ADVERTISEMENT

പെൺകുട്ടികൾക്ക് അമ്മമാരുടെ കരുതൽ ഏറ്റവും ആവശ്യമുള്ള സമയമാണ് ആദ്യാർത്തവ കാലഘട്ടം. ആർത്തവ പൂർവ വേദനകൾക്കും അസ്വസ്ഥതകൾക്കും നല്ല മരുന്ന് അമ്മയുടെ സാമീപ്യവും സാന്ത്വനവും തന്നെയാണ്.

 

പക്ഷേ പലപ്പോഴും ഇതൊക്കെ എങ്ങനെ പറഞ്ഞുകൊടുക്കണം എന്ന ആശയക്കുഴപ്പം അമ്മമാരെ പിന്നോട്ടു വലിക്കും. ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ചമ്മലും മടിയും ഒഴിവാക്കി നിങ്ങളുടെ കുട്ടിയോട് ഇത്തരം കാര്യങ്ങൾ സംസാരിച്ച് ആദ്യ ആർത്തവത്തിനായി ഒരുക്കാം.

 

∙ നേരത്തെ തുടങ്ങാം : മകളുമായി വൈകാരികമായ ഒരടുപ്പം ഉണ്ടാക്കിയെടുക്കേണ്ടതു പ്രധാനമാണ്. തുറന്നു ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്യ്രമുണ്ടെങ്കിൽ തന്നെ സംശയം ചോദിക്കാൻ കുട്ടികളും തയാറാവും.

∙ എങ്ങനെ തുടങ്ങണം : 10 വയസ് ആകുമ്പോഴേക്കും ആർത്തവത്തെക്കുറിച്ചു പറഞ്ഞുകൊടുക്കണം. വളച്ചു കെട്ടാതെ ലളിതമായി പറഞ്ഞുകൊടുക്കാം. ആർത്തവത്തെക്കുറിച്ചു പറയുമ്പോൾ ശുചിത്വകാര്യങ്ങളെക്കുറിച്ചും പ്രായപൂർത്തി എത്തുമ്പോഴുണ്ടാകുന്ന ശാരീരികമാറ്റങ്ങളെക്കുറിച്ചും പറയാം.

∙ ഒറ്റയടിക്കു വേണ്ട കാര്യങ്ങൾ പലപ്പോഴായി പറയുന്നതാണു നല്ലത്. ഇതു കാര്യങ്ങൾ ഉൾക്കൊള്ളാനും സംശയങ്ങൾ തീർക്കാനുമുള്ള സാവകാശം നൽകും.

∙ കുട്ടിക്ക് അച്ഛൻ മാത്രമേ ഉള്ളെങ്കിൽ കുടുംബത്തിലെ തന്നെ മുതിർന്ന സ്ത്രീകളെ ആരെയെങ്കിലും ഇത്തരം കാര്യങ്ങൾ പറയാനേൽപിക്കാം.

∙ ആർത്തവ വേദനയെ അസഹ്യമായി ചിത്രീകരിക്കരുത്. എന്തു പ്രശ്നമുണ്ടെങ്കിലും അമ്മയോടു പറഞ്ഞാൽ മതി എന്ന വാക്കു തന്നെ കുട്ടിക്ക് ആത്മവിശ്വാസം നൽകും.

∙ ആർത്തവം പുറത്തു പറയാൻ പറ്റാത്ത കാര്യമാണ് എന്ന രീതിയിൽ കുട്ടികളോടു പെരുമാറരുത്. പുറത്തിറങ്ങുന്നതിനോ സ്കൂളിൽ പോകുന്നതിനോ കളികളിൽ ഏർപ്പെടുന്നതിനോ വിലക്കേർപ്പെടുത്തേണ്ടതില്ല.

∙ പാഡുകൾ ഉപയോഗിക്കേണ്ട വിധവും മറ്റും പറഞ്ഞു കൊടുക്കാം.

∙ സാധാരണ വേദന മാത്രമേ ഉള്ളൂ എങ്കിൽ സ്കൂളിൽ വിടാം. വേദനാസംഹാരികൾ നൽകുകയുമാകാം.

∙ 16 വയസു കഴിഞ്ഞിട്ടും ആർത്തവമായില്ലെങ്കിൽ ഡോക്ടറെ സമീപിച്ചു വിദഗ്ധ ചികിത്സ തേടണം.

∙ ആർത്തവത്തോടെ പെൺകുട്ടിക്കു പ്രത്യുൽപാദനശേഷി കൈവരികയാണ്. അതിന്റെ പ്രാധാന്യത്തെപ്പറ്റി മനസിലാക്കി കൊടുക്കണം.

Content Summary: First period: tips for mothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com