‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി
Mail This Article
‘കാലം മാറി, കാൻസറിനു മികച്ച ചികിത്സ ലഭ്യമാണ്. കാൻസർ രോഗികളെ സഹതാപത്തിന്റെ കണ്ണുകൾ കൊണ്ട് ആരും നോക്കരുത്.സഹതാപത്തിന്റെ ഒരാവശ്യവുമില്ല. കാൻസർ അല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നിങ്ങൾക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുക– കാൻസർ തോറ്റ് പിൻമാറിക്കോളും.’– എട്ടു വയസ്സിൽ ബാധിച്ച ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്ന അർബുദത്തെ പാട്ടു പാടി, ചിരിച്ചുകൊണ്ട് തോൽപ്പിച്ച അവനി എന്ന കൊച്ചുമിടുക്കിക്ക് സമൂഹത്തോടും കാൻസർ രോഗികളോടും ഈ അർബുദ ദിനത്തിൽ പറയാനുള്ളത് ഇതാണ്. അതേ, ഞാൻ കാൻസറിനെ അതിജീവിച്ചവളാണ്. ചുമ്മാതൊന്നുമല്ല, 9 പീഡിയാട്രിക് കീമോ, അഡൽറ്റിന്റെ കോഴ്സ് 8 എണ്ണം, 25 റേഡിയേഷൻ, പിന്നെ 25 മെയിന്റനൻസ് കീമോ ഇത്രയും ചെയ്താണ് ഞാൻ കാൻസർ എന്ന രോഗത്തെ തൂത്തെറിഞ്ഞത്. എനിക്കു സാധിച്ചെങ്കിൽ നിങ്ങൾക്കൊക്കെ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ സാധിക്കും, ശരിയായ ചികിത്സ സ്വീകരിക്കണമെന്നു മാത്രം– ഇതൊക്കെ പറയുമ്പോഴും അവനിയുടെ മുഖത്തുള്ളത് പുഞ്ചിരി മാത്രം. അതാണ് അവനിയെന്ന് അവളും പറയും. വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയും ‘വെഞ്ഞാറമൂടിന്റെ വാനമ്പാടി’യുമായ രാത്തു എന്ന അവനി ലോക കാൻസർ ദിനത്തിൽ മനോരമ ഓൺലൈനൊപ്പം ചേരുകയാണ്.