ADVERTISEMENT

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ ശുദ്ധരക്തം പമ്പ് ചെയ്യുന്ന അവയവമാണ് ഹൃദയം. ഇതിനു വേണ്ടി ഹൃദയം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിടിച്ച് കൊണ്ടേയിരിക്കും. സാധാരണ ഒരു മുതിര്‍ന്നയാളിന്‍റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60 മുതല്‍ 100 എന്ന തോതിലായിരിക്കും. ശാരീരികമായി എന്തെങ്കിലും അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോഴോ, ഭയക്കുമ്പോഴോ ഒക്കെ ഹൃദയമിടിപ്പ് വേഗത്തിലായെന്നു വരാം. അതേ പോലെ ശരീരം വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഹൃദയതാളം അല്‍പം മന്ദഗതിയിലാകാം. എന്നാല്‍ ഇടയ്ക്കിടെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റുന്നത് ഒരു രോഗമാണ്. കാര്‍ഡിയാക് അരിത്മിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. 

 

നമ്മുടെ ഹൃദയമിടിപ്പിനെ ഏകോപിപ്പിക്കുന്ന വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തപ്പോഴാണ് അരിത്മിയ ഉണ്ടാകുന്നത്. ഹൃദയം സാധാരണയിലും വേഗത്തില്‍ മിടിക്കുന്നതിനെ ടാക്കിക്കാര്‍ഡിയ അരിത്മിയ എന്നും മന്ദഗതിയില്‍ മിടിക്കുന്നതിനെ ബ്രാഡികാര്‍ഡിയ അരിത്മിയ എന്നും വിളിക്കുന്നു. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ജനിതക പ്രശ്നങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പുകവലി, കോവിഡ്, അമിത മദ്യപാനം, അമിതമായ കഫൈന്‍ ഉപയോഗം എന്നിവയെല്ലാം അരിത്മിയയിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ശ്വാസംമുട്ടല്‍, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബോധക്ഷയം, ഉത്കണ്ഠ, നെഞ്ചു വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും അരിത്മിയ മൂലം ഉണ്ടാകാം. 

 

ചിലതരം അരിത്മിയകള്‍ ദോഷകരമല്ലെങ്കിലും ചിലത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ പോലെ ജീവന്‍തന്നെ നഷ്ടമാകാന്‍ ഇടയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് ന്യൂഡല്‍ഹി എയിംസിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രീതം കൃഷ്ണമൂര്‍ത്തി രു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അസാധാരണ ഹൃദയമിടിപ്പിന്‍റെ കാരണം കണ്ടെത്തേണ്ടത് ചികിത്സ നല്‍കുന്നതില്‍ സുപ്രധാനമാണ്. ഇസിജി വഴിയോ ഹോൾട്ടർ മോണിറ്ററിംഗ് വഴിയോ അരിത്മിയ കണ്ടെത്താൻ സാധിക്കും. ഹൃദയത്തിൽ പേസ് മേക്കറുകൾ ഘടിപ്പിച്ച് താളം തെറ്റിയ ഹൃദയമിടിപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണെന്നും ഡോ. പ്രീതം കൂട്ടിച്ചേർത്തു.

Content Summary: Irregular heartbeats can cause these health risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com