ADVERTISEMENT

തലച്ചോറിന്‍റെ ഓര്‍മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് അല്‍സ്ഹൈമേഴ്സ് അഥവാ മറവിരോഗം. കൂടുതലും പ്രായമായവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ഈ രോഗത്തിന്‍റെ ഭാഗമായി തലച്ചോര്‍ ചുരുങ്ങുകയും ഇവിടുത്തെ കോശങ്ങള്‍ നശിക്കുകയും ചെയ്യും. തലച്ചോറിനുള്ളിലും പുറമേയ്ക്കും ചില പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് അല്‍സ്ഹൈമേഴ്സിലേക്കു നയിക്കുന്നത്. 

 

പത്ത് വര്‍ഷത്തോളമെടുത്താണ് അല്‍സ്ഹൈമേഴ്സ് എന്ന മറവി രോഗം പുരോഗമിക്കുന്നത്. ഈ രോഗം തടയാന്‍ കഴിയില്ലെങ്കിലും ഇതിന്‍റെ വരവ് വൈകിപ്പിക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. പുകവലി ഉപേക്ഷിക്കുക

അല്‍സ്ഹൈമേഴ്സ് അപകടസാധ്യത വര്‍ധിപ്പിക്കുന്ന ദുശ്ശീലമാണ് പുകവലി. ഈ ശീലം ഉപേക്ഷിക്കുന്നത് അല്‍സ്ഹൈമേഴ്സിന്‍റെ അപകടസാധ്യത മാത്രമല്ല ഹൃദ്രോഗത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യതകള്‍ കുറയ്ക്കും. ഹൃദയത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകള്‍ ചുരുങ്ങുന്ന സാഹചര്യവും പുകവലി ഉപേക്ഷിക്കുന്നതിലൂടെ നല്ലൊരളവില്‍ ഒഴിവാക്കാം. 

 

2. മദ്യപാനം പരിമിതപ്പെടുത്താം

മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തില്‍ പ്രധാനമാണ്. മദ്യപാനികള്‍ കഴിക്കുന്ന മദ്യത്തിന്‍റെ അളവ് കുറച്ച് കൊണ്ടു വരികയും മദ്യപിക്കാതിരിക്കുന്ന ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

 

3. ആരോഗ്യകരമായ ഭക്ഷണക്രമം

പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവയെല്ലാം അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമവും മറവി രോഗത്തെ ചെറുക്കാന്‍ സഹായിക്കും. സാച്ചുറേറ്റഡ് കൊഴുപ്പും, പഞ്ചസാരയും ഉപ്പും അധികം ചേര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഭാരനിയന്ത്രണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 

 

4. വ്യായാമം

ആഴ്ചയില്‍ 150 മിനിറ്റെങ്കിലും കുറഞ്ഞത് വ്യായാമം  ചെയ്യുന്നത് ശരീരത്തെ മാത്രമല്ല തലച്ചോറിനെയും സജീവമാക്കി നിര്‍ത്തും. ധാരണാ ശേഷി മെച്ചപ്പെടുത്താനും ഓര്‍മകളുടെ തലച്ചോറിലെ കേന്ദ്രമായ ഹിപ്പോക്യാംപസിനെ ഉദ്ദീപിപ്പിക്കാനും വ്യായാമം സഹായിക്കും. 

 

5. ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധന

അല്‍സ്ഹൈമേഴ്സ് വരാനുള്ള സാധ്യതകള്‍ പ്രവചിക്കാന്‍ പല തരത്തിലുള്ള ആരോഗ്യ പരിശോധനകള്‍ സഹായിക്കും. ശാരീരിക ക്ഷമതയെ കുറിച്ചുള്ള സൂചനകള്‍ നല്‍കാനും ആരോഗ്യ പരിശോധനകള്‍ക്ക് കഴിയുന്നതാണ്. 

Content Summary: Alzheimer's preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com