ലോക കരള്‍ ദിനം: കരൾ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം
Mail This Article
കരളിന്‍റെ ആരോഗ്യത്തെ കുറിച്ചും കരള്‍ രോഗങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിന് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയെല്ലാം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക കരള്‍ ദിനത്തിന് പ്രസക്തിയേറെയാണ്. 1990നും 2017നും ഇടയ്ക്ക് പുതിയ കരള്‍ അര്‍ബുദ കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ മൂന്നില്‍ രണ്ടും വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലവും 16 ശതമാനം ഫാറ്റി ലിവര്‍ പോലുള്ള മറ്റ് കാരണങ്ങളാലും സംഭവിക്കുന്നതാണ്.
ശരീരത്തെ വിഷമുക്തമാക്കുക, ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉത്പാദിപ്പിക്കുക, ചയാപചയ പ്രക്രിയയെ നിയന്ത്രിക്കുക എന്നിങ്ങനെ പലവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ഇതിനാല്‍ തന്നെ രോഗങ്ങളില്‍ നിന്ന് കരളിനെ മുക്തമാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ്. കരളില്‍ കൊഴുപ്പ് അമിതമായി അടിയുന്നതിനെ തുടര്‍ന്നാണ് ഈ രോഗമുണ്ടാകുന്നത്. ഇത് കരളിന്‍റെ വീക്കത്തിനും കരള്‍ കോശങ്ങളുടെ നാശത്തിനും കാരണമാകും.
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറമേക്ക് പ്രകടമാകാറില്ല. എന്നാല്‍ രോഗം പുരോഗമിക്കുന്നതോടെ ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് ഫരീദാബാദ് ഏഷ്യന്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎന്‍ററോളജി ഡയറക്ടര്‍ ഡോ. അമിത മിഗ്ളാനി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തൊലിപ്പുറത്തും കണ്ണുകളിലും മുഖത്തുമെല്ലാം ഈ ലക്ഷണങ്ങള്‍ കാണപ്പെടാം.
1. മഞ്ഞപ്പിത്തം
കണ്ണുകളും തൊലിയും മഞ്ഞനിറമാകുന്ന മഞ്ഞപ്പിത്തം ഉണ്ടാകുന്നത് കരളിന് രക്തത്തില്‍ നിന്ന് ബിലിറൂബിനെ നീക്കം ചെയ്യാനാകാതെ വരുമ്പോഴാണ്. പഴയ ചുവന്ന രക്തകോശങ്ങള്‍ നശിക്കുമ്പോൾ ബിലിറൂബിന്‍ ഉണ്ടാകുന്നു. കരള്‍ ബിലിറൂബിനെ വിഘടിപ്പിച്ച് അതിനെ ബൈലായി മാറ്റുന്നു. കരളിന് ഇതിന് കഴിയാതെ വരുമ്പോൾ ബിലിറൂബിന്‍ വര്‍ധിച്ച് മഞ്ഞപ്പിത്തമുണ്ടാകും.
2. സ്പൈഡര്‍ ആന്‍ജിയോമാസ്
എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചെറിയ രക്തക്കുഴലുകളാണ് സ്പൈഡര്‍ ആന്‍ജിയോമാസ്. ഈസ്ട്രജന്‍ തോത് ശരീരത്തില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത് പ്രത്യക്ഷമാകുക. ഉയര്‍ന്ന ഈസ്ട്രജന്‍ തോതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോര്‍മോണുകളുടെ ചയാപചയത്തിന്‍റെ ഉത്തരവാദിത്തം കരളിനാണ്. കരള്‍ നശിക്കുമ്പോൾ ഈ പ്രവര്‍ത്തനം അതിന് തുടരാന്‍ കഴിയാതെ വരുകയും ഇത് ഈസ്ട്രജന്‍ തോത് ഉയര്‍ത്തുകയും ചെയ്യും.
3. കൈപ്പത്തി ചുവക്കും
കൈപ്പത്തിയുടെ നിറം ചുവക്കുന്ന പാല്‍മര്‍ എറിത്തെമ എന്ന രോഗാവസ്ഥയും കരള്‍ രോഗ ലക്ഷണമാണ്. കരളില്‍ വിഷാംശം വര്‍ധിക്കുമ്പോഴാണ് കൈപ്പത്തിയിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിച്ച് ഇവ ചുവക്കുന്നതെന്ന് കരുതുന്നു.
4. കണ്ണിന് കീഴെ കറുത്ത വട്ടം
കരളിന്‍റെ ആരോഗ്യാവസ്ഥ മോശമാകുമ്പോൾ കണ്ണിന് കീഴെ ഇരുണ്ട വട്ടങ്ങള്‍ പ്രത്യക്ഷമാകാം. ശരീരത്തില്‍ മാലിന്യങ്ങൾ അടിഞ്ഞ് കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമിതമായ ക്ഷീണവും ഇതോട് അനുബന്ധിച്ച് ഉണ്ടാകാം.
5. മുഖക്കുരുവും മറ്റ് ചര്‍മ പ്രശ്നങ്ങളും
മുഖക്കുരു, കഴുത്തിനും കക്ഷത്തിനും കാലുകള്‍ക്കിടയിലും കറുത്ത പാട്, ചൊറിച്ചില്‍ പോലുള്ള ചര്‍മ പ്രശ്നങ്ങളും കരള്‍ രോഗ ലക്ഷങ്ങളാണ്. കരള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോൾ ശരീരത്തില്‍ വിഷാംശം വര്‍ധിക്കുന്നതാണ് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.
ഈ ലക്ഷണങ്ങള്‍ക്ക് പുറമേ വയറിന്‍റെ മധ്യത്തിലോ വലത് വശത്തോ വേദന, ഭാരനഷ്ടം, വിശപ്പില്ലായ്മ, മനംമറിച്ചില്‍, കാലുകള്‍ക്ക് നീര്, ആശയക്കുഴപ്പം എന്നിവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഭാഗമായി അനുഭവപ്പെടാം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് പോലുള്ള വഴികളിലൂടെ രോഗനിര്‍ണയം നടത്താവുന്നതാണ്.
Content Summary: World Liver Day; Liver Diseases and Symptoms