കുട്ടികളിലെ അർബുദം; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം, ലാഘവത്തോടെ സമീപിക്കുന്നത് അപകടകരം
Mail This Article
കാൻസർ ബാധിക്കുന്നതിനു പ്രായപരിധിയുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും നാം കേൾക്കുന്ന ഭൂരിപക്ഷം കാൻസർ കേസുകളിലും രോഗികളുടെ പ്രായം മധ്യവയസ്സോ അതിനു മുകളിലോ ആണ്. ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ നാലു ശതമാനത്തില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ കണക്കാണിത്. അതില്‍ 40% കുട്ടികളെയും ബാധിക്കുന്നത് ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രമാകുന്ന രക്താര്‍ബുദമാണ്. പക്ഷേ മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കും. കൃത്യമായ ചികിത്സയിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ കണ്ടെത്തുന്ന ട്യൂമറുകള്‍ എല്ലാം അപകടകാരിയാകണമെന്നില്ല.
Read Also : ‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി
നേരത്തേ കണ്ടെത്തി വിദഗ്ധ ചികിൽത്സ തുടങ്ങാനായാല്‍ കുട്ടികള്‍ക്ക് കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും. കുട്ടികളിലെ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യത മുതിര്‍ന്നവര്‍ക്കുള്ളതിനേക്കാള്‍ കൂടുതലാണ്. ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ ബാധിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വം കാന്‍സറുകളുണ്ട്. പക്ഷേ അതെല്ലാം അപകടകാരികള്‍ അല്ല. കുട്ടികളിലെ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഇപ്പോള്‍ കേരളത്തിൽ ലഭ്യമാണ്. എന്നിട്ടും ഈ ജീവിതപരീക്ഷണത്തിന് മുന്നില്‍ മാതാപിതാക്കള്‍ തോറ്റുപോകുന്നത്, അതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ്. മുതിര്‍ന്നവരില്‍ കാണുന്ന അര്‍ബുദങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് കുട്ടികളിലെ അര്‍ബുദം.
Read Also : കാൻസർ രോഗത്തിനു പിന്നിലുണ്ട് ഈ കാരണങ്ങൾ; രോഗികൾക്കു വേണം തുടർപരിചരണവും പുനരധിവാസവും
കുഞ്ഞിന് അര്‍ബുദം ബാധിച്ചിരിക്കുന്നു എന്ന് ഡോക്ടര്‍ സൂചന നല്‍കുമ്പോള്‍ത്തന്നെ മാതാപിതാക്കൾ മാനസികമായി തകര്‍ന്നു പോകാറുണ്ട്. പല മാതാപിതാക്കളും മറ്റൊരു ഡോക്ടറുടെ അഭിപ്രായം കൂടി തേടും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചികിത്സാരീതികള്‍ പരീക്ഷിക്കാന്‍ തയാറാവും. കുഞ്ഞുങ്ങളെ കാന്‍സര്‍ സെന്ററിലേക്ക് റഫര്‍ ചെയ്താല്‍ പോലും ചില രക്ഷിതാക്കള്‍ അവിശ്വാസം കാരണം കൊണ്ടുപോകാറില്ല. അങ്ങനെ എല്ലാം കഴിഞ്ഞ് തിരിച്ചറിവിന്റെ ഘട്ടത്തില്‍ എത്തുമ്പോഴേക്കും കാന്‍സര്‍ കൂടുതല്‍ അപകടകാരിയായി മാറും. വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഈ മാരകരോഗത്തെ ഇത്ര ലാഘവത്തോടെ സമീപിക്കുന്നത് അപകടകരമാണെന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റി പീഡിയാട്രിക് ഓങ്കോളജി കൺസൽറ്റന്റ് ഡോ. ശ്വേത സീതാറാം പറയുന്നു.
ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളര്‍ച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ എന്നിവ കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളില്‍ ഉള്‍പ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളില്‍ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളില്‍ കഴലകള്‍ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താര്‍ബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാന്‍സര്‍ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയര്‍ക്കുക എന്നിവയും കാന്‍സറിന്റെ ലക്ഷണമാകാം.
കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന ഒരു തരം അര്‍ബുദമാണ് റെറ്റിനോബ്ലാസ്റ്റോമ. ഫോട്ടോയെടുക്കാന്‍ കണ്ണിലേക്ക് നേരിട്ട് ഫ്‌ലാഷ് അടിക്കുമ്പോള്‍ ആരോഗ്യമുള്ള കൃഷ്ണമണികള്‍ ഫോട്ടോയില്‍ ചുവന്ന നിറത്തില്‍ (റെഡ് ഐ) കാണപ്പെടും. മറിച്ച്. വെള്ള നിറത്തിലാണ് കാണുന്നതെങ്കില്‍ കുട്ടിയുടെ കണ്ണില്‍ കാന്‍സര്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പൊതുവേ മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. അപ്രതീക്ഷിതമായി കോങ്കണ്ണ് ഉണ്ടാവുകയോ കാഴ്ചശക്തി കുറയുകയോ ചെയ്താലും പരിശോധന നടത്തണം. വിട്ടുമാറാത്തതും നിരന്തരമുള്ള തലവേദനയാണ് ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണം. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതല്‍ തലവേദന അനുഭവപ്പെടുന്നത്. വേദനയോടൊപ്പം ഛര്‍ദിയും കാണപ്പെടും. ഛര്‍ദിക്കുമ്പോള്‍ ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും തലവേദന വീണ്ടും ഉണ്ടാകും. വേദന കൂടാതെ ശരീരത്തില്‍ എവിടെ വീക്കമുണ്ടെന്ന് കണ്ടാലും ശ്രദ്ധിക്കണം. കുട്ടികളെ കുളിപ്പിക്കുന്ന സമയത്ത് വയറില്‍ എന്തെങ്കിലും വീക്കമുണ്ടെന്ന് തോന്നിയാലും പരിശോധിക്കണം.
