ADVERTISEMENT

സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ്‌ പോളി സിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്‌. അണ്ഡാശയത്തിന്റെ പുറത്തെ ആവരണത്തില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ സിസ്റ്റുകള്‍ പിസിഒഎസിന്റെ ഭാഗമായി രൂപപ്പെടുന്നു. സ്‌ത്രീകളിലെ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ്‌ പിസിഒഎസ്‌. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞതും കൊഴുപ്പ്‌ അധികമുള്ളതുമായ കീറ്റോജെനിക്‌ ഡയറ്റ്‌ പിന്തുടരുന്നത്‌ പിസിഒഎസ്‌ ഉള്ള സ്‌ത്രീകളുടെ പ്രത്യുൽപാദനശേഷി വര്‍ധിപ്പിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. 

 

പലപ്പോഴും പിസിഒഎസ്‌ രോഗികളില്‍ പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്‌റ്റെറോണ്‍ തോത്‌ അധികമായിരിക്കും. ഈ ടെസ്‌റ്റോസ്‌റ്റെറോണ്‍ തോത്‌ കുറയ്‌ക്കാന്‍ കീറ്റോ ഡയറ്റ്‌ സഹായിക്കുമെന്ന്‌ മലേഷ്യയിലെ ആരോഗ്യ മന്ത്രാലയം നടത്തിയ പഠനം പറയുന്നു. ജേണല്‍ ഓഫ്‌ ദ എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌. 

 

കീറ്റോ ഡയറ്റ്‌ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും തോത്‌ കുറയ്‌ക്കുമെന്ന്‌ മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത്‌ ഭാരം കുറയ്‌ക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിന്റെയെല്ലാം ഫലമായി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ നിയന്ത്രിക്കപ്പെടുന്നത്‌ ആര്‍ത്തവമുറ ക്രമത്തിലാകാന്‍ സഹായിക്കും. പിസിഒഎസിന്റെ മറ്റ്‌ ലക്ഷണങ്ങളായ അമിതമായ രോമവളര്‍ച്ചയും മുഖക്കുരുവും ലഘൂകരിക്കാനും കീറ്റോ ഡയറ്റ്‌ സഹായകമാണ്‌. 

 

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയുമുള്ള കീറ്റോ ഡയറ്റിന്‌ പുറമേ നിത്യവുമുള്ള വ്യായാമവും പിസിഒഎസിനെ നേരിടാന്‍ ഫലപ്രദമാണ്‌. നിത്യവുമുള്ള വ്യായാമം ഭാരം കുറയ്‌ക്കാനും ഇന്‍സുലിന്‍ തോത്‌ നിയന്ത്രിക്കാനും സഹായകമാണ്‌. ക്രമം തെറ്റിയുള്ള ആര്‍ത്തവം ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട്‌ പരിശോധനകള്‍ നടത്തേണ്ടതും പിസിഒഎസ്‌ സാധ്യത നിര്‍ണയിക്കേണ്ടതും അത്യാവശ്യമാണ്‌. 

Content Summary: Keto Diet May Improve Fertility in Women with PCOS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com