ADVERTISEMENT

‘‘അപ്പൂപ്പന് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യമെന്താ?’’– എൺപതിനോടടുക്കുന്ന അപ്പൂപ്പനോട് കൊച്ചുമകന്റെ ചോദ്യം. 

തെല്ലൊന്ന് ആലോചിച്ച് അപ്പൂപ്പൻ പറഞ്ഞു– ‘‘വീട്ടിൽ നിന്ന് ഒന്നു പുറത്തിറങ്ങുന്നത്... പാടവരമ്പത്തൂടെയും നടവഴികളിലൂടെയും നടക്കുന്നത്. പുറത്തിറങ്ങി നാലുപേരോടു വർത്തമാനം പറയുന്നത്...’’

ഇദ്ദേഹം വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ല. പ്രായമായില്ലേ എന്നു പറഞ്ഞ് ഇദ്ദേഹത്തെ ആരും വീടിനു പുറത്തേക്കു വിടാറുമില്ല. ബന്ധുക്കൾ കൂടെയുണ്ടായിട്ടും ഏകാന്തതയാണ് ഇദ്ദേഹത്തിനു കൂട്ട്. ഏകാന്തത മനുഷ്യന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ദിവസേന 12 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് യുഎസിലെ സർജൻ ജനറൽ പുറത്തിറക്കിയ പുതിയ ആരോഗ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. സമാനമായ പഠനങ്ങൾ ലോകത്തിന്റെ മറ്റു രാജ്യങ്ങളിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ മുതിർന്ന പൗരന്മാരിൽ 50 ശതമാനത്തിലേറെ പേർ തീവ്രമായ ഏകാന്തത അനുഭവിക്കുന്നു എന്നു ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.

Secret of Happiness in Life
Representative Image. Photo Credit : StockPlanets / iStockPhoto.com

കോവിഡിനോട് അനുബന്ധമായി വന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചത് കൗമാരപ്രായക്കാരെയും വയോജനങ്ങളെയുമാണ്. തുടർന്ന്, മുതിർന്ന പൗരന്മാർ  സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം 70% കുറഞ്ഞുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തീവ്രമായ ഏകാന്തത, പ്രായം തികയാതെ മരിക്കാനുള്ള സാധ്യത 30% വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ടു കഴിയുന്നവരിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങളിൽ മറവിരോഗവും വിഷാദരോഗവും വളരെ കൂടുതലായി കണ്ടുവരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Read Also : ഇന്ത്യയിലെ കോര്‍പ്പറേറ്റ് ജീവനക്കാരില്‍ 48 ശതമാനത്തിനും മോശം മാനസികാരോഗ്യ സാധ്യത

സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും അമിതോപയോഗം ഏകാന്തത വർധിക്കാൻ കാരണമാകുന്നുണ്ട്. യുഎസിലെ ഹാർവഡ് സർവകലാശാല നടത്തിയ ‘ഹാർവഡ് മനുഷ്യ വികസന പഠനം’,  വ്യക്തമാക്കുന്നത് കുട്ടിക്കാലത്തും ചെറുപ്പത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് മനുഷ്യന്റെ ആയുർദൈർഘ്യം ഏറ്റവും കൂടുതൽ വർധിപ്പിക്കുന്നത് എന്നാണ്. വയോജനങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷത്തിനു കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്താനായി നടത്തിയ യുഎസിലെ എഎആർപി പഠനം സൂചിപ്പിക്കുന്നത് 87 ശതമാനം വയോജനങ്ങൾക്കും വീടിനു പുറത്തിറങ്ങുന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നാണ്. 

 Secret of Happiness in Life
Representative Image. Photo Credit : Triloks / iStockPhoto.com

ഏകാന്തത അകറ്റാൻ ഇവ ശീലമാക്കാം

∙ ദിവസേന ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ഉറപ്പുവരുത്താൻ സമയം കണ്ടെത്താം. രാവിലെയും വൈകിട്ടും അരമണിക്കൂർ ഇളവെയിൽ കൊണ്ട് നടത്തം ആകാം. 

∙ വീടിനടുത്തുള്ള സമപ്രായക്കാരായ സുഹൃത്തുക്കളുമായി സംസാരിക്കാം. 

∙ രാത്രി കിടക്കുന്നതിനു തൊട്ടുമുൻപ് സംഗീതം ആസ്വദിക്കാം.

∙ മൊബൈൽ ഫോണിലും മറ്റും ലഭ്യമായ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ദിവസേന അരമണിക്കൂർ നേരം ചെലവിടാം. 

∙ യുവതലമുറയിൽ പെട്ടവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കാം. മക്കളോടോ കൊച്ചുമക്കളോടോ സംസാരിച്ച് അവർക്കറിയാവുന്ന പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാം. 

∙ പഴയ സഹപാഠികളുമായി മാസത്തിലൊരിക്കലെങ്കിലും വെർച്വൽ ആയെങ്കിലും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കാം. ലോകത്തിന്റെ പല ഭാഗത്തു കഴിയുന്ന സുഹൃത്തുക്കൾ ഓൺലൈൻ ആയെങ്കിലും പരസ്പരം കാണുന്നത് ഏറെ ആനന്ദകരമായ അനുഭവമായിരിക്കും. വർഷത്തിലൊരിക്കലെങ്കിലും പഴയ സുഹൃത്തുക്കളുമായി നേരിട്ടുള്ള കൂടിക്കാഴ്ച ഒരുക്കുന്നതും നല്ലതായിരിക്കും. 

∙ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരോടൊപ്പം കളിക്കാനായി സമയം ചെലവിടണം. അതുവഴി മനസ്സ് ഊർജസ്വലമാകും. 

(വിവരങ്ങൾക്കു കടപ്പാട്:  ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം)

അർബുദത്തെ അതിജീവിച്ച കുത്താംപുള്ളിക്കാരുടെ മാലാഖ - വിഡിയോ കാണാം

 

Content Summary : 7 Ways to improve mental health in seniors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com