ചിട്ടയായ ജീവിതചര്യയിലൂടെ മാത്രം പ്രമേഹം നിയന്ത്രിക്കാനാകുമോ?
Mail This Article
സരോജിനി, 35 വയസ്സ്, വീട്ടമ്മ. ഇവർ ശക്തിയായ ശരീര ക്ഷീണം, കൂടുതലായ ദാഹം, അധികമായ വിശപ്പ്, ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ എന്നീ ലക്ഷണങ്ങളുമായിട്ടാണു വന്നത്. പരിശോധനയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്നു മനസ്സിലായി. രോഗം പ്രമേഹമാണെന്നു സ്ഥിരീകരിച്ചു. അതിനുള്ള ഔഷധങ്ങൾ നിർദേശിച്ചു. 15 ദിവസങ്ങൾകൊണ്ടു തന്ന ലക്ഷണങ്ങൾക്കു ശമനം കണ്ടു തുടങ്ങി. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയാൻ തുടങ്ങി. എന്നാൽ, അവർക്കിനി പ്രമേഹഹരമായ ഔഷധങ്ങളിൽ നിന്നു മോചനമില്ല. പ്രമേഹത്തിന്റെ കുടുംബപാരമ്പര്യമില്ല. കുറച്ചു മുൻപായിരുന്നെങ്കിൽ ആരോഗ്യകരമായ ജീവിതശൈലിയിൽ ശ്രദ്ധിച്ചാൽ മാത്രം മതിയാകുമായിരുന്നു. എന്നാൽ, ഇനി അതോടൊപ്പം ഔഷധങ്ങൾ കൂടി തുടരേണ്ടതുണ്ട്. അന്നജപ്രധാന (carbohydrate) മായതും കൊഴുപ്പു കൂടുതൽ ചേർന്നതുമായ ആഹാരസാധനങ്ങളുടെ അത്യുപയോഗവും വ്യായാമ രഹിതവും അമിതമായ ഉത്കണ്ഠയുമാണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങൾ. ഇതെല്ലാം നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്.
അന്നജം കുറവാക്കി, മാംസ്യം (protein) കൂടുതലായുള്ള ആഹാരസാധനങ്ങൾ മിതമായ അളവിൽ ഉപയോഗിക്കാം. വ്യായാമത്തിന് ഇൻസുലിനു തുല്യമായ ഫലങ്ങളാണുള്ളതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാക്കപ്പെട്ട വസ്തുതയാണ്. ചിട്ടയായ വ്യായാമം, അമിതമായ മാനസിക സമ്മർദത്തിനും ഉത്കണ്ഠയ്ക്കും ഒരൗഷധമാണ്. ആവശ്യത്തിലധികം ആഹാരം കഴിക്കുക, വ്യായാമമില്ലാത്ത ജീവിതചര്യ, അമിതമായ പകലുറക്കം തുടങ്ങിയവയാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളെന്നു നൂറ്റാണ്ടുകൾക്കു മുൻപ് ചരകാചര്യൻ എഴുതിവച്ചത് ഇന്നും ഏറ്റവും പ്രസക്തിയുള്ളതാണ്. എത്രയും ചെറുപ്രായത്തിൽ പ്രമേഹം ബാധിക്കുമോ കണ്ണുകൾ, വൃക്കകൾ തുടങ്ങിയ പ്രധാന ആന്തരിക അവയവങ്ങളെ ഈ രോഗം തകരാറിലാക്കാനുള്ള സാധ്യത അത്രയും കൂടുതലാണ് എന്ന വസ്തുതയാണ് ഏറ്റവും ഗുരുതരമായ പ്രത്യാഘാതം. മിതമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നമുക്കെല്ലാം ശീലമാക്കാം.
പ്രമേഹത്തെ പ്രതിരോധിക്കാം - വിഡിയോ