ശരീരത്തിലെ നീര്‍ക്കെട്ട്: ലക്ഷണങ്ങള്‍ ഇവ; നിയന്ത്രിക്കാം ഈ ഭക്ഷണങ്ങളിലൂടെ
Mail This Article
ശരീരത്തില്‍ എന്തെങ്കിലും മുറിവോ അണുബാധയോ ഉണ്ടാകുമ്പോള്‍ നമ്മുടെ പ്രതിരോധ സംവിധാനം ഉണരും. പുറത്തു നിന്നു വരുന്ന വസ്‌തുവിനെതിരെ പോരാടാനുള്ള സന്ദേശം പ്രതിരോധ സംവിധാനം കോശങ്ങള്‍ക്ക് നല്‍കും. ഈ പോരാട്ടമാണ് ശരീരത്തില്‍ നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്‌ളമേഷനും നീരിനും ചുവപ്പ് നിറത്തിനും വേദനയ്‌ക്കുമൊക്കെ കാരണമാകുന്നത്.
ഹ്രസ്വനേരത്തേക്കുള്ള ഈ നീര്‍ക്കെട്ട് ശരീരം സ്വയം സുഖപ്പെടുന്ന പ്രക്രിയയുടെ ഭാഗമായതിനാല്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍ ഈ നീര്‍ക്കെട്ട് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നത് ക്രോണിക് ഇന്‍ഫ്‌ളമേഷനിലേക്കും പലവിധം പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം, പ്രമേഹം, മറവിരോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലം ശരീരത്തിലെ ഈ മാറാത്ത നീര്‍ക്കെട്ട് കാരണമാകാം.
ക്രോണിക് ഇന്‍ഫ്‌ളമേഷന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
1. വിട്ടുമാറാത്ത വേദന
2. നിരന്തര ക്ഷീണം, ഉറക്കമില്ലായ്‌മ
3. സന്ധികള്‍ക്ക് പിടുത്തം
4. ചര്‍മ പ്രശ്‌നങ്ങള്‍
5. സി-റിയാക്ടീവ് പ്രോട്ടീന്‍ പോലുള്ള ബയോമാര്‍ക്കറുകളുടെ സാന്നിധ്യം രക്തത്തില്‍ അധികരിക്കുക
6. അതിസാരം, മലബന്ധം, ആസിഡ് റിഫ്‌ളക്‌സ് പോലുള്ള ദഹനസംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
7. വിഷാദരോഗം, ഉത്‌കണ്‌ഠ, മൂഡ് മാറ്റം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍
8. അകാരണമായ ഭാരനഷ്ടമോ ഭാര വര്‍ധനവോ
9. ഇടയ്‌ക്കിടെയുള്ള പനിയും ജലദോഷവും
ചിലതരം ഭക്ഷണക്രമങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുമ്പോള്‍ ചിലതരം ഭക്ഷണങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബേക്ക് ചെയ്‌ത ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, അമിതമായി പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍, റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവയെല്ലാം നീര്‍ക്കെട്ട് കൂട്ടുന്ന ഘടകങ്ങളാണ്.
അതേ സമയം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളുമെല്ലാം ചേര്‍ന്ന അപ്രോച്ചസ് ടു സ്‌റ്റോപ്പ് ഹെപ്പര്‍ടെന്‍ഷന്‍(ഡാഷ്) ഡയറ്റും മെഡിറ്ററേനിയന്‍ ഡയറ്റും നീര്‍ക്കെട്ട് കുറയ്‌ക്കുന്നതാണ്. ഇത്തരം ഡയറ്റുകളില്‍ ആന്റി ഓക്‌സിഡന്റുകളുടെ തോത് അധികമായിരിക്കും. ഇവയില്‍ ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ടാകും. ഫൈബറും പ്രോബയോട്ടിക്‌സും അടങ്ങിയ ഈ ഡയറ്റുകള്‍ വയറിലെയും കുടലുകളിലെയും ആരോഗ്യകരമായ ബാക്ടീരിയകളെ വളര്‍ത്തുന്നു. മഞ്ഞളും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ്.
Content Summary: Signs you have inflammation in your body