ചെറുതായൊന്നു വീണാൽ പോലും പൊട്ടുന്ന എല്ലുകൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
ചെറുതായൊന്നു വീണാൽ പോലും എല്ലു പൊട്ടുന്നു– ഇത് പ്രായമായവരിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായം കൂടിയവരിൽ കാണുന്ന രോഗമാണ് എല്ലുകൾക്ക് തേയ്‌മാനമുണ്ടാക്കുന്ന അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപോറോസിസ്. പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഇതു കണ്ടുവരുന്നത്. സാവധാനം പ്രകടമാകുന്ന, അസ്ഥികൾക്കുണ്ടാകുന്ന വൈകല്യം ക്രമേണ എല്ലുകളുടെ ബലക്ഷയത്തിനും പൊട്ടലിനും കാരണമാകുന്നു.
ജീവിതശൈലിയിലെ മാറ്റവും ആഹാരത്തിൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തതയും അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ശരീരത്തിന് കാത്സ്യം സ്വീകരിക്കാനുള്ള ശക്തി കുറയുന്നതും അസ്ഥിക്ഷയത്തിനു കാരണമാകാറുണ്ട്.
ആർത്തവവിരാമത്തോടെ സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ, ഈസ്ട്രജൻ കുറയൽ എന്നിവ എല്ലുകളുടെ ബലം കുറയ്ക്കുകയും അവയ്ക്ക് തേയ്മാനമുണ്ടാക്കുകയും ചെയ്യുന്നു.
തെറ്റായ ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെ കുറവ്, പുകവലി തുടങ്ങിയവ അസ്ഥികളുടെ ബലം കുറയുന്നതിനു കാരണമാകാറുണ്ട്. സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളുടെ അമിത ഉപയോഗവും എല്ലുകളുടെ ബലക്ഷയത്തിന് ക്രമേണ കാരണമാകാം.
ലക്ഷണങ്ങൾ
കൈകാലുകൾക്ക് വേദന, ശരീരത്തിന് ബലക്കുറവുള്ളതായി അനുഭവപ്പെടുക, ലഘുവായി ജോലി ചെയ്താലും അമിതക്ഷീണം തോന്നുക, സന്ധികൾക്ക് വേദന, ശരീരഭാരം ക്രമേണ കുറഞ്ഞുവരിക, ചെറുതായി തട്ടിയാലോ തെന്നിയാലോ എല്ലുകൾ പൊട്ടുക തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ അമിതാധ്വാനം വേണ്ടിവരുന്ന ജോലികൾ ചെയ്യരുത്.
∙ നടക്കുമ്പോൾ വീഴാതിരിക്കാൻ ശ്രദ്ധ വേണം. വോക്കിങ് സ്റ്റിക് ഉപയോഗിക്കാം.
∙ ലഘുവ്യായാമം, നടത്തം തുടങ്ങിയവ എന്നും ചെയ്യുക.
∙ ഭക്ഷണത്തിൽ മത്സ്യം, പാൽ, തൈര്, സോയാബീൻസ് എന്നിവ ഉൾപ്പെടുത്താം.
∙ ആയുർവേദത്തിൽ നിർദേശിക്കുന്ന വാതഹരങ്ങളായ ചികിത്സാവിധികൾ വിദഗ്ധോപദേശപ്രകാരം ചെയ്യാം.
∙ ഔഷധത്തൈലങ്ങൾ പുരട്ടിയിരുന്ന് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് വേദന കുറയ്ക്കും.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. അബ്ദുൽ സുക്കൂർ, അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്)
Content Summary: Oldage health care