എത്ര മരുന്നുകൾ കഴിച്ചിട്ടും രക്തസമ്മർദം കുറയുന്നില്ലേ? കാരണമിതാവാം
Mail This Article
ചോദ്യം : ഡോക്ടർ, 29 വയസ്സുള്ള എന്റെ ഇളയ സഹോദരന് രക്തസമ്മർദം കൂടുതലാണെന്ന് ആറു മാസം മുൻപു കണ്ടെത്തിയിരുന്നു. അടിക്കടി ഡോക്ടറെ കണ്ടപ്പോഴൊക്കെ മരുന്നുകൾ മാറി മാറി കഴിക്കാനാണു നിർദേശിച്ചത്. പക്ഷേ, രക്തസമ്മർദത്തിനു കുറവൊന്നുമില്ല. ഈ അവസ്ഥയിൽ എന്തു ചികിത്സയാണു വേണ്ടത്?
ഉത്തരം: രോഗിക്ക് റീനൽ ആർട്ടറി സ്റ്റിറോസിസ് (Renal Artery Stenosis) എന്ന രോഗം പിടിപെട്ടോ എന്നു സംശയിക്കുന്നു. രക്തധമനികളുടെ ചുരുങ്ങൽ മൂലമാണിതുണ്ടാകുന്നത്. വൃക്കകളിൽ അവശ്യം വേണ്ട ഓക്സിജൻ പൂരിതരക്തം എത്തിക്കുവാൻ ഇതു തടസ്സമാകുന്നു. കൂടാതെ, വൃക്കകളുടെ ടിഷ്യൂ ക്ഷതപ്പെടുന്നതുമൂലം രക്തസമ്മർദം ക്രമാതീതമായി ഉയരുവാനും ഇടവരുത്തുന്നു. വൃക്കകളുടെ മാലിന്യ നിർമാർജനപ്രക്രിയ മന്ദീഭവിക്കുന്നതിനാൽ കൊഴുപ്പും കൊളസ്ട്രോളും ചേർന്ന മിശ്രിതം രക്തധമനികളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ ബാധിക്കുന്നു. രക്തധമനികളിൽ ചിലയിടങ്ങൾ വീതി കൂടിയും മറ്റു ചിലയിടങ്ങൾ വളരെ നേർത്തതുമായി മുത്തുമാല രൂപത്തിൽ രൂപാന്തരപ്പെടുന്നത് ജന്മനായുള്ള ഒരു വൈകല്യമാണ്. ഈ രോഗം അറിയപ്പെടുന്നത് ഫൈബ്രോ മസ്കുലർ ഡിസ്പ്ലേസിയ എന്നാണ്. നിങ്ങളുടെ സഹോദരന് ഈ വൈകല്യം ഉണ്ടോ എന്നും പരിശോധിക്കണം. രോഗനിർണയത്തിന് ഡോർ അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ, ആൻജിയോഗ്രഫി എന്നീ ടെസ്റ്റുകൾ വേണ്ടി വരും. രോഗനിവാരണത്തിന് നൽകുന്ന മരുന്നുകൾ എസിഇ ഇൻഹിബിറ്റേഴ്സ്, കാല്‍സ്യം ചാനൽ ബ്ലോക്കേഴ്സ് എന്നിവയാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ റീനൽ ആർട്ടറി സ്റ്റെഡിംഗോ ബൈപ്പാസ് സർജറിയോ വേണ്ടിവരും.
പ്രമേഹം കിഡ്നിയെ എങ്ങനെയെല്ലാം ബാധിക്കാം? - വിഡിയോ കാണാം
Content Summary : What is the main symptom of renal artery stenosis? - Dr. Saroja Nair Explains