നേത്രരോഗ വിദഗ്ധൻ, പ്രായം 74; പക്ഷേ പരീക്ഷണങ്ങൾ നടത്തുന്ന ഒരു കുട്ടിയാണ് ഈ ഡോക്ടർ
Mail This Article
വയസ്സ് 74 ആയെങ്കിലും ഡോ.മാത്യു ജോസഫിന്റെ ചിന്തകൾക്ക് ഇന്നും ചെറുപ്പത്തിന്റെ കുതിപ്പ്. ശാസ്ത്രലോകത്തെ വളർച്ചകൾ അമ്പരപ്പോടെ നോക്കി നിന്ന ഒരു കുട്ടി ഇന്നും പ്രായമാകാതെ ഡോക്ടറുടെ ഉള്ളിലുണ്ട്. വൈദ്യശാസ്ത്രം പഠിച്ചു ഡോക്ടറായപ്പോഴും ഭൗതികശാസ്ത്രത്തോടുള്ള ഇഷ്ടം കുറഞ്ഞില്ല. ആ ഇഷ്ടംകൊണ്ടു തന്നെയാണു സ്വന്തമായി പല ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തതും.
പരീക്ഷണങ്ങളുടെ പണിപ്പുര
ബിഷപ് ബെൻസിഗർ ആശുപത്രിയിൽ നേത്രരോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുമ്പോഴും ഒഴിവു സമയങ്ങളിൽ തന്റെ ‘പണിപ്പുരയിൽ’ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ശബ്ദതരംഗങ്ങളും വായുതരംഗങ്ങളും കാണാൻ സാധിക്കുന്ന സ്ക്ലീറൻസ് ഫൊട്ടോഗ്രഫി സംവിധാനം, ഹൈ റെസല്യൂഷൻ ടെലിസ്കോപ്, ഏറ്റവുമൊടുവിൽ കപ്പലുകളെ അതിവേഗം നിർത്താനും എളുപ്പത്തിൽ തിരിക്കാനും സഹായിക്കുന്ന ‘വെയ്ൻ’ അടങ്ങിയ കപ്പലിന്റെ മിനിയേച്ചർ രൂപം എന്നിവ ഡോക്ടർ വികസിപ്പിച്ചിട്ടുണ്ട്.
യുദ്ധക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറെ സമയം ലാഭിക്കാമെന്നും നേവി പോലെയുളള സുരക്ഷാസേനകൾക്കു ദ്രുതഗതിയിൽ പ്രവർത്തിക്കാനാകുമെന്നും ഡോ.മാത്യു ജോസഫ് പറയുന്നു. മകനും ഇന്ത്യൻ നേവി എൻജിനീയറുമായ ഉദയ്‌യും പൂർണ പിന്തുണയുമായി കൂടെയുണ്ട്. പേറ്റന്റിനായുള്ള കാത്തിരിപ്പ് നീളുകയാണെങ്കിലും ഡോക്ടറെ അതൊന്നും ബാധിക്കുന്നില്ല. പുതിയ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ വിഭാഗങ്ങൾക്കുമായി തന്റെ ആശയം തുറന്നുകൊടുക്കണം, അതുവഴി നൂതന ആശയങ്ങൾ സമൂഹത്തിലേക്ക് എത്തണം എന്ന മോഹം മാത്രം.
നിറങ്ങളോടും സ്നേഹം
ശാസ്ത്രത്തെ മാത്രമല്ല നിറങ്ങളെയും സ്നേഹിച്ചുകൊണ്ടുള്ള യാത്രയാണ് ഡോക്ടറുടേത്. കടപ്പാക്കട നീതി നഗറിലുള്ള വസതിയിലെ ഇരുപതിലധികം ചിത്രങ്ങൾ വരച്ചത് ഡോക്ടർ തന്നെയാണ്. ഇതു കൂടാതെ വീട്ടിലെ ഫർണിച്ചറുകൾ സ്വയം പണിതു. വായനയും വിടാറില്ല. ‘വിശ്രമജീവിത’ത്തിനിടയ്ക്ക് ഒട്ടും വിശ്രമിക്കാൻ തയാറല്ലാത്തയാൾ വീണ്ടും പുത്തൻ കണ്ടുപിടുത്തങ്ങളുടെയും കൗതുകങ്ങളുടെയും പിറകെയാണ്.
പിന്തുണയുമായി ബെൻസിഗർ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഭാര്യ ഡോ.എലിസബത്തും മക്കളായ കവിത,കൽപന, ഉദയ് എന്നിവരും മരുമക്കളും ചെറുമക്കളുമെല്ലാം ഒപ്പമുണ്ട്.
Content Summary: From Medicine to Physics: Meet the Ophthalmologist Who's Changing the Game