ അവസാനഘട്ടത്തിലും യൗവനത്തിലും ആണ് ഈ രോഗത്തിന്റെ തുടക്കം. ദീർഘകാലം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ള രോഗമാണിത്. നേരത്തേ കണ്ടെത്തുകയും ചികിത്സ തുടങ്ങുകയും ചെയ്താൽ ഭൂരിഭാഗം ആളുകൾക്കും രോഗം നിയന്ത്രിക്കാനും സാധാരണനിലയിൽ ജീവിതം നയിക്കാനും സാധിക്കും. എന്നാൽ, ചികിത്സ വൈകുകയോ കൃത്യമായി ചികിത്സ തുടരുകയോ ചെയ്യുന്നില്ലെങ്കിൽ രോഗാവസ്ഥ ഗുരുതരമാകുകയും സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്യും.
സ്കീസോഫ്രീനിയ എന്നത് ചിന്ത, പെരുമാറ്റം, ജീവിതചര്യ തുടങ്ങി എല്ലാത്തിനെയും ബാധിക്കുന്ന രോഗമാണ്. ഡെലൂഷനുകളും (Delusion) ഹാലൂസിനേഷനുകളും (Hallucination) ആണ് ഈ അസുഖത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന തെറ്റായ, ദൃഢമായ, അചഞ്ചലമായ വിശ്വാസമാണ് ഡെലൂഷൻ എന്നത്. ഉദാഹരണത്തിന് മറ്റുള്ളവർ തന്റെ ശത്രുക്കളാണ് എന്ന തോന്നൽ, താൻ ചിന്തിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അറിയാമെന്ന തോന്നൽ, തന്നെ മറ്റുള്ളവർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന വിശ്വാസം.
ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത വസ്തുക്കൾ കാണുക തുടങ്ങിയവയാണ് ഹാലൂസിനേഷനുകൾ. ആരോ സംസാരിക്കുന്നത് അശരീരിയായി കേൾക്കുകയും അതിനു മറുപടി പറയുകയും ചെയ്യുക, തനിയെ ചിരിക്കുക, തനിയെ സംസാരിക്കുക തുടങ്ങിയവയൊക്കെ ഹാലൂസിനേഷനുകളോടുള്ള പ്രതികരണം എന്ന നിലയിൽ ചെയ്യുന്നു. മിക്കപ്പോഴും ദൈനംദിന ജീവിതത്തെയും ജോലിയെയും കുടുംബജീവിതത്തെയും ഒക്കെ ബാധിക്കുന്ന അസുഖമാണിത്. അതുകൊണ്ടു തന്നെ നേരത്തേ തിരിച്ചറിഞ്ഞ് മനഃശാസ്ത്ര വിദഗ്ധന്റെ ചികിത്സ തേടുക എന്നതു പ്രധാനമാണ്.
Content Summary : Schizophrenia : Symptoms and Causes - Dr. P. Krishnakumar Explain