ഗർഭകാലത്തു പ്രമേഹം ആവർത്തിക്കുമോ? എന്തൊക്കെ ശ്രദ്ധിക്കണം?
Mail This Article
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എനിക്കു 32 വയസ്സാണ്. ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് പ്രമേഹം ഉണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഗർഭകാലത്തു പ്രമേഹം ആവർത്തിക്കാൻ സാധ്യതയുണ്ടോ? എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?
ഉത്തരം : ഗർഭകാലത്ത് ആദ്യമായി കണ്ടുപിടിക്കുന്ന പ്രമേഹത്തെയാണ് ജെസ്റ്റേഷണൽ ഡയബറ്റിക്സ് (Gestational Diabetes) എന്നു പറയുന്നത്. 100 ഗർഭിണികളിൽ 10–15 പേരിലും ഈ പ്രശ്നം കാണാം. ചില ആളുകളിൽ പ്രമേഹം വരാൻ സാധ്യത കൂടുതലാണ്. ബിഎംഐ 30 ൽ കൂടുതൽ ഉള്ളവർ, 30 വയസ്സിനു മുകളിലുള്ളവർ, നേരത്തേ ഗർഭാവസ്ഥയിൽ പ്രമേഹം വന്നിട്ടുള്ളവർ, കുടുംബപരമായി പ്രമേഹമുള്ളവർ തുടങ്ങിയവരിൽ ഗർഭധാരണ സമയത്ത് പ്രമേഹം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പ്രമേഹം നിയന്ത്രണാതീതമാണെങ്കിൽ കുഞ്ഞിനു വലുപ്പം കൂടുകയും ജനനസമയത്ത് അപകടങ്ങൾ ഉണ്ടാകുകയും ചെയ്തേക്കാം. പ്രസവം സിസേറിയനാകാനുള്ള സാധ്യതയും ശേഷം ബ്ലീഡിങ്ങിനുള്ള സാധ്യതയും കൂടുതലാണ്. അമ്മയിൽ അണുബാധ ഉണ്ടാകാനും മാസം തികയുന്നതിന് മുൻപുള്ള വേദനയ്ക്കും പ്രമേഹം കാരണമാകാറുണ്ട്. പ്രമേഹമുള്ള അമ്മമാർക്കു രക്തസമ്മർദമുണ്ടാകാനും സാധ്യത കൂടുതലാണ്. ഗൗരവമുള്ളതും എന്നാൽ പ്രതിരോധിക്കാവുന്നതുമായ രോഗമാണ്.
ഗർഭാവസ്ഥയിൽ ജിടിടി എന്ന പരിശോധനയിലൂടെയാണ് പ്രമേഹമുണ്ടോ എന്നു കണ്ടെത്തിയത്. പ്രമേഹമുണ്ടെന്നു കണ്ടെത്തിയാൽ അതിന്റെ തോതിനനുസരിച്ചാണ് ചികിത്സ. ഭക്ഷണക്രമീകരണം, വ്യായാമം, ഗുളികകൾ, ഇൻസുലിൻ എന്നിവയാണ് ചികിത്സാരീതികൾ.
താങ്കൾക്ക് അടുത്ത തവണ ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കൂടുതലാണെങ്കിൽ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ച് ആരോഗ്യവതിയായിരിക്കുന്ന സമയത്തു ഗര്‍ഭം ധരിക്കുക. ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നതു നന്നായിരിക്കും.
ഗർഭധാരണത്തിനു മുൻപും ഗർഭം ധരിച്ചതിനു ശേഷവും രക്തപരിശോധനയിലൂടെ പ്രമേഹമില്ല എന്ന് ഉറപ്പു വരുത്തുക.
Content Summary : Gestational diabetes - Symptoms and causes - Dr. M.S. Sathi Explains