ADVERTISEMENT

പാചകത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് കടുക്. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യഗുണങ്ങൾ ഉള്ളതിനാലും രോഗശമനത്തിനും ഭക്ഷണത്തിനു രുചി കൂട്ടാനും എല്ലാം കടുക് നമ്മൾ ഉപയോഗിക്കുന്നു. കടുകെണ്ണയിലും കടുകിന്റെ ഇലയിലുമെല്ലാം അയൺ, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള കടുകിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം ഉണ്ട്. സന്ധിവേദന അകറ്റാനും പേശികൾക്ക് അയവ് വരുത്താനും കടുക് സഹായിക്കുന്നു. 

 

ഇങ്ങനെ ആരോഗ്യഗുണങ്ങൾ നിരവധി ഉണ്ടെങ്കിലും കടുകിന്റെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. കടുകിന്റെ അമിതോപയോഗം മൂലമുള്ള പാർശ്വഫലങ്ങളെ അറിയാം

 

∙അലർജി

ഓരോ വർഷവും നിരവധി ആളുകൾക്കാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ചിലർക്ക് ഇതുമൂലം ജീവൻ തന്നെ നഷ്ടപ്പെടുന്നു. ഭക്ഷണ അലർജികളിൽ വളരെ ഗുരുതരമായതാണ് കടുകിന്റെ ഉപയോഗം മൂലമുള്ള അലർജി. ശരീരത്തില്‍ ഹിസ്റ്റാമിൻ എന്ന രാസവസ്തുവിന്റെ അളവ് കൂടാനും അനാഫൈലാറ്റിക് ഷോക്കിനും ഭക്ഷണ അലർജി കാരണമാകും. രക്തസമ്മർദം അപകടകരമാംവിധം താഴുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്ന അനാഫൈലാറ്റിക് ഷോക്ക്, ഭക്ഷണ അലർജിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ ആണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയാണ്– തൊലിയിൽ തടിപ്പ്, ചുവന്ന പാടുകൾ, ശ്വാസതടസ്സം, ഓക്കാനം, ഛർദി, തൊണ്ടയിലും മുഖത്തും കണ്ണുകളിലും വീക്കം. 

 

∙ ഹൃദ്രോഗം

കടുകെണ്ണയിൽ കൂടിയ അളവിൽ എറ്യൂസിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം നശിപ്പിക്കും. കടുകിന്റെ അമിതോപയോഗം മയോകാർഡിയൽ ലിപ്പിഡോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകും. ട്രൈഗ്ലിസറൈഡുകൾ ഉണ്ടാകുന്നതു മൂലം ഹൃദയപേശികളിലെ മയോകാർഡിയൽ ഫൈബറുകളിൽ ഫൈബ്രോട്ടിക് ലെഷൻസ് ഉണ്ടാക്കുന്നു. ഇത് ഹൃദയപേശികളെ തകരാറിലാക്കുകയും ഹൃദയസ്തംഭനം വരാൻ ഇടയാക്കുകയും ചെയ്യും. 

∙ ശ്വാസകോശ അർബുദ സാധ്യത

കടുകെണ്ണയിലടങ്ങിയ എറ്യൂസിക് ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ശ്വസനവ്യവസ്ഥയെ ബാധിക്കുക വഴി ശ്വാസതടസ്സം അനുഭവപ്പെടും. കടുകെണ്ണയുടെ ദീർഘകാല ഉപയോഗം ശ്വാസകോശാർബുദത്തിനു കാരണമാകുമെന്ന പഠനങ്ങളുണ്ട്. 

 

∙ വീക്കം

കടുകെണ്ണയുടെ ഉപയോഗം നീർവീക്കത്തിനു കാരണമാകും. ശരീരകലകളിൽ ഫ്ലൂയ്ഡ് നിറഞ്ഞ് വീക്കമുണ്ടാകാൻ കടുകെണ്ണ കാരണമാകും. 

 

∙ ഗർഭിണികളില്‍

ഗർഭസ്ഥശിശുവിന് ദോഷകരമാകുന്ന ചില രാസവസ്തുക്കൾ കടുകിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഗർഭിണികൾ കടുകിന്റെയും കടുകെണ്ണയുടെയും അമിതോപയോഗം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ, കടുകിലെ രാസവസ്തുക്കൾ ഗർഭമലസാൻ കാരണമാകുമെന്ന് തെളിഞ്ഞു. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Content Summary: Beware of side effects of Mustard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com