ഹെപ്പറ്റൈറ്റിസ് ബി പകരാം ലൈംഗിക ബന്ധം വഴിയും; അറിയാം ഈ ലക്ഷണങ്ങള്‍
Mail This Article
കരളിനെ ബാധിക്കുന്ന ഗുരുതരമായ വൈറല്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി വൈറസ്(എച്ച്ബിവി) വഴിയാണ് ഈ രോഗം പകരുന്നത്. ഇതുമൂലം കരള്‍ സ്തംഭനം, കരള്‍ അര്‍ബുദം, കരള്‍ വീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഒരു വ്യക്തിയില്‍ നിന്ന് അടുത്ത വ്യക്തിയിലേക്ക് രക്തം, ശുക്ലം, മറ്റ് ശരീരദ്രവങ്ങള്‍ എന്നിവ വഴി എച്ച്ബിവി പകരാം. ഇതിനാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
1. പനി
വൈറസ് കരളിനെ ബാധിക്കുമ്പോൾ ഇതിനോടുള്ള ശരീരത്തിന്‍റെ പ്രതികരണമെന്ന നിലയില്‍ പനിയുണ്ടാകാം. ഇതിനൊപ്പം ക്ഷീണം, തലവേദന, സന്ധിവേദന പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. എന്നാല്‍ പനി മറ്റ് രോഗങ്ങള്‍ കാരണവും ഉണ്ടാകാമെന്നതിനാല്‍ ഇതു കൊണ്ടു മാത്രം ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിക്കാനാവില്ല.
2. വയറുവേദന
വയറിന്‍റെ ഭാഗത്തുണ്ടാകുന്ന വേദനയും കരള്‍ രോഗത്തിന്‍റെ ലക്ഷണമാണ്. വൈസ് ബാധിച്ച് ഒന്ന് മുതല്‍ നാലു മാസങ്ങള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുക.
3. കടുത്ത നിറത്തിലെ മൂത്രം
മൂത്രത്തിന്‍റെ നിറം കടുത്ത് ചായ പോലെയാകുന്നതാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ മറ്റൊരു ലക്ഷണം. കളിമണ്ണിന്‍റെ നിറത്തിലുള്ള മലവും ഇതിനെ പറ്റി സൂചന നല്‍കും. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തേണ്ടതാണ്.
4. മനംമറിച്ചിലും ഛര്‍ദ്ദിയും
ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള കരള്‍ വീക്കം ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ ലക്ഷണങ്ങള്‍ക്കും കാരണമാകും. മനംമറിച്ചില്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഇതിന്‍റെ ഭാഗമായി ഉണ്ടാകുന്നതാണ്.
5. ചര്‍മത്തിന് മഞ്ഞ നിറം
കരള്‍ വീക്കവും കരളിനുണ്ടാകുന്ന ക്ഷതവും ശരീരത്തിലെ ബിലിറൂബിന്‍റെ അംശം വര്‍ധിപ്പിക്കും. ഇത് മഞ്ഞപിത്തത്തിലേക്ക് നയിക്കാം. കണ്ണുകള്‍ക്കും ചര്‍മത്തിനും ഇതു മൂലം മഞ്ഞനിറം ശ്രദ്ധയില്‍പ്പെടാം.
Content Summary: Symptoms of Hepatitis B that can spread through sexual contact