ADVERTISEMENT

ആരോഗ്യത്തിന് ആണെന്നും പെണ്ണെന്നുമുള്ള വ്യത്യാസമൊന്നുമില്ല. സ്ത്രീകളായാലും പുരുഷന്മാരായാലും ഒരു പ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തുകയും ജീവിതശൈലിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കു കയോ മറച്ചുവയ്ക്കുകയോ വേണ്ടസമയത്ത് ശരിയായ ചികിൽസ തേടാതിരിക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്.  ആരോഗ്യവാന്മാരാണെന്ന ധാരണയില്‍ ശരീരം നല്‍കുന്ന പല മുന്നറിയിപ്പുകളും പുരുഷന്മാർ അവഗണിക്കാറുണ്ട്. ഇത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്കും അകാല മരണത്തിലേക്കും നയിക്കാം. ഏത് പ്രായത്തിലുള്ള പുരുഷന്മാരാണെങ്കിലും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

∙ മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും  മൂത്രത്തിന്‍റെ നിറത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും നിസ്സാരമായി തള്ളരുത്. മൂത്രത്തില്‍ രക്തം കണ്ടാല്‍ അത് ഏതെങ്കിലും തരത്തിലുള്ള അണുബാധയുടെയോ ചിലപ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെയോ കിഡ്നിയിലെ കല്ലിന്‍റെയോ ലക്ഷണമാകാം. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രസഞ്ചിയുടെയോ മൂത്രനാളിയുടെയോ അണുബാധ മൂലമാകാം. പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നാകാനും സാധ്യതയുണ്ട്.

∙ നെഞ്ചുവേദന,ശ്വാസംമുട്ടല്‍
നെഞ്ചുവേദനയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും കിതപ്പുമൊക്കെ ഹൃദ്രോഗ ലക്ഷണങ്ങളാണ്. അസാധാരണമായ നെഞ്ചു വേദന, ശ്വസനപ്രശ്നങ്ങള്‍, അമിതമായ വിയര്‍പ്പ്, അസാധാരണമായ നെഞ്ചിടിപ്പ് എന്നിവയെല്ലാം ഉടനെ വൈദ്യസഹായം തേടേണ്ട ലക്ഷണങ്ങളാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗ ചരിത്രമുണ്ടെങ്കില്‍ ഇത് ഒട്ടും വൈകിക്കരുത്. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളുള്ളവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

∙ ലൈംഗികാവയങ്ങളില്‍ മുഴ
ലിംഗത്തിലോ വൃഷണ സഞ്ചികളിലോ ഉണ്ടാകുന്ന മുഴയോ കുരുക്കളോ അര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണമാകാമെന്നതിനാല്‍ അവ അവഗണിക്കരുത്. യുവാക്കളിൽ ഏറ്റവും സാധാരണയായി കാണുന്നതാണ് ടെസ്റ്റിക്കുലര്‍ കാന്‍സര്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അകാല മരണത്തിന് ഇത് കാരണമാകാം. 

∙ ഉദ്ധാരണപ്രശ്നങ്ങള്‍
പ്രായമാകുന്തോറും പുരുഷന്മാര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് ഉദ്ധാരണശേഷിക്കുറവ്. ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തെ മറ്റു ബുദ്ധിമുട്ടുകളും  വിവിധ ആരോഗ്യ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. വൃക്കയുടെ തകരാര്‍, നാഡീവ്യൂഹത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍, പ്രമേഹം, മദ്യപാനാസക്തി തുടങ്ങിയ പലതും ലൈംഗിക ഉദ്ധാരണക്കുറവിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ ഒരിക്കലും അമാന്തിക്കരുത്. 

∙ അമിതമായ ദാഹം
ദിവസം രണ്ട് മുതല്‍ മൂന്ന് ലീറ്റര്‍ വെള്ളം വരെ മുതിര്‍ന്ന ഒരു വ്യക്തി കുടിക്കേണ്ടത് അത്യാവശ്യമാണ്. ചില ദിവസങ്ങളില്‍ അമിതമായ ദാഹം തോന്നുന്നതും സ്വാഭാവികമാണ്. എന്നാല്‍ നിരന്തരമുള്ള ദാഹവും അമിതമായ വെള്ളം കുടിയും പ്രമേഹം വളരുന്നതിന്‍റെ സൂചകമായ ഹൈപ്പര്‍ഗ്ലൈസീമിയ ലക്ഷണമാകാം. കുടുംബത്തില്‍ പ്രമേഹ ബാധിതരുള്ളവര്‍ പ്രത്യേകിച്ചും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ രക്തത്തിലെ പഞ്ചസാര പരിശോധിക്കണം. കൃത്യസമയത്ത് കണ്ടെത്തി ജീവിതശൈലിയിലും ഭക്ഷണത്തിലും മാറ്റം വരുത്തിയാല്‍ മരുന്നില്ലാതെ തന്നെ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. 

∙ ഓര്‍മക്കുറവ് 
പ്രായമാകും തോറും ചെറിയ ഓര്‍മക്കുറവൊക്കെ എല്ലാവര്‍ക്കും ഉണ്ടാകാം. എന്നാല്‍ വലിയ തോതിലുള്ള ഓര്‍മക്കറുവ് തലയ്ക്കുള്ളിലെ അണുബാധയുമായോ, അൽസ്ഹൈമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങളുമായോ ബന്ധപ്പെട്ടതാകാം. ചിലപ്പോള്‍ വൈറ്റമിന്‍ ബി12 പോലുള്ള ചില പോഷകങ്ങളുടെ അഭാവം മൂലവും ഓര്‍മക്കുറവുണ്ടാകാം. എന്തു കാരണം കൊണ്ടാണ് ഓര്‍മക്കുറവ് ഉണ്ടാകുന്നതെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ പരിശോധനകളിലൂടെ മാത്രമേ സാധിക്കൂ.

Content Summary :  Symptoms and Warning Signs of Worsening Health in Men 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com