കൂട്ടികളിലെ കാൻസർ ചികിത്സ എങ്ങനെ?
കുട്ടികളില്‍ കാന്‍സര്‍ കണ്ടെത്തിയാല്‍ അവരുടെ ഭാവി കൂടി കണക്കിലെടുത്തുകൊണ്ടാണ് ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന തീവ്ര റേഡിയേഷന്‍ പോലെയുള്ള ചികിത്സകള്‍ പരമാവധി ഒഴിവാക്കാനായിരിക്കും ഡോക്ടര്‍മാര്‍ ശ്രമിക്കുക. രക്താര്‍ബുദം പോലെയുള്ള ഗുരുതരരോഗങ്ങള്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതുണ്ട്. തീവ്രാവസ്ഥയിലേക്ക് കടന്നിട്ടില്ലാത്ത മുഴകള്‍ക്കും മറ്റും കീമോതെറാപ്പിക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയാല്‍ മതി. ഏതെങ്കിലും സാഹചര്യത്തില്‍ ആരോഗ്യം മോശമായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
രക്താര്‍ബുദം രണ്ട് തരമുണ്ട്. 80% കുട്ടികളിലും കാണപ്പെടുന്നത് അക്യൂട്ട് ലിംഫോബ്ളാസ്റ്റിക്ക് ലുക്കീമിയയാണ് (ALL). രണ്ടര വര്‍ഷത്തോളം അതിന് ചികിത്സ വേണ്ടിവരും. ഏതാണ്ട് 70 - 80 % കുട്ടികളിലും ഈ അര്‍ബുദം പൂര്‍ണമായും ഭേദമാകും. അക്യൂട്ട് മൈലോയിഡ് ലുക്കീമിയയാണ് (AML) കുട്ടികളെ ബാധിക്കുന്ന മറ്റൊരുതരം രക്താര്‍ബുദം. ആറ് മാസം വരെയൊക്കെ ഇതിന് ചികിത്സ വേണ്ടിവരാം. പക്ഷെ 50% ത്തില്‍ താഴെ മാത്രമാണ് അതിജീവന സാധ്യത. ചിലപ്പോള്‍ ട്രാന്‍സ്പ്ലാന്റും വേണ്ടിവന്നേക്കാം.
ഏതെങ്കിലുമൊരു അവയവത്തിലോ പേശിയിലോ കാണപ്പെടുന്ന അര്‍ബുദ മുഴകള്‍ തുടക്കത്തിലേ തിരിച്ചറിയാനായാല്‍ ശസ്ത്രക്രിയയിലൂടെ വളരെ പെട്ടെന്ന് ഭേദമാക്കാന്‍ കഴിയും. പക്ഷേ ആ മുഴകള്‍ മറ്റേതെങ്കിലും ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ കീമോതെറാപ്പിയോ റേഡിയേഷനോ വേണ്ടി വരും.
റേഡിയേഷന് കരുതലോടെ
എല്ലാ തരം ചികിത്സയ്ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ചില പാര്‍ശ്വഫലങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകും. പത്ത് ശതമാനത്തില്‍ താഴെ കുട്ടികളില്‍ മാത്രമേ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുള്ളൂ. അതില്‍ തന്നെ ഭൂരിഭാഗവും റേഡിയേഷന് വിധേയരാകുന്ന കുട്ടികളാണ്. പരമാവധി റേഡിയേഷന്‍ ഒഴിവാക്കാനായിരിക്കും ഡോക്ടര്‍മാര്‍ ശ്രമിക്കുക. റേഡിയേഷന്‍ ഒഴിച്ചുകൂടാനാവാത്ത സാഹചര്യം എത്തിയാല്‍ ഡോസ് പരമാവധി കുറയ്ക്കും. രോഗം നേരത്തെ കണ്ടെത്തി ചികിൽസിക്കാനായാല്‍ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ പോലെയുള്ള കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഏത് കാന്‍സര്‍ ആയാലും പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് ഏറ്റവും മികച്ച ഫലപ്രാപ്തി തരുന്ന ഒരു ചികിത്സാപദ്ധതിയായിരിക്കും ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കുക. ചികിത്സ വൈകാതിരിക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.
