ADVERTISEMENT

കൈയില്‍ സ്‌മാര്‍ട്ട്‌ വാച്ചോ, ഫിറ്റ്‌നസ്‌ ട്രാക്കറോ ചെറിയൊരു റിസ്‌റ്റ്‌ ബാന്‍ഡോ എങ്കിലും കെട്ടാത്തവര്‍ ഇന്ന്‌ കുറവാണ്‌. പലര്‍ക്കും അവരുടെ സ്റ്റൈലിന്റെ ഭാഗമാണ്‌ ഈ ബാന്‍ഡുകള്‍. എന്നാല്‍ വലിയ ഗമയില്‍ നാം കെട്ടിക്കൊണ്ടു നടക്കുന്ന റിസ്റ്റ്‌ ബാന്‍ഡുകള്‍ ഇ.കോളി, സ്‌റ്റഫലോകോക്കസ്‌ ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ വിളനിലമാണെന്ന്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

ഫ്‌ളോറിഡ അറ്റ്‌ലാന്റിക്‌ യൂണിവേഴ്‌സിറ്റിയിലെ ചാള്‍സ്‌ ഇ ഷ്‌മിഡിറ്റ്‌ കോളജ്‌ ഓഫ്‌ സയന്‍സിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പലതരം റിസ്റ്റ്‌ ബാന്‍ഡുകള്‍ ധരിക്കുന്ന വ്യക്തികളുടെ കൈയില്‍ നിന്ന്‌ സാംപിളുകള്‍ എടുത്ത്‌ പരിശോധിച്ചാണ്‌ പഠനം നടത്തിയത്‌.

 

സാധാരണയായി മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളില്‍ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയ ഭക്ഷ്യവിഷബാധയും മൂത്രനാളിയിലെ അണുബാധയും ഉണ്ടാക്കുന്നവയാണ്‌. ചികിത്സിക്കാതെ വിട്ടാല്‍ ചര്‍മ അര്‍ബുദത്തിലേക്കും ന്യുമോണിയയിലേക്കും വരെ നയിക്കാവുന്ന ബാക്ടീരിയയാണ്‌ സ്‌റ്റഫലോകോക്കസ്‌.

 

റിസ്‌റ്റ്‌ ബാന്‍ഡുകള്‍ ചര്‍മവുമായി നേരിട്ട്‌ തൊട്ടിരിക്കുന്നതും ഇവിടെ ഈര്‍പ്പവും ചൂടും ഉണ്ടായിരിക്കുന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്‌ക്കുള്ള സാധ്യത ഒരുക്കുന്നു. നാം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ റിസ്‌റ്റ്‌ ബാന്‍ഡിന്‌ കീഴില്‍ വിയര്‍പ്പ്‌ അടിയും. വിയര്‍പ്പിലെ ഉപ്പും പോഷണങ്ങളും ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ലാപ്‌ടോപ്പുകളും സ്‌മാര്‍ട്ട്‌ഫോണുകളും പോലെ സ്‌മാര്‍ട്ട്‌ വാച്ചുകളും ഫിറ്റ്‌നസ്‌ ട്രാക്കറുകളുമൊന്നും നാം വൃത്തിയാക്കാറില്ല എന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്‌ക്ക്‌ പിന്നിലുള്ള ഒരു കാരണമാണ്‌. നിറയെ മടക്കുകളും കുഴികളുമുള്ള തരം ഡിസൈനും വൃത്തിയാക്കലിന്റെ കാര്യക്ഷമത കുറയ്‌ക്കാം. ഈ ചെറിയ മടക്കുകളില്‍ ബാക്ടീരിയ സമൃദ്ധമായി വളരാം.

 

ചര്‍മ പ്രശ്‌നങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകമെന്നതിനാല്‍ റിസ്‌റ്റ്‌ ബാന്‍ഡുകള്‍ ധരിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

 

1. ഇടയ്‌ക്കിടെ വൃത്തിയാക്കണം
സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഈ ഉപകരണങ്ങള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കണം. ബാന്‍ഡ്‌ ചര്‍മവുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ഇടങ്ങളില്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

2. അമിതമായ ഈര്‍പ്പം ഒഴിവാക്കണം
ദീര്‍ഘനേരം റി‌സ്റ്റ്‌ ബാന്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രവണതയും ഒഴിവാക്കണം. അമിതമായി വിയര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേണമെങ്കില്‍ അവ കുറച്ച്‌ സമയം അഴിച്ചു വയ്‌ക്കാം

 

3. വായുസഞ്ചാരമുള്ള സാമഗ്രികള്‍
വായുസഞ്ചാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച റിസ്‌റ്റ്‌ ബാന്‍ഡുകള്‍ അണിയുന്നതും നന്നായിരിക്കും.

Content Summary: Wristbands are breeding ground for harmful bacteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com