ADVERTISEMENT

നമ്മുടെ ദൈനംദിന ശീലങ്ങളുടെ  ഭാഗമാണ് പല്ല് തേപ്പ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും  രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും. എന്നാല്‍ നല്ല ദന്താരോഗ്യത്തിന് ഈ പല്ല് തേപ്പ് മാത്രം പോരെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എത്ര തേച്ചാലും പല്ലുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അഴുക്കും അണുക്കളും പറ്റിപിടിച്ചിരിക്കും. പല്ലുകളിലും മോണകളിലും നിന്ന് 60 ശതമാനം അണുക്കളെയും അഴുക്കിനെയും മാത്രമേ പല്ല് തേപ്പിലൂടെ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ പറയുന്നു. 

ദന്താരോഗ്യം നിലനിര്‍ത്തുന്നതിന് രണ്ട് നേരമുള്ള പല്ലു തേപ്പിന് പുറമേ ഇനി പറയുന്ന ചില കാര്യങ്ങള്‍ കൂടി സഹായിക്കുമെന്ന് പ്രമുഖ ദന്തരോഗവിദഗ്ധനായ ഡോ. അനില്‍ അരോറ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

1. ഫ്ളോസ്

പല്ലുകള്‍ക്ക് ഇടയിലുള്ള അഴുക്ക് നീക്കം ചെയ്യുന്നതിന് ദിവസത്തില്‍ ഒരിക്കലെങ്കിലും ഫ്ളോസ് ചെയ്യുന്നത് നന്നായിരിക്കും. നൂല്‍ ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചും ഫ്ളോസ് ചെയ്യാം.  പല്ലുകള്‍ക്കിടയിലൂടെ വെള്ളം ചീറ്റിക്കാന്‍ സഹായിക്കുന്ന വാട്ടര്‍ ഫ്ളോസറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും മറ്റും പൂര്‍ണമായും പല്ലുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫ്ളോസ് അത്യാവശ്യമാണ്.  

 

2. മൗത്ത് വാഷ്

അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നതും ദന്താരോഗ്യത്തില്‍ സഹായകമാണ്. അണുക്കളെ നീക്കം ചെയ്യുന്നതിനു പുറമേ മോണകള്‍ക്കും പല്ലുകള്‍ക്കും ഹാനികരമായ വായിലെ ആസിഡുകളെയും കെമിക്കലുകളെയും നിര്‍വീര്യമാക്കാനും മൗത്ത് വാഷ് സഹായിക്കും. മോണരോഗങ്ങളെ ചെറുക്കാനും ഇത് നല്ലതാണ്. 

 

3. സന്തുലിത ഭക്ഷണം

പഞ്ചസാരയും സ്റ്റാര്‍ച്ചും ചേർന്ന  ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം പല്ലുകള്‍ക്ക് കേട് വരുത്തും. ഇതിനാല്‍ ദന്താരോഗ്യത്തിന് ഇവയെല്ലാം പരിമിതപ്പെടുത്തണം. നാരുകളും കാല്‍സ്യവും സമൃദ്ധമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

 

4. ഇലക്ട്രിക് ടൂത്ത്ബ്രഷ്

മുന്നോട്ടും പിറകിലേക്കും ചലിക്കുന്ന ഹെഡോഡ് കൂടിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് പല്ല് തേക്കാന്‍ ഉപയോഗിക്കുന്നത് കൈ കൊണ്ട് തേക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഫലം നല്‍കും. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടൈമറുകള്‍ ഉള്ള ഇലക്ട്രിക് ബ്രഷ് സഹായിക്കും. 

 

5. ദന്തപരിശോധന

ഇടയ്ക്കിടെ ദന്തരോഗവിദഗ്ധനെ കണ്ട് പല്ല് പരിശോധനയും വൃത്തിയാക്കലും നടത്തേണ്ടതും അത്യാവശ്യമാണ്. ദന്തരോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാനും ആവശ്യമായ ചികിത്സകള്‍ തേടാനും ഇത് വഴി സാധിക്കും.

Content Summary: Why Brushing Alone Is Not Enough For Good Dental Hygiene?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com