പാർക്കിൻസൺസ് നേരത്തെ അറിഞ്ഞാൽ നേരിടാൻ എളുപ്പം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
Mail This Article
എഴുപതുകാരനായ റിട്ട. ഉദ്യോഗസ്ഥൻ കുറച്ചുനാളായി ബുദ്ധിമുട്ടിലാണ്. വലത്തെ കയ്യിൽ ഒരു വിറയലായി ആരംഭിച്ച പ്രശ്‌നം രണ്ടു വർഷംകൊണ്ട് വർധിച്ച് കൈകാലുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. നടക്കുമ്പോൾ വീഴാൻപോകുന്നു. ഉറക്കക്കുറവുമുണ്ട്. മുൻപൊക്കെ ഊർജസ്വലനായി ജോലികൾ ചെയ്തിരുന്ന ആൾക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ താൽപര്യമില്ല.
ഭക്ഷണം കഴിക്കാനുള്ള താൽപര്യവും കുറഞ്ഞു. വിശദമായ പരിശോധനയിലാണ് പ്രശ്‌നം പാർക്കിൻസൺസ് ഡിസീസ് ആണെന്നു കണ്ടെത്തിയത്.
ജനിതകമായും വരാം
തലച്ചോറിലെ ബേസൽ ഗാംഗ്ലിയ അഥവാ ചലനങ്ങളെ നിയന്ത്രിക്കുന്ന മേഖലയിൽ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നതാണ് ഈ രോഗാവസ്ഥയ്ക്കു കാരണം. കുടുംബത്തിൽ ആർക്കെങ്കിലും പാർക്കിൻസൺസ് രോഗം ഉണ്ടെങ്കിൽ ജനിതകമായി വരാം.
ചികിത്സ എങ്ങനെ?
∙ തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ വളരെ ഫലപ്രദമാണ്. ആദ്യംതന്നെ ചികിത്സ ആരംഭിച്ചാൽ മികച്ച രീതിയിൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ കഴിയും.
∙ ഡോക്ടറുടെ നിർദേശപ്രകാരം ദിവസവും നിശ്ചിതസമയങ്ങളിൽതന്നെ മരുന്നു കഴിക്കാൻ ശ്രദ്ധിക്കണം. പൊടുന്നനെ മരുന്നുകൾ നിർത്താൻ പാടില്ല.
∙ അനുബന്ധമായി വിഷാദരോഗം ഉള്ളവർക്ക് വിഷാദത്തിനുള്ള ഔഷധങ്ങൾ ഫലപ്രദമാണ്.
∙ പേശികളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായകമായ വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം.
∙ മാനസികനില മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങളും ശ്വസനവ്യായാമങ്ങളും ഗുണം ചെയ്യും. പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവ പൂർണമായും ഒഴിവാക്കണം.
∙ മരുന്നുകൾകൊണ്ട് പരിഹരിക്കാൻ കഴിയാത്തവിധം തീവ്രമായ രോഗമുള്ളവർക്ക് ‘ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ’ എന്ന ലഘുശസ്ത്രക്രിയ വഴി നല്ല മാറ്റം ഉണ്ടാക്കാൻ കഴിയും. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി പോലെയുള്ള സ്ഥാപനങ്ങളിൽ ഈ സേവനം ലഭ്യമാണ്.
കൂടുതൽ സാധ്യത പുരുഷന്മാർക്ക്
ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷം പേർക്കെങ്കിലും പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയിൽ 0.1 ശതമാനം പേർക്ക് ഈ രോഗമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സാധാരണയായി 60 വയസ്സിനു ശേഷം പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അരുൺ ബി. നായർ
പ്രഫസർ, സൈക്യാട്രി വിഭാഗം
മെഡിക്കൽ കോളജ്, തിരുവനന്തപുരം
arunb.nair@yahoo.com
Content Summary: Symptoms and treatment of Parkinson's Disease