ADVERTISEMENT

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരൾ അഞ്ഞൂറിലധികം പ്രവൃത്തികളാണ് ചെയ്യുന്നത്. ഉപാപചയപ്രവർത്തനം, വിഷാംശങ്ങളെ നീക്കൽ, പ്രോട്ടീൻ സിന്തസിസ് ഇവയെല്ലാം അതില്‍ ഉൾപ്പെടും. ആരോഗ്യത്തിനും ദീർഘായുസ്സിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

 

ഓരോ വർഷവും 20 ലക്ഷത്തോളം പേരാണ് കരൾരോഗം മൂലം മരണമടയുന്നത്. ഇന്ത്യയില്‍ അഞ്ചിൽ ഒരാൾ എന്ന തോതിൽ കരൾരോഗികൾ ഉണ്ട്. മിക്ക കരൾ രോഗങ്ങളും ഒഴിവാക്കാനാകുന്നതാണ് എന്നതാണ് വസ്തുത. ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുക വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. 

 

1. ഒന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം മദ്യപാനം ഒഴിവാക്കുക എന്നതാണ്. ദിവസം ഒരു ഡ്രിങ്ക് (30 ml) എന്ന അളവിൽ സ്ത്രീകളും രണ്ട് ഡ്രിങ്ക്സ് (60 ml) എന്ന തോതിൽ പുരുഷന്മാരും മദ്യോപയോഗം പരിമിതപ്പെടുത്തിയാൽ കരളിന്റെ നാശം തടയാൻ സാധിക്കും. കരൾരോഗം ഉള്ളവർ ആണെങ്കിൽ മദ്യം പൂർണമായും ഉപേക്ഷിക്കണം. 

 

2. കരൾരോഗം തടയാൻ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാൻ. ഉദരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അമിതഭാരവും ആണ് ഫാറ്റി ലിവർ വരാനുള്ള സാധ്യത കൂട്ടുന്നത്. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം തുടങ്ങി സമീകൃതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഒപ്പം കാലറിയും കൊഴുപ്പും കൂടിയ ഭക്ഷണസാധനങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളായ എണ്ണ, നെയ്യ്, പാൽക്കട്ടി (Cheese), മധുരപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. 

 

3. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഒന്നിലധികം പങ്കാളികളുമായി ബന്ധപ്പെടുന്നതു വഴിയും, ചില മരുന്നുകളുടെ ഉപയോഗത്തിലൂടെയും വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി അുബാധകൾ വ്യാപിക്കാം. ഈ പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് പകരുന്നതു തടയാൻ സാധിക്കും. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ കുത്തിവയ്പ് എടുക്കുന്നതും അണുബാധ തടയും. ഹെപ്പറ്റൈറ്റിസ് എ വാക്സീനുകളും ഇപ്പോൾ ലഭ്യമാണ്. 

 

4. കരൾരോഗം തടയുന്നതിൽ വൃത്തിയും ഒരു പ്രധാനപങ്കു വഹിക്കുന്നു. ബാത്ത്റൂം ഉപയോഗിച്ച ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും കൈകൾ വൃത്തിയായി കഴുകണം. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഇതിലൂടെ തടയാൻ കഴിയും. ഷേവിങ്ങ് ബ്ലേഡ്, ടൂത്ത് ബ്രഷ്, സൂചികൾ മുതലായ സ്വകാര്യ വസ്തുക്കൾ പങ്കുവയ്ക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വരാതെ തടയും. 

 

5. വൈദ്യ നിര്‍ദേശം ഇടയ്ക്കിടെ തേടുന്നത് കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്. കരൾ രോഗത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആവശ്യമായ വൈദ്യസഹായവും രോഗപരിശോധനയും നടത്തേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകള്‍ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലോ, അമിത മദ്യപാനി ആണെങ്കിലോ, പൊണ്ണത്തടിയും അമിതഭാരവും ഉണ്ടെങ്കിലോ, പ്രമേഹം, അല്ലെങ്കിൽ കുടുംബത്തിലാർക്കെങ്കിലും കരൾ രോഗം വന്ന ചരിത്രം ഉണ്ടെങ്കിലോ എല്ലാം ഇടയ്ക്കിടെ വൈദ്യപരിശോധ നടത്തേണ്ടതാണ്. ഇത് കരളിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ സഹായിക്കും.

Content Summary: Liver health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com