വന്ധ്യതയിലേക്കു നയിക്കുന്ന എന്‍ഡോമെട്രിയോസിസ്; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
Mail This Article
ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടര കോടിയോളം പേരെ ബാധിക്കുന്ന ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ്. ഇന്ത്യയില്‍ 100 സ്ത്രീകളെടുക്കാല് അതില്‍ നാലു പേര്‍ക്കും ഈ രോഗമുണ്ടെന്നാണ് കണക്ക്. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലുള്ള കോശങ്ങളുടെ പാളിയാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ഓരോ ആര്‍ത്തവത്തിലും ഈ പാളി ആര്‍ത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞ് പോയി വീണ്ടും പുതിയ പാളി രൂപപ്പെടും. എന്നാല്‍ ഈ കോശങ്ങളുടെ പാളി ഗര്ഭപാത്രത്തിന് പുറത്ത് മറ്റു ശരീരഭാഗങ്ങളില്‍ വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്.
വയര്‍ വേദന, അമിതമായ ആര്‍ത്തവ രക്തസ്രാവം, വന്ധ്യത എന്നിവയ്ക്ക് എന്‍ഡോമെട്രിയോസിസ് കാരണമാകാമെന്ന് മദര്‍ഹുഡ് ഹോസ്പിറ്റല്‍സിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റായ ഡോ. തേജി ദവാനെ ഹാന്‍സ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ പാളിയുടെ വളര്‍ച്ചയുണ്ടാകാം. ഈസ്ട്രജന് ഹോര്‍മോണ്‍ ഈ രോഗം മൂലമുള്ള വേദന പടര്‍ത്താനും രൂക്ഷമാകാനും കാരണമാകുന്നതായി ഡോ. തേജി ചൂണ്ടിക്കാട്ടി.
എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാതിരിക്കുന്നത് വന്ധ്യത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. വയര്‍ വേദന, വയറിന് പേശിവലിവ്, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, രക്തസ്രാവം എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് ലക്ഷണങ്ങളാണ്. ആര്‍ത്തവമുള്ള ആരിലും ഈ രോഗം വരാമെങ്കിലും ഈസ്ട്രജന് ഹോര്‍മോണിന്റെ വ്യതിയാനം കൂടുതലാണെന്നതിനാല്‍ 18-32 പ്രായവിഭാഗക്കാര്‍ക്ക് എന്‍ഡോമെട്രിയോസിസ് സാധ്യത അധികമാണ്. അത്യധികമായ വേദന ക്ഷീണത്തിലേക്കും വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കുമൊക്കെ നയിക്കാം. രോഗികളുടെ ദൈനംദിനം ജീവിതത്തിന്റെ നിലവാരത്തെയും ഇത് ബാധിക്കുന്നു.
അള്‍ട്രാസൗണ്ട്, എംആര്‍ഐ, ലാപ്രോസ്കോപ്പി പോലുള്ള പരിശോധനകളിലൂടെ എന്‍ഡോമെട്രിയോസിസ് കണ്ടെത്താം. എന്‍ഡോമെട്രിയം കോശങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ഇതിനുള്ള ചികിത്സകളില്‍ ഒന്നാണ്. ചില ഘട്ടങ്ങളില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം. ഈസ്ട്രജന് തോത് കുറയ്ക്കുന്നത് എന്‍ഡോമെട്രിയോസിസ് മൂലമുള്ള വിഷമതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും. നിത്യവുമുള്ള വ്യായാമത്തിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് ഈസ്ട്രജന് തോതും കുറയ്ക്കും. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കുറയ്ക്കുന്നതും ഈസ്ട്രജന് തോത് ഉയരാതിരിക്കാന്‍ സഹായിക്കുമെന്നും ഡോ. തേജി കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Endometriosis and Infertility