പ്രമേഹവും കാലുകടച്ചിലും കാഴ്ചയുടെ പ്രശ്നവും പരസ്പരം ബന്ധപ്പെട്ടതാണോ?
Mail This Article
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 65 വയസ്സായി. കഴിഞ്ഞ 25 വർഷമായി എനിക്കു പ്രമേഹം ഉണ്ട്. ഗുളികകൾ മുടങ്ങാതെ കഴിക്കുന്നു. ഈ അടുത്ത കാലത്തായി രണ്ടു കാലും വല്ലാതെ കഴയ്ക്കുന്നതു കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഇതിനു പ്രമേഹവുമായി ബന്ധമുണ്ടോ? ഈയിടെ കണ്ണു പരിശോധിച്ചപ്പോൾ പവർ കുറഞ്ഞതിനാൽ ഗ്ലാസ് മാറ്റിവയ്ക്കേണ്ടി വന്നു. പ്രമേഹവും കാലുകടച്ചിലും കാഴ്ചയുെട പ്രശ്നവും പരസ്പരം ബന്ധപ്പെട്ടതാണോ?
ഉത്തരം: പ്രമേഹരോഗികൾക്കു കണ്ടു വരാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാലിലെ രക്തയോട്ടം കുറയുന്നത്. പ്രമേഹം കാലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തെയും ബാധിക്കാറുണ്ട്. താങ്കൾക്കു ന്യൂറോപ്പതി എന്ന പ്രശ്നം ഉണ്ടെന്നാണു മനസ്സിലാകുന്നത്. അതുകൊണ്ടാണ് രാത്രി കാലുകടച്ചിലും തരിപ്പും ഉറക്കം ശരിയാകാതിരിക്കുന്നതും. കാഴ്ചയുടെ പ്രശ്നത്തിനു പല കാരണങ്ങളുണ്ട്. ഒന്ന് തിമിരം മൂലമാകാം. മറ്റൊന്ന് പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങൾ അല്ലെങ്കിൽ റെറ്റിനോപ്പതി ആകാം. പ്രമേഹരോഗികളിൽ തിമിരം സാധാരണായായി കണ്ടുവരാറുണ്ട്. നിയന്ത്രണാതീതമായ പ്രമേഹം കണ്ണിന്റെ ഉൾഭാഗം അഥവാ റെറ്റിനയെ ബാധിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കലാണ് ചികിത്സയുടെ ആദ്യഘട്ടം. ഇൻസുലിൻ പോലുള്ള മരുന്നുകളാകാം കൂടുതൽ അഭികാമ്യം. കാലിലെ ന്യൂറോപ്പതി എത്രമാത്രം ഗുരുതരമാണ് എന്നറിയാൻ ആദ്യം തന്നെ ആവശ്യമായ പരിശോധനകൾ നടത്തുക. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ വേണം ചികിത്സ തിരഞ്ഞെടുക്കാൻ. കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാവുന്ന രോഗമാണിത്. പ്രമേഹ രോഗമുള്ളവർ വർഷത്തിലൊരിക്കലെങ്കിലും പരിശോധനകൾ നടത്തി കണ്ണിനു പ്രശ്നമില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.