ADVERTISEMENT

അമിത ഭാരം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാന്‍ നിരവധി പേര്‍ പിന്തുടരുന്ന മാര്‍ഗമാണ് ഡയറ്റിങ് അഥവാ ഭക്ഷണക്രമത്തിലെ നിയന്ത്രണം. എന്നാല്‍ ഇത് ശരിയായ വിധത്തില്‍ ചെയ്തില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ശരീരത്തിനുണ്ടാകുക. ഡയറ്റിങ് സമയത്ത് പലര്‍ക്കും സംഭവിക്കാവുന്ന ചില തെറ്റുകള്‍ ഇനി പറയുന്നവയാണ്. 

 

1. കാലറി തെറ്റായി കണക്കാകുക

നാം കഴിക്കുന്നതില്‍ കൂടുതല്‍ കാലറി ശരീരത്തില്‍ നിന്നു കത്തിച്ചു കളഞ്ഞാല്‍ മാത്രമേ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കൂ. ഇതിന് കഴിക്കുന്ന ആഹാരത്തിലെ കാലറി കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കണം. ആവശ്യത്തിന് കാലറി കഴിക്കാതിരിക്കുന്നതും അപകടമാണ്. ഇത് പിന്നീട് വിശപ്പ് കൂടി വലിച്ചു വാരി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. 

 

2. വാരാന്ത്യത്തില്‍ കൂടുതല്‍ കഴിക്കുന്നത്

ആഴ്ചയില്‍ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ കൃത്യമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്ന ശേഷം വാരാന്ത്യത്തില്‍ കൈവിട്ട കളിക്ക് മുതിരരുത്. അവധി ദിവസങ്ങളില്‍ അമിതമായ കാലറി കഴിക്കുന്നത് മറ്റ് ദിവസങ്ങളിലെ ഗുണങ്ങള്‍ ഇല്ലാതാക്കും. 

 

3. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത്

കാലറി കുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായി തോന്നാം. പക്ഷേ, ഇത് ഒരിക്കലും ചെയ്യരുത്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയത്ത് അമിതമായി കഴിക്കാനും ഇടയാക്കാം. അനാവശ്യമായ സ്നാക്സ് കഴിക്കുന്നതിലേക്കും ഇത് നയിക്കാം. 

 

4. മദ്യപാനം

അമിത ഭക്ഷണം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന ഒന്നാണ് മദ്യപാനം. ഡയറ്റിങ് സമയത്ത് മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. 

 

5. കാലറി കൂടിയ പാനീയങ്ങള്‍

ഭക്ഷണത്തിലെ കാലറി മാത്രമല്ല നാം കുടിക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കാലറിയെ കുറിച്ചും ശ്രദ്ധ പതിപ്പിക്കണം. ചിലതരം ഫ്രൂട്ട് ജ്യൂസുകള്‍, സോഡകള്‍, കോഫികള്‍ തുടങ്ങിയവയില്‍ അമിതമായ തോതില്‍ കാലറി അടങ്ങിയിട്ടുണ്ട്. അവയും ഭാരം വര്‍ധിപ്പിക്കാം. 

 

6. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രം ഭാരം കുറയില്ല. പകരം സംസ്കരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.

Content Summary: Here are some mistakes to avoid while dieting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com