അമിത രക്തസമ്മര്‍ദം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങള്‍ ഇവ; വേണം കരുതല്‍
Mail This Article
അനിയന്ത്രിതമായി കുതിച്ചുയരുന്ന രക്തസമ്മര്‍ദം പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. അവഗണിക്കുകയോ, വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതിരിക്കുകയോ ചെയ്താല്‍ മരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് രക്തസമ്മര്‍ദം നയിക്കാം.
രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനി പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഗുരുഗ്രാം മണിപ്പാല്‍ ആശുപത്രിയിലെ ചീഫ് ഓഫ് കാര്‍ഡിയാക് സയന്‍സ് ഡോ. മോണിക് മെഹ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ഹൃദ്രോഗ സാധ്യത ഉയരും
കുതിച്ചുയരുന്ന രക്തസമ്മര്‍ദം ഹൃദയത്തിനു മുകളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ട സാഹചര്യം ഇത് സൃഷ്ടിക്കും. ഈ ഉയര്‍ന്ന ജോലിഭാരം ഹൃദയപേശികളെ ദുര്‍ബലപ്പെടുത്തുന്നത് കൊറോണറി ഹാര്‍ട്ട് ഡിസീസ്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയിലേക്ക് നയിക്കാം.
2. രക്തധമനികള്‍ക്ക് നാശം
നിരന്തരമായ ഹൈപ്പര്‍ടെന്‍ഷന്‍ രക്തധമനികളുടെ അകത്തെ പാളിക്ക് നാശമുണ്ടാക്കുന്നത് അവയില്‍ കൊഴുപ്പടിയാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് രക്തയോട്ടം കുറഞ്ഞ് നെഞ്ചു വേദനയും ഹൃദയാഘാതവും ഉണ്ടാകാനിടയാക്കും.
3. ഉള്ളിലെ രക്തസ്രാവം
ഉയര്‍ന്ന രക്തസമ്മര്‍ദം ധമനികളെ ദുര്‍ബലമാക്കുന്നത് അവയില്‍ മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകും. അന്യൂറിസം എന്നാണ് ഈ രോഗാവസ്ഥയ്ക്ക് പേര്. ഈ മുഴകള്‍ പൊട്ടുന്നത് ശരീരത്തില്‍ ആന്തരിക രക്തസ്രാവത്തിനും മരണത്തിനും വരെ കാരണമാകാം.
4. പക്ഷാഘാത സാധ്യത
ഉയര്‍ന്ന രക്തസമ്മര്‍ദം തലച്ചോറിലെ രക്തധമനികള്‍ക്ക് നാശം വരുത്തുന്നത് ഇവിടേക്കുള്ള രക്തവിതരണത്തെ ബാധിക്കും. ഇത് തലച്ചോറിന്‍റെ നാശത്തിനും പക്ഷാഘാതത്തിനും കാരണമാകാം. മരണത്തിലേക്കോ സ്ഥിരമായ വൈകല്യത്തിലേക്കോ പക്ഷാഘാതം നയിക്കാം.
5. വൃക്ക നാശം
ഹൈപ്പര്‍ടെന്‍ഷന്‍ വൃക്കകളിലെ രക്തധമനികള്‍ക്കും നാശമുണ്ടാക്കാം.ഇത് രക്തത്തെ അരിച്ച് മാലിന്യങ്ങളും അമിതമായ ദ്രാവകങ്ങളും പുറന്തള്ളാനുള്ള വൃക്കയുടെ ശേഷിയെ ബാധിക്കും. വൃക്കസ്തംഭനം ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്കും ഇത് നയിക്കും.
ഇനി പറയുന്ന കാര്യങ്ങള്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
1. ആരോഗ്യകരമായ ജീവിതശൈലി
പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ സന്തുലിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ഭക്ഷണത്തിലെ ഉപ്പിന്‍റെ അംശം കുറയ്ക്കല്‍, എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്.
2. ശരിയായ മരുന്നുകള്‍
രക്തസമ്മര്‍ദം കുറയ്ക്കാന്‍ മരുന്നുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം അവ മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോസില്‍ വ്യത്യാസം വരുത്തേണ്ടി വന്നേക്കാം. ചികിത്സിക്കുന്ന ഡോക്ടര്‍ പറയാതെ മരുന്ന് പെട്ടെന്ന് നിര്‍ത്താനും പാടില്ല.
3. പരിശോധന മുഖ്യം
ഇടയ്ക്കിടെ വീട്ടില്‍ വച്ചുതന്നെ രക്തപരിശോധന നടത്തേണ്ടും വ്യതിയാനങ്ങള്‍ ഉള്ള പക്ഷം ഈ വിവരങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടതുമാണ്.
4. സമ്മര്‍ദം കുറയ്ക്കാം
സമ്മര്‍ദം കുറയ്ക്കാനും കൈകാര്യം ചെയ്യാനും ആരോഗ്യകരമായ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതാണ്. ശ്വസന വ്യായാമം, യോഗ പോലുള്ളവ ഇക്കാര്യത്തില്‍ സഹായകമാണ്.
Content Summary: Unmanaged blood pressure related health issues