ADVERTISEMENT

നിരന്തരമായ ഉറക്കമില്ലായ്‌മ ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനം. അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. രാത്രിയില്‍ വെറും അഞ്ച്‌ മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കുമെന്നും ഇത്‌ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു.

 

ഉറക്കവും ഹൃദയവും സമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണമാണെന്ന്‌ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. സന്തോഷ്‌ കുമാര്‍ ഡോറ ദ ഹെല്‍ത്ത്‌സൈറ്റ്‌.കോമിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഉറക്കമില്ലായ്‌മ രക്തസമ്മര്‍ദത്തിന്റെ തോത്‌ ഉയര്‍ത്തുന്നത്‌ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നിങ്ങനെയുള്ള ചില ഹോര്‍മോണുകളുടെയും അസന്തുലനം ഉറക്കമില്ലായ്‌മ തകരാറിലാക്കുന്നു. ഈ ഹോര്‍മോണുകളുടെ അസന്തുലനം ചയാപചയത്തെ ബാധിച്ച്‌ അണുബാധയിലേക്ക്‌ നയിക്കുന്നു. അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഈ ഹോര്‍മോണല്‍ അസന്തുലനം കാരണമാകാം. ഇവയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

 

ദിവസം ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരിലാണ്‌ ഹൃദ്രോഗ സാധ്യത അധികം. ദീര്‍ഘകാലമുള്ള ഉറക്കമില്ലായ്‌മ താളം തെറ്റിയ ഹൃദയമിടിപ്പിനും കാരണമാകുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്‌. സ്ലീപ്‌ അപ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായ ഉറക്കത്തെ ബാധിക്കുകയും ഹൈപ്പര്‍ടെന്‍ഷന്‍, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്‌ക്ക്‌ കാരണമാകുകയും ചെയ്യുന്നു.

 

ഇനി പറയുന്ന കാര്യങ്ങള്‍ നല്ല ഉറക്കശീലം വളര്‍ത്താന്‍ സഹായിക്കും.

 

1. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രമിക്കുക

2. ഉറങ്ങുന്ന മുറി ഇരുട്ടുള്ളതും ശാന്തവും സൗകര്യപ്രദമായ താപനിലയുള്ളതുമാണെന്ന്‌ ഉറപ്പാക്കുക

3. മൊബൈല്‍, ടാബ്‌, ലാപ്‌ടോപ്‌, ടിവി പോലുള്ള സ്‌ക്രീനുകളില്‍ നിന്നുള്ള വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന മെലടോണിന്‍ ഹോര്‍മോണിന്റെ ഉത്‌പാദനത്തെ ബാധിക്കും. ഇതിനാല്‍ ഉറക്കത്തിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ ഇവയെല്ലാം മാറ്റി വയ്‌ക്കാന്‍ ശ്രദ്ധിക്കുക

4. കാപ്പി, പുകവലി എന്നിവ ഉറക്കത്തെ ബാധിക്കുന്നതിനാല്‍ ഉറങ്ങുന്നതിന്‌ മുന്‍പ്‌ ഇവയെല്ലാം ഒഴിവാക്കുക.

5. നിത്യവും വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പക്ഷേ, ഉറക്കസമയത്തിന്‌ തൊട്ടുമുന്‍പുള്ള കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുക.

Content Summary: A Consistent Lack Of Sleep Can Increase Risk Of Cardiovascular Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com