സ്വയം പഴിക്കരുത്, ധൈര്യം കൈവിടരുത്
ഗര്‍ഭിണി ആണെന്നറിയാതെ സിടി സ്‌കാന്‍ പോലെയുള്ള റേഡിയേഷന്‍ ഏല്‍ക്കുന്നതും അച്ഛനമ്മമാരുടെ പുകവലിശീലവും കുട്ടികളിലെ കാന്‍സറിന് കാരണമാകാം. അപൂര്‍വം ചില കുട്ടികളില്‍ കുടുംബപാരമ്പര്യവും കാരണമാകാറുണ്ട്. പക്ഷേ 90% കേസുകളിലും എന്തുകൊണ്ട് കുട്ടികള്‍ക്ക് കാന്‍സര്‍ വന്നു എന്ന് വ്യക്തമായ ഒരുത്തരം കണ്ടെത്താനാകില്ല. ജനിതകമായ കാരണങ്ങളാലാണ് കുട്ടികളില്‍ അര്‍ബുദകോശങ്ങള്‍ രൂപപ്പെടുന്നത്.
Read Also : ഈ അഞ്ച് ശീലങ്ങൾ തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടും.
കുട്ടികളില്‍ അര്‍ബുദം സ്ഥിരീകരിക്കുമ്പോള്‍ പല മാതാപിതാക്കളും സ്വയം പഴിക്കാറുണ്ട്. പക്ഷേ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒന്നും നമുക്ക് ചെയ്യാനില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്ല രീതിയില്‍ നോക്കാത്തതു കൊണ്ടല്ല ഭൂരിഭാഗം കുട്ടികള്‍ക്കും കാന്‍സര്‍ വരുന്നത്. ജനിതക കാരണങ്ങളാലാണ് അതുണ്ടാകുന്നതെന്നു മാത്രം നമുക്കറിയാം. അമ്മ കഴിക്കുന്ന ഏതെങ്കിലും മരുന്നോ ഭക്ഷണമോ കാരണമാണ് കുട്ടിക്ക് കാന്‍സര്‍ ഉണ്ടായതെന്ന് പറയുന്നതിലും സത്യമില്ല. ധൈര്യത്തോടെ കാന്‍സറിനെ നേരിടാന്‍ കുട്ടിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്.
ചികിത്സാ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
∙ കാന്‍സര്‍ ചികിത്സയിലൂടെ കടന്നുപോകുന്ന എല്ലാ കുട്ടികളുടെയും പ്രതിരോധ ശേഷി വളരെ കുറവായിരിക്കും.
∙ കീമോ തെറാപ്പി എടുക്കുന്ന കുട്ടികള്‍ക്ക് പോളിയോ ഉള്‍പ്പെടെ യാതൊരു വാക്‌സീനും നല്‍കാന്‍ പാടില്ല.
∙ കുട്ടിയുടെയും പരിചരിക്കുന്നവരുടെയും ശുചിത്വം ഉറപ്പുവരുത്തണം.
∙ പുറത്തു നിന്നുള്ള ഭക്ഷണം ഒരുകാരണവശാലും നല്‍കരുത്.
∙ പാകം ചെയ്ത് ഫ്രിജില്‍ സൂക്ഷിക്കുന്ന ഭക്ഷണം ചൂടാക്കിയും നല്‍കരുത്. ഉടനെ പാകം ചെയ്ത ഭക്ഷണം മാത്രം നല്‍കുക.
∙ ബേക്കറി പലഹാരങ്ങള്‍ നല്‍കരുത്.
∙ പച്ചക്കറികളും പഴങ്ങളും സാലഡ് ആയി നല്‍കുന്നതും ഒഴിവാക്കണം. അവ നല്‍കുമ്പോള്‍ ബാക്ടീരിയ ഇല്ലെന്ന് ഉറപ്പാക്കാന്‍ ചെറുതായി ഒന്ന് പുഴുങ്ങി നല്‍കാം.
∙ പുറത്ത് പോകുമ്പോള്‍ എപ്പോഴും മാസ്‌ക് ധരിക്കണം.
∙ കല്യാണം, ഉത്സവം, എന്നിങ്ങനെ ആളുകള്‍ കൂടുന്നിടത്ത് കുഞ്ഞിനെ കൊണ്ടുപോകരുത്.
∙ കുട്ടിയെ കാണാന്‍ എത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
∙എന്തെങ്കിലും ചെറിയ അസുഖങ്ങള്‍ ഉള്ളവരെ പോലും ഒരുകാരണവശാലും കുട്ടിയുടെ അടുത്തേക്ക് വിടരുത്.
കുട്ടികളിലെ കാന്‍സര്‍ മാതാപിതാക്കളെയും മാനസികമായി പിടിച്ചുലയ്ക്കാറുണ്ട്. പ്രത്യേകിച്ച് അമ്മമാരെ. അവര്‍ക്ക് കുടുംബത്തിന്റെ പൂര്‍ണപിന്തുണ വളരെ അത്യാവശ്യമാണ്. മിക്കവാറും എല്ലാ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളിലും ഇപ്പോള്‍ കൗണ്‍സിലിങ് സേവനവും ലഭ്യമാണ്.
Content Summary : How is cancer treated in children? - Dr. Shwetha Seetharam Explains