ADVERTISEMENT

വ്യായാമം നല്ലകാര്യം തന്നെ. പക്ഷേ... പതിവാകുമ്പോൾ മിക്കവർക്കും മടുത്തു തുടങ്ങും. എന്നാൽ ബോറടിക്കാതെ വ്യായാമം ചെയ്യണോ? വഴിയുണ്ട്. വ്യായാമമാണെന്നു തോന്നുകയില്ല, ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമം. അതാണ് എയ്റോബിക് ഡാൻസ്. വ്യായാമവും വിനോദവും ഒത്തുചേരുന്ന വേള.

എയ്റോബിക് ഡാൻസ്

ഹൃദയത്തിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമായ വ്യായാമമാണ് എയ്റോബിക്സ്. എയ്റോബിക്സിനു മറ്റു നിരവധി ഗുണങ്ങളുമുണ്ട്. എയ്റോബിക്സിന്റെ നൃത്തരൂപമാണ് എയ്റോബിക് ഡാൻസ്.

ഒരു സംഘം ആളുകൾ ഒന്നിച്ച് ചടുലതാളമുള്ള സംഗീതത്തിന് അനുസൃതമായി ചുവടുകൾ വയ്ക്കുകയാണിവിടെ. തനിച്ചും സംഘമായും എയ്റോബിക് ഡാൻസ് ചെയ്യാം. ശ്വസനപ്രക്രിയയുമായി അടുത്ത ബന്ധമുണ്ട് എയ്റോബിക് ഡാൻസിന്.

സംഗീതവുമായി ഏറെ ബന്ധമുള്ള വ്യായാമമാണിത്. ബീറ്റുകൾ അതവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്റോബിക് ഡാൻസിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റിൽ നിശ്ചിത ബീറ്റുകൾക്കനുസരിച്ചാണ് ഡാൻസ് ചുവടുകൾ ക്രമീകരിച്ചിട്ടുള്ളത്.

ഒരു മണിക്കൂർ സമയമാണ് എയ്റോബിക് ഡാൻസിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അഞ്ചു മുതൽ പത്തു മിനിറ്റ് സമയം വാം അപ്പും സ്ട്രെച്ചിങും ചെയ്യും. 20 മിനിറ്റു മുതൽ 40 മിനിറ്റ് ഡാൻസിനുള്ള സമയമാണ്. അഞ്ചു മിനിറ്റ് നീളുന്ന കൂൾ ഡൗൺ സെഷൻ. പിന്നീട് സ്ട്രെച്ചിങ് ചെയ്ത് ഡാൻസ് നിർത്തുന്നു. കൂൾഡൗൺ ചെയ്യുന്നതിനു മുമ്പ് നിശ്ചിത ഇടവേളകളിൽ തീവ്രത വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇന്റർവെൽ ട്രെയിനിങ് ചെയ്യാവുന്നതാണ്.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുദിവസം വരെ എയ്റോബിക് ഡാൻസ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ ഊർജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാനുള്ളവർ ആഴ്ചയിൽ അഞ്ചുദിവസവും ഡാൻസ് ചെയ്യണം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്

എയ്റോബിക് ഡാൻസ് ചെയ്യുന്നതിനു മുമ്പ് ആരോഗ്യനില ശ്രദ്ധിക്കണം.

പ്രായമായവർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, ഹൃദ്രോഗികൾ, ശ്വാസകോശപ്രശ്നങ്ങളുള്ളവർ, നടുവിനും കാൽമുട്ടിനും വേദനയും പ്രശ്നങ്ങളുമുള്ളവർ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. ഡാൻസിനിടെ തലകറക്കം, അമിതമായി കിതയ്ക്കൽ എന്നീ പ്രശ്നങ്ങൾ ഉണ്ടായാൽ ഡാൻസ് നിർത്തണം.

വീട്ടിൽ ചെയ്യാം

ഫിറ്റ്നെസ് സെന്ററിൽ പോകാനുള്ള സൗകര്യം എല്ലാവർക്കും ലഭിച്ചെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ എയ്റോബിക് ഡാൻസ് വീട്ടിലും ചെയ്യാം. എയ്റോബിക് ഡാൻസ് പരിശീലിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടുകൊണ്ട് ചെയ്താൽ കൂടുതൽ നല്ലത്. കൃത്യമായ ചുവടുകൾ ചെയ്യാൻ ഇതു സഹായിക്കും.

എയ്റോബിക് ഡാൻസിന്റെ ആരോഗ്യഗുണങ്ങൾ

എയ്റോബിക് ഡാൻസിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. എയ്റോബിക്സ് വ്യായാമം ചെയ്താൽ ലഭിക്കുന്ന എല്ലാ ഗുണങ്ങളും ഈ ഡാൻസിലൂടെയും ലഭിക്കുന്നു.

ശരീരം നന്നായി ഫിറ്റ് ആകുന്നു. അമിതകൊഴുപ്പ് നീക്കി ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നു. ശരീരം വഴക്കവും ഊർജസ്വലതയുള്ളതുമാക്കുന്നു. പേശികൾക്കു നല്ല ഉറപ്പു നൽകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. എച്ച് ഡി എൽ എന്ന നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു. രക്തസമ്മർദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നൽകുന്നു. ദിവസം മുഴുവൻ ഊർജസ്വലത പകരുന്നു. ടെൻഷൻ, വിഷാദം എന്നിവയെ മാറ്റുന്നു.

English Summary : Aerobic dance workout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com