ഈ അഞ്ച് ശീലങ്ങൾ തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടും
Mail This Article
ലോകത്ത് ഏറ്റവും ഭയാനകവും എന്നാൽ സാധാരണവുമായ ഒരു രോഗമാണ് കാൻസർ. മനുഷ്യനെ ബാധിക്കുന്ന ഏതാണ്ട് ഇരുപതിനം കാൻസറുകൾ ഉണ്ട്. രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ഇത് വളരെ വേഗം വ്യാപിക്കുകയും ജീവനു തന്നെ ഭീഷണി ആയി തീരുകയും ചെയ്യും.
എന്നാൽ വൈദ്യശാസ്ത്രം വികസിച്ചതോടുകൂടി ഇന്ന് കാൻസർ തിരിച്ചറിയാൻ നിരവധി മാർഗങ്ങളുണ്ട്. കൂടാതെ ഫലപ്രദമായ ചികിത്സകളും ലഭ്യമാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ സാധാരണമായ ഒരു കാൻസർ ആണ് തൊണ്ടയിലെ കാൻസർ അഥവാ ഈസോഫാഗൽ കാൻസർ. ഓരോ വര്‍ഷവും 47,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ മാത്രം 42,000 പേരാണ് ഈ കാൻസർ മൂലം ഓരോ വർഷവും മരണമടയുന്നത്.
എന്താണ് ഈസോഫാഗൽ കാന്‍സർ?
അന്നനാളത്തിന്റെ (esophagus) ആന്തരപാളിയായ മ്യൂക്കോസയിൽ ആണ് കാൻസർ തുടങ്ങുന്നത്. തൊണ്ട മുതൽ വയറു വരെ നീളുന്ന ഒരു കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നതു മുതൽ വയറിലെത്തി ദഹിക്കുന്നതു വരെ ഭക്ഷണത്തെ ചലിപ്പിക്കുന്ന ഒരു കുഴൽ ആണിത്.
Read more: ‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി
തൊണ്ടയുടെ തൊട്ടു പുറകിലായി സ്ഥിതി ചെയ്യുന്ന സ്വനപേടകത്തിനും കാൻസർ വരാനുള്ള സാധ്യതയുണ്ട്. സ്വനപേടകം കാർട്ടിലേജ് കൊണ്ടുണ്ടാക്കിയതാണ്. ഇതിൽ വോക്കൽ കോർഡുകൾ ഉണ്ട്.
ലക്ഷണങ്ങൾ
കടുത്ത ചുമ, ശബ്ദത്തിൽ വ്യത്യാസം, ശബ്ദം പരുക്കനാകുക, ഭക്ഷണം ഇറക്കാൻ പ്രയാസം, ചെവിവേദന, മാറാത്ത തൊണ്ടവേദന, കാരണമില്ലാതെ ശരീരഭാരം കുറയുക ഇതെല്ലാം തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാണ്.
കാൻസർ സാധ്യത വർധിപ്പിക്കുന്ന ശീലങ്ങൾ
തൊണ്ടയിലെ കോശങ്ങൾക്ക് ജനിതകവ്യതിയാനം സംഭവിക്കുമ്പോഴാണ് തൊണ്ടയിലെ അർബുദം ഉണ്ടാകുന്നത് എങ്കിലും കാരണങ്ങൾ വ്യക്തമല്ല. നിരവധി ഘടകങ്ങൾ തൊണ്ടയിലെ കാൻസറിനു കാരണമാകുന്നുണ്ട്. കേൾക്കുമ്പോൾ വളരെ നിരുപദ്രവകരമെന്നു തോന്നുന്ന പല ശീലങ്ങളും കാൻസറിനു കാരണമാകാം.
ദിവസവും കഴിക്കുന്ന ഭക്ഷണം
സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഉപ്പു കൂടിയ ഭക്ഷണം, ഫ്രോസൺ ഫുഡ്സ് ഇവയിലെല്ലാം സോഡിയവും പ്രിസർവേറ്റീവുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് കാൻസർ സാധ്യത കൂട്ടും.
