ഒമേഗ 3 ഫാറ്റി ആസിഡ് അമിതമായാൽ; അറിയാം പാർശ്വഫലങ്ങൾ
Mail This Article
ആരോഗ്യത്തിനു വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ആണിവ. ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്ന, ഹൃദയാരോഗ്യമേകുന്ന മൈക്രോന്യൂട്രിയന്റുകളാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇൻഫ്ലമേഷൻ അകറ്റാനും റുമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾ അകറ്റാനും സഹായിക്കുന്ന ഡിഎച്ച്എ, ഇപിഎ പോലുള്ള പ്രത്യേക തരം ഒമേഗ 3 ഫാറ്റി ആസിഡുകൾ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
എന്താണ് ഒമേഗ 3 ഫാറ്റി ആസിഡ്?
ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളും ചെയ്യുന്ന പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകളാണ് ഇവ. ആവശ്യത്തിന് ഒമേഗ 3 ശരീരം ഉൽപാദിപ്പിച്ചില്ലെങ്കിൽ ഒമേഗ 3 അടങ്ങിയ ഭക്ഷണമോ സപ്ലിമെന്റുകളോ കഴിക്കേണ്ടി വരും.
ശരീരകോശങ്ങൾ ശരിയായി പ്രവർത്തിക്കാനും അവയ്ക്കു ഘടനയും സപ്പോർട്ടും നൽകാനും സഹായിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകളാണ്. തലച്ചോറിലെയും കണ്ണിലെയും കോശങ്ങളിലാണ് അവ കൂടുതലായി കാണുന്നത്. ശരീരത്തിന് ഊർജമേകാനും ഇവ സഹായിക്കും. എന്നാൽ ഒമേഗ 3 യുടെ അളവ് കൂടിയാൽ അത് ആരോഗ്യത്തിനു ദോഷം ചെയ്യും.
പാർശ്വഫലങ്ങൾ
ഒമേഗ 3 യുടെ ഉറവിടമായ മത്സ്യ എണ്ണ പോലുള്ളവ അമിതമായാൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകാം.
∙പ്രമേഹം
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവ് അമിതമായാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യും. ഗ്ലൂക്കോസിന്റെ ഉൽപാദനം കൂട്ടാൻ ഒമേഗ 3 കാരണമാകുന്നതിനാലാണ് കൂടുതൽ ഡോസ് ശരീരത്തിലെത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്.
∙ബ്ലീഡിങ്ങ്
ഒമേഗ 3 ശരീരത്തിൽ അമിതമായാൽ മോണകളിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാം. ദിവസവും മത്സ്യ എണ്ണ കൂടുതൽ അളവിൽ ശരീരത്തിലെത്തിയാൽ ആരോഗ്യമുള്ള മുതിർന്നവരിൽ രക്തം കട്ടപിടിക്കുന്നത് കുറയും. അതുകൊണ്ടാണ് സർജറിക്കു മുൻപ് ഫിഷ് ഓയിൽ കഴിക്കുന്നത് നിർത്തണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത്.
∙കുറഞ്ഞ രക്തസമ്മർദം
രക്തസമ്മർദം കുറയാൻ മത്സ്യ എണ്ണ കാരണമാകും. ദിവസവും 3 ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് വീതം കഴിച്ച, ഡയാലിസിസ് ചെയ്യുന്ന ആളുകളിൽ സിസ്റ്റോളിക്, ഡയസ്റ്റോളിക് പ്രഷർ കുറഞ്ഞതായി ഒരു പഠനത്തിൽ കണ്ടു. രക്തസമ്മർദം കുറയ്ക്കുന്ന മരുന്നുകളുടെ പ്രവർത്തനത്തെയും ഫിഷ് ഓയിൽ തടസ്സപ്പെടുത്തും. അതുകൊണ്ട് ഫിഷ് ഓയിൽ സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുൻപ് വൈദ്യ നിർദേശം തേടേണ്ടത് വളരെ പ്രധാനമാണ്.
∙അതിസാരം
ഫിഷ് ഓയിലിന്റെ അമിതോപയോഗത്തിന്റെ പാർശ്വഫലമാണ് അതിസാരം. ഫിഷ് ഓയിൽ കൂടാതെ മറ്റ് ഒമേഗ 3 സപ്ലിമെന്റുകളും അതിസാരത്തിനു കാരണമാകും.
∙പക്ഷാഘാതം
ഒമേഗ 3 ഫാറ്റി ആസിഡ് അമിതമായി ഉപയോഗിക്കുന്നത് ഹെമറാജിക് സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കും. രക്തക്കുഴലുകൾ ദുർബലമായി തലച്ചോറിൽ രക്തപ്രവാഹം ഉണ്ടാകുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്.
Content Summary: Potential Side Effects of Omega-3 Fatty Acids: What You Need to Know