കോവിഡ് കേസുകള്‍ ഉയരുമ്പോൾ ബലപ്പെടുത്താം ശ്വാസകോശത്തിന്‍റെ ആരോഗ്യം
Mail This Article
ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍ഫ്ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എടുക്കുക മാത്രമാണ് ഏക പോംവഴി. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും ലക്ഷ്യമിടുന്നത് ശ്വാസകോശത്തെ ആയതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
ശ്വസിക്കാന്‍ മാത്രമല്ല ശരീരത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യാനും പ്രതിരോധ സംവിധാനത്തിനാവശ്യമായ കഫം നിര്‍മിക്കാനും ശ്വാസകോശം സഹായിക്കും. ഇനി പറയുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്.
1. പുകവലി ഉപേക്ഷിക്കുക
പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന് കാര്യമായ ക്ഷതം വരുത്തുമെന്നതിനാല്‍ ഇവ രണ്ടും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
2. വ്യായാമം
നിത്യവും വ്യായാമം, യോഗ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തെ മാത്രമല്ല ശ്വാസകോശത്തെയും ശക്തിപ്പെടുത്തും. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയെല്ലാം ശ്വാസകോശത്തിന് ഗുണപ്രദമാണ്.
3. ശ്വസന വ്യായാമം
ആഴത്തിലുള്ള ശ്വാസോച്ഛാസം നടത്തുന്ന ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്‍റെ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
4. മലിനീകരണം ഒഴിവാക്കുക
മലിനമായ വായുവും വിഷപ്പുകയും ശ്വസിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
5. ഉറക്കം
ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നല്ല ഉറക്കം ലഭിക്കേണ്ടതും പരമ പ്രധാനമാണ്. ഉറങ്ങുമ്പോഴാണ് ശരീരം സ്വയം ശുദ്ധീകരിക്കുന്നതും അടുത്ത ദിവസത്തിന് വേണ്ടി തയാറെടുക്കുകയും ചെയ്യുന്നത്. പ്രതിരോധ സംവിധാനത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്താനും ഉറക്കം ആവശ്യമാണ്.
6. ആരോഗ്യകരമായ ഭക്ഷണക്രമം
ബ്ലൂബെറി, പച്ചിലകള്‍, നട്സ്, വിത്തുകള്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തെ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് ആവശ്യം. വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും പ്രതിരോധശേഷിയെ ശക്തമാക്കും. ശ്വാസകോശത്തിന്‍റെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കും.
7. ശരീരത്തിന്‍റെ ജലാംശം
ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്തേണ്ടതും ശ്വാസകോശ ആരോഗ്യത്തില്‍ സുപ്രധാനമാണ്. ശ്വാസകോശത്തിനുള്ളിലെ ശ്ലേഷ്മ പാളിയെ കനം കുറഞ്ഞതാക്കി നിര്‍ത്താന്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം വേണം.
ഇതിനു പുറമേ ശരീര ശുചിത്വം പുലര്‍ത്തേണ്ടതും ശ്വാസകോശ ആരോഗ്യത്തിൽ നിർണായകമാണ് . ഇടയ്ക്കിടെയുള്ള ആരോഗ്യ ചെക്കപ്പുകളും ഇക്കാര്യത്തിൽ ഫലം ചെയ്യും.
Content Summary: 7 Ways To Strengthen Lung Health Amid Rising COVID-19, H3N2 Cases