മറ്റേതൊരു രോഗത്തെയും പോലെ സീസണിൽ ലഭ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. ഇവയിൽ വൈറ്റമിനുകളും ധാതുക്കളും ധാരാളം ഉണ്ട്. ഇവ ആരോഗ്യമുള്ള ശരീരകോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
തിളപ്പിച്ച വെള്ളം, ചൂട് പാനീയങ്ങൾ ഇവ കുടിക്കുന്നത്
വർഷം മുഴുവൻ തിളപ്പിച്ച ചൂടു വെള്ളം കുടിക്കുന്ന നിരവധി പേരുണ്ട്. ഇത് കൂടാതെ ചൂട് ചായ, കാപ്പി, പാൽ, സൂപ്പ് ഇവ കുടിക്കുന്നതും തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടും.
ചൂടുവെള്ളവും ചൂടു പാനീയങ്ങളും അന്നനാളത്തിന് പരിക്കേൽപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുക വഴി കാൻസർ സാധ്യത കൂട്ടുന്നു. രുചി ആസ്വദിക്കാനും കാൻസറിനെ അകറ്റാനും എപ്പോഴും മുറിയിലെ താപനിലയിലുള്ള പാനീയങ്ങൾ മാത്രം കുടിക്കുക.
പുകയില, മദ്യം ഇവയുടെ ഉപയോഗം
പുകവലിയിലൂടെ പുകയില ഉപയോഗിക്കുന്നത് നിരവധിയിനം കാൻസറുകൾക്ക് കാരണമാകും. പരോക്ഷ പുകവലി (secondhand smoke) പോലും ശ്വാസകോശഅർബുദ സാധ്യത വർധിപ്പിക്കും. പുകവലി കൂടാതെ പുകയില ചവയ്ക്കുന്നതും വായിലെയും തൊണ്ടയിലെയും പാൻക്രിയാസിലെയും കാൻസർ വരാൻ കാരണമാകും.
ഇതേപോലെ മദ്യപാനവും തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടുന്നു.
Read more: കാൻസർ രോഗത്തിനു പിന്നിലുണ്ട് ഈ കാരണങ്ങൾ; രോഗികൾക്കു വേണം തുടർപരിചരണവും പുനരധിവാസവും
പൊണ്ണത്തടി
മടി, ഒരേ സ്ഥലത്തു തന്നെയുള്ള ഇരിപ്പ്, ആരോഗ്യഭക്ഷണം കഴിക്കാതിരിക്കുക, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, നന്നായി ഉറങ്ങാതിരിക്കുക ഇതെല്ലാം അമിതഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും എന്നുമാത്രമല്ല, കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും.
അമിതവണ്ണമുള്ളവർക്ക് ഗാസ്ട്രോഈസോഫാഗൽ റിഫ്ലക്സ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ തൊണ്ടയിലെ കാൻസർ സാധ്യതയും കൂടുതലാണ്. സാധാരണ ഭക്ഷണം ദഹിപ്പിക്കാൻ എൻസൈമുകളും ആസിഡും വയർ ഉൽപാദിപ്പിക്കും. എന്നാൽ ചിലരിൽ ആസിഡ് ഉദരത്തിൽ നിന്ന് ഉയർന്ന് അന്നനാളത്തിന്റെ താഴ്ഭാഗത്തെത്തും. ഇതിന് ഗാസ്ട്രോഈസോഫേഗൽ റിഫ്ലക്സ് എന്നാണ് പറയുക.
വ്യായാമമില്ലായ്മ
ദിവസവും വ്യായാമം ചെയ്തില്ലെങ്കിൽ അത് നിങ്ങളെ ഉദാസീനരും അലസരും ആക്കും. കൂടാതെ മാനസികമായി പ്രയാസം ഉണ്ടാക്കുകയും ചെയ്യും.
ശാരീരിക പ്രവർത്തനങ്ങൾ ഒരാളെ ഊർജസ്വലരാക്കുന്നതോടൊപ്പം രോഗങ്ങൾ ഒന്നും വരാതെയും സംരക്ഷിക്കുന്നു. മിതമായ അളവിൽ ദിവസവും വ്യായാമം ചെയ്യുന്നത് തൊണ്ടയിലെ കാൻസർ അകറ്റും എന്ന് പഠനങ്ങൾ പറയുന്നു.
Content Summary: 5 daily habits that are increasing your risk of throat cancer