ADVERTISEMENT

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും വ്യത്യസ്ത ആരോഗ്യ വെല്ലുവിളികളാണ് ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. ഒരു സമയത്ത് ഹോർമോൺ വ്യതിയാനം ആണെങ്കിൽ മറ്റൊരു സമയത്ത് ഉപാപചയപ്രവർത്തനങ്ങളിലെ മാറ്റമാകാം. തീർച്ചയായും സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കണം. ഒരു സമൂഹത്തിന്റെ അടിത്തറതന്നെ സ്ത്രീയാണ്. കുടുംബത്തിലെ എല്ലാവരുടെയും കാര്യം ശ്രദ്ധിക്കുന്ന അവൾ സ്വന്തം കാര്യം ശ്രദ്ധിക്കാതെ പോകുന്നു. ഇത് ക്രമേണ ആരോഗ്യ സങ്കീർണതകളിലേക്കു നയിക്കുന്നു. 

 

സ്ത്രീകളുടെ ആരോഗ്യത്തെ പൊതുവേ ബാധിക്കുന്ന രോഗങ്ങൾ ഏതൊക്കെയെന്നു നോക്കാം

 

∙ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ (PCOD)

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്നും അറിയപ്പെടുന്ന പിസിഒഡി സ്ത്രീകളെ ഗുരുതരമായി ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ്. ഇത് ഹോർമോൺ വ്യതിയാനത്തിലേക്കും തുടർന്നു ശരീരഭാരം കൂടുക, ക്രമം തെറ്റിയ ആർത്തവം, കഠിനമായ ആർത്തവ വേദന തുടങ്ങിയവയ്ക്കും കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം പതിവായി വ്യായാമം ചെയ്യുന്നതും ഈ അവസ്ഥയ്ക്ക് ആശ്വാസമേകും. 

 

∙വിളർച്ച

ധാരാളം സ്ത്രീകളെ ബാധിക്കുന്ന ഒരവസ്ഥയാണിത്. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ് ഒരുപാട് സത്രീകളിൽ പോഷകങ്ങളുടെ അഭാവം ഉണ്ടാക്കുന്നു. ഇത് വിളർച്ചയിലേക്കു നയിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം സ്ത്രീകൾ കഴിക്കേണ്ടത് പ്രധാനമാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും വിളർച്ച ഉൾപ്പെടെയുള്ള അവസ്ഥകളെ തടയുകയും ചെയ്യും. 

 

∙ആർത്തവ വിരാമം

ആർത്തവവിരാമം ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നതുൾപ്പെടെയുള്ള ഹോർമോൺ വ്യതിയാനങ്ങളിലേക്ക് നയിക്കുന്നു. ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ. ഇതുകൊണ്ടുതന്നെ ഈസ്ട്രജന്റെ അളവ് കുറയുന്നത് ഹൃദ്രോഗസാധ്യത കൂട്ടും. ഈ സമയത്ത് സ്ത്രീകൾക്ക് സാംക്രമികമല്ലാത്ത (non communicable) രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്. 

 

∙ഹൃദ്രോഗം

ആർത്തവവിരാമഘട്ടത്തിലൂടെ സ്ത്രീകൾ കടന്നു പോകുമ്പോൾ ഹൃദ്രോഗസാധ്യതയും കൂടുതലാണ്. രോഗസാധ്യത കുറയ്ക്കാൻ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ, നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണം ഇവ കഴിക്കണം. 

 

∙ശരീരഭാരം കൂടുക

ശരീരഭാരം കൂടാനുള്ള സാധ്യത സ്ത്രീകൾക്ക് കൂടുതലാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദം, പ്രമേഹം, മറ്റ് രോഗങ്ങൾ ഇവയ്ക്കും സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം ദിവസവും വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. 

 

∙പ്രമേഹം 

ആർത്തവവിരാമ ഘട്ടത്തിൽ ഹോർമോൺ വ്യതിയാനം സ്ത്രീകളിൽ ഉണ്ടാകുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. ഇത് ക്രമേണ പ്രമേഹത്തിലേക്കു നയിക്കും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഇത് വൃക്ക തകരാർ, നാഡികൾക്ക് ക്ഷതം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. 

 

∙അത്യുഷ്ണം 

ആർത്തവവിരാമഘട്ടത്തില്‍ ആണ് സ്ത്രീകളിൽ അത്യുഷ്ണം (Hot flashes) ഉണ്ടാകുന്നത്. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അത്യുഷ്ണത്തിൽ നിന്നു സംരക്ഷണമേകും.  

 

∙മാനസികാരോഗ്യം

ജീവിതത്തിന്റെ പലഘട്ടങ്ങളിലും സ്ത്രീകൾ നിരവധി മാനസികാരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു. ഗർഭാനന്തര വിഷാദം അതിലൊന്നാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ക്ഷതം തടയും. 

 

∙ഭക്ഷണ വൈകല്യങ്ങൾ

കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് തങ്ങളുടെ രൂപത്തെക്കുറിച്ച് വളരെ ബോധമുണ്ടായിരിക്കും. ചില പ്രത്യേക ശരീരപ്രകൃതി ലഭിക്കാനായി അവർ ഭക്ഷണം കുറച്ചു മാത്രം കഴിക്കുകയോ ആവശ്യത്തിലധികം കഴിക്കുകയോ ചെയ്യും. ഇത് ക്രമേണ പോഷകങ്ങളുടെ അഭാവത്തിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. 

 

∙എല്ലുകളുടെ ആരോഗ്യം

മുപ്പതുകളുടെ അവസാനമാകുമ്പോഴേക്കും സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങും. എല്ലുകളുടെ ആരോഗ്യം നിലനിർത്താനായി കാത്സ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. എല്ലുകൾ ദുർബലമായാൽ പൊട്ടലുണ്ടാകാനും ആരോഗ്യം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Content Summary: From PCOS to Menopause: Understanding the Unique Health Challenges Faced by Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com