ഹൈപോതൈറോയ്ഡിസം: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
Mail This Article
ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ്. കഴുത്തിനു മുൻവശത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഈ ഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ പലവിധ ശീരീരികപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല തരത്തിലുള്ള പ്രശ്നങ്ങൾ തൈറോയ്ഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാതെ ഇരിക്കുന്ന ഹൈപോതൈറോയ്ഡിസം. ഈ അവസ്ഥയിൽ ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ ഗ്രന്ഥിക്ക് ഉൽപാദിപ്പിക്കാൻ കഴിയാതെ വരും.
ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.
1. ഭാരവർധന
തൈറോയ്ഡ് ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് ചയാപചയ സംവിധാനത്തിന്റെ വേഗം കുറയ്ക്കും. ഇത് ശരീരഭാരം വർധിക്കുന്നതിനു കാരണമാകും. വർധിച്ച ഈ ശരീരഭാരം കുറയ്ക്കുക എന്നതും രോഗികളെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയാണ്.
Read More: തൈറോയ്ഡ് രോഗങ്ങൾ നേരത്തേ കണ്ടെത്താം
2. വരണ്ട ചർമം
വരണ്ട ചർമം, ചൊറിച്ചിൽ എന്നിവയും ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്.
3. തണുത്ത ശരീരം
ശരീര താപനിലയെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി മുഖ്യ പങ്കുവഹിക്കുന്നു. ഈ ഗ്രന്ഥി ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് രോഗിയുടെ ശരീരോഷ്മാവിനെ ബാധിക്കും. കൈയും കാലുമൊക്കെ എപ്പോഴും തണുത്തിരിക്കുന്നത് ഹൈപോതൈറോയ്ഡിസത്തിന്റെ മുന്നറിയിപ്പു നൽകുന്നു.
4. മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ, കൺപീലികൾ കൊഴിയൽ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്.
5. മലബന്ധം
മറ്റു പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാൽ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമായി രോഗികൾ തിരിച്ചറിയാറില്ല.
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.