ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത് അശാസ്ത്രീയമാണോ? ഡോ. മഞ്ജുനാഥ് സുകുമാരൻ പറയുന്നു...
Mail This Article
എനിക്ക് 5 കിലോഗ്രാം കൂട്ടണം, അല്ലെങ്കിൽ 8 കിലോ കുറയ്ക്കണം, ഇങ്ങനെയുള്ള ആവശ്യങ്ങളുമായി എത്തുന്നവരെ കണ്ടിട്ടില്ലേ? പക്ഷേ, എവിടുന്നു കിട്ടി ഈ കിറുകൃത്യമായ സംഖ്യകൾ. എന്താണ് ശരീരഭാരത്തിന്റെ അടിസ്ഥാനം? നമ്മളിൽ പലരും ശരീരഭാരം ശരിയായ അളവിലാണോ എന്നറിയാൻ ആശ്രയിക്കുന്ന മാർഗമാണ് BMI ( ബോഡി മാസ് ഇൻഡക്സ് ). കിലോഗ്രാമിൽ ഉള്ള ശരീരഭാരത്തെ മീറ്ററിൽ ആക്കിയ ഉയരം കൊണ്ടു ഹരിക്കുന്നു. ഫലം 18.5നും 24.9നും ഇടയിലാണെങ്കിൽ നമ്മുടെ ഭാരം കൃത്യമാണെന്ന് അനുമാനിക്കുന്നു. എന്നാൽ ചിലരാകട്ടെ അവരുടെ സെൻ്റീമീറ്ററിലുള്ള ഉയരത്തിൽ നിന്ന് 100 കുറച്ചു കിട്ടുന്ന സംഖ്യയാണ് അവരുടെ ശരിയായ ഭാരം എന്ന് വിശ്വസിക്കുന്നു (ഉദാ. 170 സെമി ഉയരമുള്ള ആൾക്ക് 170-100 = 70 കിലോ ഭാരം). ഈ മാർഗം ശാസ്ത്രീയമാണോ? അല്ലെന്നു മാത്രമല്ല അപൂർണവുമാണ്. എല്ലാവരും ഒരേ വലുപ്പമുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്ന പോലെ അശാസ്ത്രീയമാണിത്. കാരണം, ശരീരഭാരമല്ല വ്യത്യാസപ്പെടുത്തേണ്ടത്, മറിച്ച് ഓരോരുത്തരുടെയും ശരീരഘടനയാണ് (Body Composition). ഞാൻ ശരീരഭാരം കുറച്ചു, അല്ലെങ്കിൽ അൽപം ഭാരം കൂട്ടി എന്നു ചില൪ 'ശാസ്ത്രീയമായി' പറയുന്നത് കേട്ടിട്ടില്ല? എന്തടിസ്ഥാനത്തിലാണിത്? നിങ്ങൾ 10 കിലോഗ്രാം കുറയ്ക്കുമ്പോൾ അതിൽ പേശികൾ ആണു കുറയുന്നതെങ്കിൽ ആ ഭാരക്കുറവ് ആരോഗ്യകരമല്ല. 10 കിലോ കൂട്ടുമ്പോൾ വർധിച്ചത് കൊഴുപ്പാണെങ്കിലോ? അതും നല്ലതല്ല.
നമ്മുടെ ശരീരഘടന എങ്ങനെ അറിയും ?
കൃത്യമായി അറിയാനുള്ള ഒരു മാർഗം DEXA (Dual-energy X-ray absorptiometry) എന്ന MRI സ്കാൻ ആണ്. വൻ ചെലവാണ് ഇവയ്ക്ക്, വീട്ടിൽ ഉപയോഗിക്കാനുമാവില്ല. എന്നാൽ, ദൈനംദിന ഉപയോഗത്തിനായി ബോഡി കോംപസിഷൻ അനലൈസെറുകളും (Body Composition Analyzer) ഉപയോഗിക്കാം. ഇവ ഉപയോഗിക്കുന്നതു വഴി ശരീരത്തിലെ ഓരോരോ ഭാഗങ്ങളുടെയും ഘടന അറിയാൻ കഴിയും.
ശ്രദ്ധ വേണ്ടത് പേശികളിലും കൊഴുപ്പിലും
ഘടനാപരമായി വേർതിരിച്ചാൽ നമ്മുടെ ശരീരത്തിന് 5 ഭാഗങ്ങൾ ഉണ്ട്.
1. അസ്ഥി 2. കൊഴുപ്പ് 3. അവയവങ്ങൾ 4. ജലം 5. പേശികൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവ പേശി തന്നെ. പേശികൾ 2 വിധമുണ്ട്. അസ്ഥികളോടു ചേർന്നു കാണുന്നവയും അവയവങ്ങളോടു ചേർന്നുള്ളതും. ആരോഗ്യമുള്ള ഒരു പുരുഷനിൽ 50-60% അസ്ഥികളോടു ചേർന്നു കാണുന്ന പേശികൾ ഉണ്ടാവണം. സ്ത്രീകളിൽ ഇതു 40-50 ശതമാനവും ആകണം.
കൊഴുപ്പിന്റെ കാര്യവും അതുപോലെ തന്നെ. ആന്തരിക അവയവങ്ങൾക്കു ചുറ്റുമുള്ള കൊഴുപ്പിന്റെ (Visceral Fat) അളവ് ശരീരഭാരത്തിന്റെ 8 ശതമാനത്തിൽ താഴെ ആയിരിക്കണം. അതു മൊത്തത്തിലുള്ള കൊഴുപ്പിന്റെ 15-20% വരെ മാത്രമേ കാണാവൂ. ഇത്തരത്തിൽ നമ്മുടെ ശരീരഘടനയെ ഒരുക്കിയാൽ മാത്രമേ യഥാർഥത്തിൽ ശരീരഭാരവും ശരിയാകൂ.
കൃത്യമായി പറഞ്ഞാൽ ശരീരഘടന ശരിയായിരിക്കുമ്പോൾ നമുക്കുള്ള ഭാരമാണു നമുക്കു വേണ്ട യഥാർഥ ഭാരം. ഭാരത്തേക്കാൾ പ്രധാനമാണ് ഘടന എന്ന് ഇപ്പോൾ വ്യക്തമായല്ലോ. ഇനി ഡയറ്റ് ക്രമീകരിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഭാരത്തെക്കുറിച്ചു മാത്രം ആശങ്കപ്പെടാതെ പേശികളെക്കുറിച്ചും കൊഴുപ്പിന്റെ അളവിനെക്കുറിച്ചും ചിന്തിക്കാം.
Content Summary : Is BMI an accurate way to measure body fat? - Dr Manjunath Sukumaran Explains