പ്രമേഹരോഗികള്‍ക്ക് മാങ്ങ കഴിക്കാമോ? വിദഗ്ധര്‍ പറയുന്നത്
Mail This Article
കടുത്ത ചൂടിനൊപ്പം നാവില്‍ രുചിയേകാനൊരു മാമ്പഴക്കാലവും ഇങ്ങെത്തി. പല തരത്തില്‍പ്പെട്ട മാങ്ങകള്‍ ലഭ്യമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും ആന്‍റിഓക്സിഡന്‍റുകളും ഫോളേറ്റുമെല്ലാം അടങ്ങിയ മാങ്ങയ്ക്ക് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാല്‍ മാങ്ങ തങ്ങള്‍ക്ക് കഴിക്കാനാകുമോ എന്ന സംശയം പ്രമേഹരോഗികളില്‍ പലര്‍ക്കും ഉണ്ട്. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പലര്‍ക്കും ഉള്ളത്.
പച്ചമാങ്ങയെ അപേക്ഷിച്ച് പഴുത്ത മാങ്ങ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുമെന്ന് ഡോ മോഹന്‍സ് ഡയബറ്റീസ് സ്പെഷ്യാലിറ്റീസ് സെന്‍ററിലെ ചെയര്‍മാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. വി. മോഹന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഗ്ലൂക്കോസ്, പൊട്ടാസിയം തോത് നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നവര്‍ക്ക് പരിമിതമായ തോതില്‍ മാങ്ങ കഴിക്കാവുന്നതാണെന്ന് ഡയറ്റീഷനായ ഉജ്ജ്വല ബക്സി അഭിപ്രായപ്പെടുന്നു. ഒരു ദിവസം പരമാവധി അരകപ്പ് മാങ്ങയാണ് ഡയറ്റീഷന്മാര്‍ പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. ഇത് ജ്യൂസായി കുടിക്കാതെ ചവച്ച് തിന്നാനും ശ്രദ്ധിക്കണം. ജ്യൂസായി മാങ്ങ കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരാന്‍ കാരണമാകും.
പ്രധാനഭക്ഷണത്തിന് ശേഷം ഡിസ്സേര്‍ട്ടായി മാങ്ങ കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. രണ്ട് പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ സ്നാക്സായി മാങ്ങ ഉപയോഗിക്കാവുന്നതാണ്. വർക്ക് ഔട്ടിന് ശേഷവും മാങ്ങ കഴിക്കാം. യോഗര്‍ട്ട്, പാല്‍, നട്സ് പോലുള്ള പ്രോട്ടീനുകള്‍ക്കൊപ്പം മാങ്ങ കഴിക്കാനും ഡയറ്റീഷന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന പൊട്ടാസിയം തോതുള്ളവരും താളം തെറ്റിയ ഗ്ലൂക്കോസ് തോത് ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മാങ്ങ ഉപയോഗിക്കരുതെന്ന് ബക്സി മുന്നറിയിപ്പ് നല്‍കുന്നു.
Content Summary: Can diabetics eat mangoes?