ADVERTISEMENT

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. 2020ല്‍ മാത്രം 23 ലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുകയും 6.85 ലക്ഷം സ്ത്രീകള്‍ ഇതുമൂലം മരണപ്പെടുകയും ചെയ്തതായാണ് കണക്ക്. പല സ്ത്രീകള്‍ക്കും നേരത്തെതന്നെ ഇത് കണ്ടെത്താന്‍ സാധിക്കാത്തതാണ് മരണ നിരക്ക് ഉയര്‍ത്തുന്നത്. 

 

സ്തനാര്‍ബുദത്തിന്‍റെ സര്‍വസാധാരണമായ ലക്ഷണമാണ് സ്തനങ്ങളില്‍ പ്രത്യക്ഷമാകുന്ന മുഴ. എന്നാല്‍ സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാര്‍ബുദം ആകണമെന്നില്ല. സ്തനങ്ങളില്‍ കാണപ്പെടുന്ന 90 ശതമാനം വളര്‍ച്ചകളും ഫൈബ്രോ അഡെനോമ, സിസ്റ്റ്, അണുബാധ പോലുള്ള അര്‍ബുദ ഇതര കാരണങ്ങളാലാണ്. ഇനി പറയുന്ന ലക്ഷണങ്ങളും സ്തനാര്‍ബുദത്തെ കുറിച്ച് മുന്നറയിപ്പ് നല്‍കുന്നവയാണ്.

 

1. മുലക്കണ്ണുകള്‍ ഉള്‍വലിയുക

സാധാരണ ഗതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കേണ്ട മുലക്കണ്ണുകള്‍ പരന്നിരിക്കുന്നതോ ഉള്ളിലേക്ക് വലിയുന്നതോ സ്തനാര്‍ബുദ ലക്ഷണമാണ്. ഇതിനൊപ്പം മുലക്കണ്ണുകളുടെ നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ടാകാം. 

 

2. ചര്‍മം ഓറഞ്ച് തൊലി പോലെയാകും

സ്തനത്തിലെ ചര്‍മം ഓറഞ്ച് തൊലി പോലെയാകുന്ന സ്കിന്‍ ഡിംപ്ലിങ്ങും സ്താനാര്‍ബുദ ലക്ഷണാണ്. ഇത് ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സറിന്‍റെ സൂചന നല്‍കുന്നു.

 

3. പുകച്ചില്‍

സ്തനത്തിന് ചൂടും പുകച്ചിലും അനുഭവപ്പെടുന്നതും വല്ലാതെ വീര്‍ക്കുന്നതും ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സറിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. സ്തനങ്ങളില്‍ വേദനയും ഇതോടൊപ്പം അനുഭവപ്പെടാം.

Read Also: വെള്ളംകുടി അമിതമായാലും പ്രശ്‌നം; മരണം വരെ സംഭവിക്കാം

4. സ്രവങ്ങള്‍

മുലയൂട്ടാത്തവരിലും പാൽ  പോലുള്ള ചില ദ്രാവകങ്ങള്‍ മുലക്കണ്ണുകളിലൂടെ പുറത്തേക്കു വരുന്നത് അര്‍ബുദത്തിന്‍റെ സൂചനയാണ്. മറ്റു ചില രോഗങ്ങള്‍ക്കും മുലകളില്‍ നിന്ന് സ്രവങ്ങള്‍ ഒലിക്കാമെന്നതിനാല്‍ പരിശോധനയിലൂടെ മാത്രം അര്‍ബുദം ഉറപ്പിക്കാനാകൂ.

 

സ്തനാര്‍ബുദം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പടരാനുള്ള സാധ്യതയുണ്ട്. കക്ഷത്തിന് കീഴെയുള്ള ലിംഫ് നോഡുകളാണ് ഇത്തരത്തില്‍ ആദ്യം ബാധിക്കപ്പെടുക. പിന്നീട് ശ്വാസകോശം, കരള്‍, തലച്ചോര്‍, എല്ലുകള്‍ എന്നിവയിലേക്കെല്ലാം സ്തനാര്‍ബുദം പടരാം. ജീവിതശൈലി മാറ്റങ്ങളിലൂടെ സ്തനാര്‍ബുദത്തിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലമുള്ള മുലയൂട്ടല്‍, നിത്യവുമുള്ള വ്യായാമം, ഭാരനിയന്ത്രണം എന്നിവ സഹായകമാണ്. മദ്യപാനം, പുകവലി, പുകയില ഉപയോഗം എന്നിവ ഉപേക്ഷിക്കുന്നതും ഹോര്‍മോണുകളുടെ ദീര്‍ഘ ഉപയോഗം ഒഴിവാക്കുന്നതും അമിതമായി റേഡിയേഷന്‍ ഏല്‍ക്കാതെ സൂക്ഷിക്കുന്നതും അര്‍ബുദ  സാധ്യത കുറയ്ക്കും. സ്തനാര്‍ബുദം കണ്ടെത്താനായി സ്ത്രീകള്‍ ഇടയ്ക്കിടെ സ്തനങ്ങള്‍ സ്വയം പരിശോധിക്കുകയും മുഴകളോ തടിപ്പോ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും വേണ്ടതാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കാണാനും വൈകരുത്. ഒരു പ്രായം കഴിഞ്ഞാല്‍ മാമോഗ്രാം ഉള്‍പ്പെടെയുള്ള സ്ക്രീനിങ്ങുകള്‍ക്കും ഇടയ്ക്കിടെ വിധേയരാകേണ്ടതാണ്. 

Content Summary: Breast Cancer Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com