ക്രോണിക് കിഡ്‌നി ഡിസീസ്: പരിശോധന മുപ്പതുകളില്‍ ആരംഭിക്കണം
Mail This Article
വൃക്കകളുടെ പ്രവര്‍ത്തനം ഇനി തിരിച്ചു പിടിക്കാനാവാത്ത വിധം പതിയെ പതിയെ തകരാറിലാകുന്ന രോഗാവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്(സികെഡി). വളരെ ക്രമമായി വൃക്കകള്‍ നശിക്കുന്ന സാഹചര്യമാണ് ഇത്. നിശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം പലരും അവസാന ഘട്ടത്തിലൊക്കെയാണ് തിരിച്ചറിയുന്നത്. അപ്പോഴേക്കും വൃക്ക പൂര്‍ണമായും സ്‌തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാകും. ഹൃദ്രോഗത്തിനും അകാല മരണത്തിനുമെല്ലാം സികെഡി കാരണമാകാം.
നേരത്തെയുള്ള രോഗനിര്‍ണയം ഈ വൃക്കരോഗം തടയുന്നതില്‍ നിര്‍ണായകമാണ്. ഇതിനായി 30 വയസ്സിനു ശേഷം ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആറ് മുതല്‍ 17 ശതമാനം വരെയാണ് ഇന്ത്യയിലെ സികെഡിയുടെ വ്യാപനം. അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോഗം, അമിതവണ്ണം എന്നിവ മൂലം കൂടുതല്‍ യുവാക്കളില്‍ സികെഡി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇനി പറയുന്ന പരിശോധനകള്‍ വൃക്കരോഗത്തെ തടയാന്‍ ആവശ്യമാണ്.
1. രക്തസമ്മര്‍ദം
ഹൈപ്പര്‍ടെന്‍ഷന്‍ സികെഡിയുടെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇതിനാല്‍ ഇടയ്‌ക്കിടെ രക്തസമ്മര്‍ദം പരിശോധിക്കേണ്ടത് ഈ രോഗം തടയാന്‍ ആവശ്യമാണ്.
2. ലിപിഡ് പ്രൊഫൈല്‍
ഉയര്‍ന്ന തോതിലുള്ള കൊളസ്‌ട്രോളും വൃക്കനാശത്തിന് കാരണമാകാമെന്നതിനാല്‍ ലിപിഡ് പ്രൊഫൈലിലൂടെ കൊളസ്‌ട്രോള്‍ തോതും നിര്‍ണയിക്കണം.
3. പ്രമേഹ പരിശോധന
പ്രമേഹവും സികെഡിയിലേക്ക് നയിക്കാവുന്ന ഘടകമാണ്. ഇതിനാല്‍ പ്രമേഹവും പരിശോധിച്ച് നിയന്ത്രിതമായ അളവിലാണെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
4. രക്തപരിശോധന
രക്തപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്നറിയാന്‍ സാധിക്കും. കാര്യക്ഷമമായി രക്തത്തെ അരിച്ച് ശുദ്ധിയാക്കാനുള്ള വൃക്കയുടെ ശേഷിയും രക്തപരിശോധനയിലൂടെ അറിയാം.
5. മൂത്ര പരിശോധന
മൂത്രത്തിലെ പ്രോട്ടീനുകളുടെ അളവ് വിലയിരുത്തുന്നതും വൃക്കയുടെ ആരോഗ്യത്തെ സംബന്ധിച്ച സൂചന നല്‍കും.
മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ മേല്‍പ്പറഞ്ഞ പരിശോധനകള്‍ നടത്തുന്നത് വൃക്ക അപകടത്തിലാണോ എന്നതിനെ സംബന്ധിച്ച് സൂചന ലഭ്യമാക്കും. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തേണ്ടതും വൃക്കകളെ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്.
Content Summary: Are You at Risk? Early Diagnosis Crucial in Preventing Chronic Kidney Disease