കൗമാരക്കാരിലെ ലഹരി ഉപയോഗം എങ്ങനെ തിരിച്ചറിയാം? എങ്ങനെ പ്രതികരിക്കാം?
Mail This Article
ചോദ്യം : മകന്റെ കൂട്ടുകാരിൽ ഒരാൾ പുകവലിക്കുന്നതു കണ്ടു. കൗമാരപ്രായക്കാരിൽ ലഹരി ഉപയോഗം എങ്ങനെയാണ് തിരിച്ചറിയുന്നത്? ലഹരി ഉപയോഗിക്കുന്നുവെങ്കിൽ എങ്ങനെയാണ് അതിനോടു പ്രതികരിക്കേണ്ടത്?
ഉത്തരം : കൂട്ടുകാരുടെ പ്രേരണയും സമ്മർദവും ആണ് മിക്കപ്പോഴും കൗമാരപ്രായക്കാരുടെ ലഹരി ഉപയോഗത്തിനു തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യമുള്ള സൗഹൃദങ്ങൾ ഉണ്ടാകുക എന്നതു പ്രധാനമാണ്. ചെറിയ തോതിലുള്ള ലഹരി ഉപയോഗം പിന്നീടു കൂടുതൽ ഗൗരവമുള്ള ലഹരി ഉപയോഗത്തിലേക്കും ലഹരിക്ക് അടിമയാകുന്നതിലേക്കും നയിച്ചേക്കാം. കൗമാര പ്രായത്തിൽ പുകവലി ആയാലും മറ്റു ലഹരി വസ്തുക്കളായാലും ഉപയോഗിക്കുന്നുവെങ്കിൽ പിന്നീടു ലഹരി അടിമത്തം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവെന്നു സംശയിക്കുന്നുവെങ്കിൽ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുന്നതാകും നന്നാകുക. ഒളിച്ചു വയ്ക്കുന്നത് ദോഷമാണു ചെയ്യുക. ലഹരി ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയാൽ ചീത്ത പറഞ്ഞതുകൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ പ്രയോജനം ഉണ്ടാകാൻ സാധ്യത കുറവാണ്. മിക്കപ്പോഴും രഹസ്യമായ ലഹരി ഉപയോഗത്തിലേക്കാണ് അമിതമായി ശക്ഷിക്കുന്നതും കുറ്റപ്പെടുത്തുന്നതും നയിക്കുക.
ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. എന്തുകൊണ്ട് ലഹരി ഉപയോഗിക്കുന്നവെന്നു ചോദിച്ചറിയുകയും അവരുടെ പ്രശ്നങ്ങൾക്ക് യഥാർഥത്തിലുള്ള പരിഹാരം കണ്ടെത്താൻ സഹായിക്കുകയും െചയ്യുക. ഊഷ്മളമായ ബന്ധങ്ങൾ ഉള്ള ആരോഗ്യകരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കുക. മാനസിക സമ്മർദം ഉണ്ടാകുമ്പോൾ അതു ലഘൂകരിക്കുന്നതിനു ലഹരി അല്ല മാർഗം എന്നുകൂടി കുട്ടികളെ മനസ്സിലാക്കുകയും ആരോഗ്യകരമായ മറ്റു മാർഗങ്ങളിലേക്കു (കളികൾ, വ്യായാമം മറ്റ് വിനോദമാർഗങ്ങൾ) അവരെ നയിക്കുകയും ചെയ്യുക.
മാനസിക, വൈകാരിക പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ ലഹരി ഉപയോഗത്തിനു സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ സഹായം തേടണം. ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും മുൻപു ചർച്ച െചയ്തിരുന്നു. ഇത്തരം ലക്ഷണങ്ങളൊക്കെ ലഹരി ഉപയോഗം തുടരുമ്പോൾ മാത്രമാണു പ്രകടമാകുക. തുടക്കത്തിൽ ഇവയൊന്നും പ്രകടമാകുകയില്ല. അതുകൊണ്ടു തന്നെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നുവെന്നു സംശയിക്കുന്നുവെങ്കിൽ ഇക്കാര്യത്തിൽ അറിവുള്ള വിദഗ്ധന്റെ സേവനം തേടുകയാണ് ഉചിതം.
Content Summary : Which treatment is most effective in treating addiction? - Dr. P. Krishnakumar Explains