ADVERTISEMENT

പ്രമേഹ ബാധിതരായ വ്യക്തികളുടെ എണ്ണം 2045 ആകുമ്പോഴേക്കും 135 ദശലക്ഷം കവിയുമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ കണക്കാക്കുന്നു. പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാതെ ഇരിക്കുമ്പോഴോ  ഉൽപാദിപ്പിച്ച ഇന്‍സുലിന്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതിരിക്കുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാര ഉയരുന്നത്. അനിയന്ത്രിതമായ തോതില്‍ പ്രമേഹം ഉയരുമ്പോൾ അവ നാഡീവ്യൂഹങ്ങളെയും രക്തക്കുഴലുകളെയും നശിപ്പിക്കാന്‍ തുടങ്ങുന്നു. 

 

എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാകാം.

 

1. നിയന്ത്രണത്തില്‍ വന്ന ഉടനെ മരുന്ന് നിര്‍ത്തുന്നത്

മരുന്ന് കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് അല്‍പം നിയന്ത്രണത്തില്‍ വന്നെന്നു കണ്ട ഉടനെ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് നിര്‍ത്തി വയ്ക്കുന്നവരുണ്ട്. ഇത് വളരെ തെറ്റായ പ്രവണതയാണെന്ന് ഗുരുഗ്രാം ബിര്‍ള ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍ ലീഡ് കണ്‍സൽറ്റന്‍റ് ഡോ. തുഷാര്‍ തയാല്‍ പറയുന്നു. താത്ക്കാലികമായോ സ്ഥിരമായോ പ്രമേഹ മരുന്ന് നിര്‍ത്തി വയ്ക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത് വ്യക്തിയുടെ ജീവിതശൈലിയെയും ഭക്ഷണക്രമത്തെയും അടിസ്ഥാനമാക്കിയിരിക്കുമെന്നും ഡോ. തുഷാര്‍ കൂട്ടിച്ചേര്‍ത്തു. 

 

2. മെലിഞ്ഞവര്‍ക്ക് രോഗം വരില്ലെന്ന ധാരണ

അമിതവണ്ണവും അമിതഭാരവും പ്രമേഹത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണെന്നത് ശരിതന്നെ. എന്നുവച്ച് മെലിഞ്ഞ ശരീരപ്രകൃതമുള്ളവര്‍ക്ക് പ്രമേഹം വരില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. ടൈപ്പ് 1 പ്രമേഹം പോലുള്ളവ മെലിഞ്ഞവര്‍ക്കും സാധാരണ ശരീരഭാരമുള്ളവര്‍ക്കും വന്നെന്നിരിക്കാം. അതേ പോലെ പ്രമേഹബാധിതര്‍ക്കും പേശികളും കൊഴുപ്പും നഷ്ടമായി ശരീരം മെലിയുന്ന അവസ്ഥയുണ്ടാകാം. ഇതിനാല്‍ ഒരാളെ കണ്ട് പ്രമേഹത്തെ കുറിച്ച് പ്രവചനങ്ങള്‍ നടത്തുക അസാധ്യമാണ്. 

 

3. ലക്ഷണങ്ങള്‍ അവഗണിക്കുന്നത്

രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന് കഴിയുമ്പോൾ  ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് അമിതമായ ദാഹം, വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, അമിതമായ ക്ഷീണം എന്നിവ. എന്നാല്‍ ഇതല്ലാതെയും പല ലക്ഷണങ്ങളും പ്രമേഹവുമായി ബന്ധപ്പെട്ടു വരാം. കഴുത്തിലെയും കക്ഷത്തിലെയും കാലുകള്‍ക്കിടയിലെയും ചര്‍മം കറുക്കുന്നത്, കഴുത്തിനോ കക്ഷത്തിനോ ചുറ്റും വരകള്‍ ഉണ്ടാകുന്നത്, തലയിലെ രോമകൂപത്തിന് വരുന്ന ഫോളിക്കുലൈറ്റിസ് പോലുള്ള ലക്ഷണങ്ങള്‍ പലരും അവഗണിക്കാറുണ്ട്.

 

4. മന്ദഗതിയിലാകുന്ന ജീവിതം

പ്രമേഹം നിര്‍ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ അയ്യോ വയ്യേ എന്ന് പറഞ്ഞ് ജീവിതത്തിന്‍റെ വേഗത കുറയ്ക്കുന്നവരുണ്ട്. ക്ഷീണവും മറ്റും കാരണം പല കാര്യങ്ങളും ചെയ്യാന്‍ ആയാസം അനുഭവപ്പെടും എന്നത് സത്യം. എന്നുവച്ച് അലസമായ ജീവിതശൈലിയിലേക്ക് മാറുന്നത് പ്രമേഹം സ്ഥിരമാക്കാന്‍ ഇടയാക്കും. നിത്യവുമുള്ള വ്യായാമം പ്രമേഹമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എല്ലാം നിര്‍ബന്ധമാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് കണക്ക്. വ്യായാമവും വര്‍ക്ക് ഔട്ടും കൊണ്ട് പേശികളുടെ കരുത്ത് വര്‍ധിപ്പിക്കുന്നത് പ്രമേഹ നിയന്ത്രണത്തില്‍ സഹായിക്കും. 

Content Summary: Reasons behind uncontrolled Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com