ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലതുതന്നെ; പക്ഷേ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി പാളും
Mail This Article
ഭാരം കുറയ്ക്കാനുള്ള പല ഭക്ഷണക്രമങ്ങളിലെയും സ്റ്റാര്‍ ഐറ്റമാണ് ഇന്ന് ആപ്പിള്‍ സിഡര്‍ വിനഗര്‍. പുളിപ്പിച്ച ആപ്പിള്‍ ജ്യൂസില്‍ നിന്നുണ്ടാക്കുന്ന ഈ വിനാഗിരിക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം എസിവി മികച്ചതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന 5-6 ശതമാനം അസറ്റിക് ആസിഡും പ്രോട്ടീനും എന്‍സൈമുകളും പ്രോബയോട്ടിക് ബാക്ടീരിയയും ചേര്‍ന്ന 'മദര്‍' എന്ന വസ്തുവുമെല്ലാമാണ് എസിവിയുടെ ആരോഗ്യ ഗുണങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ അമിതമായ തോതിലും വെള്ളത്തില്‍ ചേര്‍ക്കാതെ നേരിട്ടുമെല്ലാം ആപ്പിള്‍ സിഡര്‍ വിനഗര്‍ കഴിക്കുന്നത് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഉയര്‍ന്ന അസിഡിക് തോതുള്ള എസിവി നേര്‍പ്പിക്കാതെ കഴിക്കുന്നത് തൊണ്ടയ്ക്കും പല്ലിന്‍റെ ഇനാമലിനും ദഹനവ്യവസ്ഥയ്ക്കുമൊക്കെ നാശമുണ്ടാക്കുമെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് സ്ഥാപകനും ഡയറക്ടറുമായ ഡോ. ഷുചിന്‍ ബജാജ് ഫിനാന്‍ഷ്യല്‍ എക്സ്രപ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതിനു പുറമേ എസിവിയുടെ അമ്ലസ്വഭാവം ചര്‍മത്തിന്‍റെ സ്വാഭാവിക പിഎച്ച് സന്തുലനത്തെ ബാധിക്കുന്നത് ചൊറിച്ചിലിനും പൊള്ളലുകള്‍ക്കും കാരണമാകും.
ഭക്ഷണം വയറില്‍ നിന്ന് കുടലുകളിലേക്ക് പ്രവേശിക്കുന്നതിന്‍റെ വേഗത്തെയും എസിവി കുറയ്ക്കുമെന്നും ചില ഗവേഷണങ്ങള്‍ പറയുന്നു. ഇത് പ്രമേഹരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവിക്കുന്ന ഗ്യാസ്ട്രോപാരെസിസിന്‍റെ ലക്ഷണങ്ങളെ വഷളാക്കും. നെഞ്ചെരിച്ചില്‍, വയര്‍ കമ്പനം, ഓക്കനം പോലുള്ള ലക്ഷണങ്ങള്‍ ഗ്യാസ്ട്രോപാരെസിസിന്‍റെ ഫലമായി ഉണ്ടാകാം. ദഹനക്കേട് മൂലം ചിലരില്‍ വിശപ്പില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ക്കും എസിവി കാരണമാകാമെന്ന് ഡോ. ഷുചിന്‍ ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങളാല്‍ പരിമിതമായ അളവില്‍ മാത്രമേ എസിവി ഉപയോഗിക്കാവൂ. ദിവസം രണ്ട് ടേബിള്‍ സ്പൂണ്‍ വരെ മാത്രം വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. നേരിട്ട് കുടിക്കാതെ സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നത് വഴി പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കാനാകും. ആപ്പിൾ സിഡർ വിനഗർ കുടിച്ച ശേഷം വായ കഴുകണമെന്നും ഡോ. ഷുചിന്‍ കൂട്ടിച്ചേര്‍ത്തു.
Content Summary: Why Apple Cider Vinegar Harmful to your Health